മറുനാടന്‍ മലായാളിയില്‍ നിന്നും ഒന്നര കോടി വാങ്ങിയതെന്ന ആരോപണം അടക്കം എല്ലാം പുക; പിവി അന്‍വര്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ കഴമ്പില്ല; എഡിജിപി അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്; അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് യോഗേഷ് ഗുപ്തയ്ക്ക്; വിജിലന്‍സ് ഡയറക്ടര്‍ ആ ഫയലില്‍ എന്തു കുറിക്കും? ആകാംഷ തുടരുന്നു
തിരുവനന്തപുരം: പിവി അന്‍വര്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ കഴമ്പില്ല. എഡിജിപി എം.ആര്‍.അജിത്കുമാറിനു ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം അന്തിമമാക്കി. ഇത് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി എന്നാണ് സൂചന. അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് കുറ്റവിമുക്തി. റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത വിശദമായി പരിശോധിക്കും. അതിന് ശേഷം സര്‍ക്കാരിന് കൈമാറും. യോഗേഷ് ഗുപ്തയും എതിര്‍പരാമര്‍ശമൊന്നും കുറിക്കില്ലെന്നാണ് സൂചന.
ഒരു ആരോപണത്തിലും കഴമ്പില്ലെന്നാണു വിജിലന്‍സ് കണ്ടെത്തല്‍. റിപ്പോര്‍ട്ട് അതേപടി സര്‍ക്കാരിനു കൈമാറുമോ, കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുമോ എന്നതാണ് ഇനി നിര്‍ണ്ണായകം. അന്‍വറിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പരാതികള്‍ തെളിയിക്കാനുള്ള യാതൊരു രേഖകളും സമര്‍പ്പിച്ചില്ലെന്നും അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിച്ചത്. ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെയാണു വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട്. അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
കവടിയാറിലെ വീട് നിര്‍മാണത്തിനായി എസ്ബിഐയില്‍നിന്ന് അജിത് 1.5 കോടി രൂപ വായ്പ എടുത്തിട്ടുണ്ടെന്നാണു കണ്ടെത്തല്‍. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്തുവിവര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. കുറവന്‍കോണത്ത് ഫ്‌ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളില്‍ ഇരട്ടിവിലയ്ക്കു മറിച്ചു വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നാണു കണ്ടെത്തല്‍. 2009ലാണ് കോണ്ടൂര്‍ ബില്‍ഡേഴ്‌സുമായി ഫ്‌ലാറ്റ് വാങ്ങാന്‍ 37 ലക്ഷം രൂപയ്ക്കു കരാര്‍ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം വായ്പയെടുത്തു. 2013ല്‍ കമ്പനി ഫ്‌ലാറ്റ് കൈമാറി. പക്ഷേ സ്വന്തം പേരിലേക്ക് ഫ്‌ലാറ്റ് റജിസ്റ്റര്‍ ചെയ്യാന്‍ വൈകി. 4 വര്‍ഷം താമസിച്ച ശേഷം 65 ലക്ഷം രൂപയ്ക്കു ഫ്‌ലാറ്റ് വില്‍ക്കുന്നത് 2016ലാണെന്നും കണ്ടെത്തിയെന്നാണ് വിശദീകരണം.
വില്‍പനയ്ക്കു 10 ദിവസം മുന്‍പ്, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്വന്തം പേരിലേക്കു റജിസ്റ്റര്‍ ചെയ്തു. 8 വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണു വീടിന്റെ വിലയില്‍ ഉണ്ടായത്. സര്‍ക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്നുമാണു വിജിലന്‍സ് കണ്ടെത്തല്‍. കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിനു മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. എന്നാല്‍ സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണു സൂചന. മറുനാടന്‍ മലയാളിയില്‍ നിന്നും കോഴപ്പണം വാങ്ങിയെന്നത് അസംബന്ധ ആരോപണമാണെന്നും വിജിലന്‍സ് കണ്ടെത്തലുണ്ട്. ഇതുള്‍പ്പെടെ എല്ലാ ആരോപണവും തള്ളുകയാണ്. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഡി.ജി.പി നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. തനിക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, ലോണ്‍ വിവരങ്ങള്‍, കവടിയാറിലെ വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവ വിജിലന്‍സിന് കൈമാറിയിരുന്നു.
മലപ്പുറം പൊലീസ് മേധാവിക്ക് പി വി അന്‍വര്‍ നല്‍കിയ പരാതിയുടെയും എം ആര്‍ അജിത്കുമാര്‍ നല്‍കിയ കത്തിന്റെയും അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രത്യേകാന്വേഷക സംഘത്തിന് രൂപം നല്‍കിയിരുന്നു. മൊഴിയെടുപ്പില്‍ പി വി അന്‍വര്‍ അജിത്കുമാറിനും സുജിത്ദാസിനുമെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്ന് പൊലീസ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയതിന് പിന്നാലെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.