അതിവേഗം കുറയുന്ന ജനന നിരക്ക്; വൃദ്ധരുടെ എണ്ണം വര്‍ദ്ധിക്കുന്നു; കുത്തനെ കുറയുന്ന ജനസംഖ്യയാണ് ലോകത്തിന്റെ പ്രധാന പ്രശ്നമെന്ന് എലന്‍ മസ്‌ക്

Update: 2025-01-08 03:12 GMT

വാഷിങ്ടണ്‍: ജനസംഖ്യ വര്‍ദ്ധനവിന്റെ അനന്തരഫലങ്ങളും, ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളുമൊക്ക് പ്രചാരത്തിലിരിക്കുന്ന സമയത്താണ് തീര്‍ത്തും വ്യത്യസ്തമായി എക്കാലവും ചിന്തിച്ചിട്ടുള്ള ശതകോടീശ്വരന്‍ എലന്‍ മസ്‌ക് ഇതിന് വിരുദ്ധമായ ഒരു അഭിപ്രായവുമായി എത്തുന്നത്. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കുത്തനെ കുറയുന്ന ജനസംഖ്യയാണെന്ന് അദ്ദേഹം തന്റെ എക്സ് അക്കൗണ്ടില്‍ കുറിക്കുന്നു. 2018 നും 2100 നും ഇടയില്‍ ലോക ജനസംഖ്യയില്‍ ഉണ്ടാകാന്‍ ഇടയുള്ള മാറ്റത്തിനെ സൂചിപ്പിക്കുന്ന ഒരു ഗ്രാഫിന്റെ സഹായത്തോടെയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും അധികം ജനസംഖ്യയുള്ള ഇന്ത്യയിലും ചൈനയിലും കൂടി ഇക്കാലയളവില്‍ 773 മില്യന്‍ ആളുകളുടെ കുറവുണ്ടാകും എന്നാണ് അദ്ദേഹം പറയുന്നത്.

ഈ രണ്ട് രാജ്യങ്ങള്‍ക്ക് പുറമെ, അമേരിക്ക, നൈജീരിയ, ഇന്തോനേഷ്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ കാര്യവും ഇതില്‍ പ്രവചിക്കുന്നുണ്ട്. ജനസംഖ്യ കുറയുന്നതാണ് മനുഷ്യരാശി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്ന കുറിപ്പോടെയാണ് ഈ ഗ്രാഫ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരിക്കല്‍ പോസ്റ്റ് ചെയ്തതില്‍ തൃപ്തി വരാതെ, 'യെസ്' എന്ന് മാത്രം കുറിച്ചുകൊണ്ട്, 12 മക്കളുടെ പിതാവായ മസ്‌ക് ഇത് ഒരിക്കല്‍ കൂടി റീപോസ്റ്റും ചെയ്തിട്ടുണ്ട്. ഭാവിയില്‍ ജനസംഖ്യ ക്രമാതീതമായി താഴുന്നതിലേക്ക് ഒരുങ്ങുകയാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അക്കാര്യത്തില്‍ എല്ലാവര്‍ക്കും ഏകാഭിപ്രായമാണെങ്കിലും, എത്രകാലം ഈ പ്രവണത തുടരും, ഏതൊക്കെ രാജ്യങ്ങളെയാണ് ഇത് കൂടുതലായി ബാധിക്കുക എന്നതിലൊക്കെയാണ് വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ളത്.

കുറയുന്ന പ്രത്യുദ്പാന നിരക്ക്, കുടിയേറ്റം, വൃദ്ധരുടെ എണ്ണം വര്‍ദ്ധിക്കുന്നത് എന്നതൊക്കെ ജനസംഖ്യ കുറയുന്നതിന് ഇടയാക്കുന്ന കാരണങ്ങളാണ്. സ്ഥിരതയുള്ള ജനസംഖ്യ നിരക്ക് പരിപാലിക്കുവാന്‍ ഒരു സ്ത്രീക്ക് ശരാശരി 2.1 കുട്ടികള്‍ വേണമെന്നതാണ് കണക്ക്. എന്നാല്‍, മിക്ക രാജ്യങ്ങളിലും ഈ നിരക്ക് വേണ്ടതിനേക്കാള്‍ എറെ കുറവാണ്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച്, ഇംഗ്ലണ്ടിലും വെയ്ല്‍സിലും 2023 ല്‍ ഒരു സ്ത്രീക്ക് 1.44 കുട്ടികള്‍ എന്നതാണ് കണക്ക്. 1963 ന് ശേഷം ലോകത്തിലെ പ്രത്യുദ്പാദന നിരക്ക് പകുതിയായി കുറഞ്ഞു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

2020 ല്‍ ആണ് ഈ ഗ്രാഫ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇതില്‍, 2018 ലെ കണക്കുകളെ അടിസ്ഥാനമാക്കി ഇന്ത്യയുടെയും ചൈനയുടെയും ജനസംഖ്യ 1.5 ബില്യന് അടുത്ത് എന്നാണ് കാണിച്ചിരിക്കുന്നത്. 2100 ആകുമ്പോഴേക്കും ഇന്ത്യയുടെ ജനസംഖ്യ 1.1 ബില്യന്‍ ആയി കുറയും എന്നാണ് അതില്‍ പറയുന്നത്. അതേസമയം ചൈനയിലെജനസംഖ്യ കുറവ് ഇതിലും വേഗത്തിലായിരിക്കും. 2100 ആകുമ്പോഴേക്കും ചൈനയിലെ ജനസംഖ്യ വെറും 731.9 മില്യന്‍ മാത്രമായി തീരും എന്ന് അതില്‍ പറയുന്നു. 2020 ല്‍ യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണ്‍ നടത്തിയ ഒരു ഗവേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് പ്രതീക്ഷിച്ചതിലും വേഗത്തില്‍ ലോക ജനസംഖ്യയില്‍, പ്രത്യേകിച്ചും ഇന്ത്യയിലെയും ചൈനയിലെയും ജനസംഖ്യയില്‍ ഇടിവുണ്ടാകും എന്നാണ്.

യു എന്‍ പോപ്പുലേഷന്‍ ഡിവിഷന്‍ പ്രവചിച്ചതിലും നേരത്തെ, ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ജനസംഖ്യ അതിന്റെ മൂര്‍ദ്ധന്യതയിലെത്തും.പിന്നീടങ്ങഓട്ട്കുത്തനെ വീഴാന്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനസംഖ്യ കുറയുമ്പോഴും അമേരിക്ക, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് കുടിയേറ്റം വഴി ജനസംഖ്യ ഏതാണ്ട് സ്ഥിരതയോടെ നിലനിര്‍ത്താന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Similar News