'മണിപ്പൂര്‍ സാഹസികതയുടെ ഭൂമി; കുന്നുകള്‍ കഠിനാധ്വാനത്തിന്റെ പ്രതീകം; ഇത് ധീരന്‍മാരുടെ നാട്'; മണിപ്പുരിലെ ജനങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്ന് നരേന്ദ്ര മോദി; ചുരാചന്ദ്പൂരിലെത്തിയ കുട്ടികളുമായി സംവദിച്ചും വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചും പ്രധാനമന്ത്രി

മണിപ്പൂരിലെ ജനങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്ര

Update: 2025-09-13 08:42 GMT

ഇംഫാല്‍: മണിപ്പൂര്‍ സാഹസികതയുടെ ഭൂമിയെന്നും ജനങ്ങളെ സല്യൂട്ട് ചെയ്യുന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വംശീയകലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി മണിപ്പൂരിലെത്തിയ മോദി ചുരാന്ദ്പുരില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. ധൈര്യത്തിന്റെയും നിശ്ചയധാര്‍ഢ്യത്തിന്റേയും നാടാണ് മണിപ്പൂരെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'പ്രകൃതിയുടെ അമൂല്യവത്തായ സമ്മാനമാണ് ഈ മലകള്‍. അതേസമയം, അത് നിങ്ങളുടെ നിരന്തര കഠിനാധ്വാനത്തെ പ്രതിഫലിപ്പിക്കുന്നു. മണിപ്പുരിലെ ജനങ്ങളുടെ ആവശേത്തിന് മുമ്പില്‍ ഞാന്‍ സല്യൂട്ട് ചെയ്യുന്നു', മോദി പറഞ്ഞു.

മണിപ്പൂരിന്റെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇംഫാലിനെ ദേശീയ റെയില്‍വേ പാതയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കും. മണിപ്പൂരിലെ ഈ മണ്ണ് അക്രമത്തിന്റെ പിടിയിലായത് പലരെയും ബാധിച്ചു. ക്യാംപിലുള്ളവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സമാധാനം പുനസ്ഥാപിക്കുമെന്ന ഉത്തമ പ്രതീക്ഷയുണ്ട്. സമാധാനത്തിന്റെ പാതയിലേക്ക് വരാന്‍ അഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രി താന്‍ ഒപ്പമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. 7000 പുതിയ വീടുകള്‍ പലായനം ചെയ്തവര്‍ക്ക് നിര്‍മ്മിക്കും. 500 കോടി ഇവര്‍ക്കായി പ്രത്യേക പാക്കേജ് നടപ്പാക്കും. എല്ലാ സമുദയങ്ങളുമായും സമാധാനത്തിനായി ചര്‍ച്ചകള്‍ തുടങ്ങിയതില്‍ സന്തോഷമുണ്ട്. യുവാക്കളുടെ ആശങ്ക പരിഹരിക്കാനും വികസനത്തിനും നടപടി ഉണ്ടാകുമെന്നും മോദി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂരിലെ ജനങ്ങളുടെ കൂടെയുണ്ടെന്നും പലായനം ചെയ്യപ്പെട്ടവര്‍ക്ക് സഹായം ഉറപ്പാക്കുമെന്നും മോദി ഉറപ്പ് നല്‍കി.

വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി മണിപ്പൂരിലെത്തുന്നത്. സന്ദര്‍ശനത്തില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കുന്നുണ്ട്. ഇംഫാല്‍ വിമാനത്താവളത്തില്‍ എത്തിയ മോദിയെ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയും ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഗോയലും ചേര്‍ന്ന് സ്വീകരിച്ചു. റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രി ചുരാചന്ദ്പൂരില്‍ എത്തിയത്. മഴ കാരണം ഹെലികോപ്റ്റര്‍ യാത്ര ഒഴിവാക്കിയിരുന്നു. ത്രിവര്‍ണ്ണ പതാക കൈയ്യിലേന്തി ആയിരങ്ങളാണ് റോഡ് മാര്‍ഗ്ഗം പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്. ചുരാചന്ദ്പൂരില്‍ എത്തിയ മോദി കുട്ടികളുമായി സംസാരിച്ചു. കലാപത്തിന് ശേഷം ആദ്യമായിട്ടാണ് മോദി മണിപ്പൂരിലെത്തുന്നത്. 120 സ്‌കൂളുകളുടെയും കോളെജുകളുടെയും സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സിന്റെയും നിര്‍മ്മാണ ഉദ്ഘാടനവും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. 7000 കോടിയുടെ പദ്ധതി വലിയ വികസനമുണ്ടാക്കും.

ഐസ്വാള്‍ സന്ദര്‍ശനത്തോടെയാണ് പ്രധാനമന്ത്രി ത്രിദിന സന്ദര്‍ശനത്തിന് തുടക്കമിട്ടത്. മിസോറാമിനെ ഇന്ത്യന്‍ റെയില്‍ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ബൈറാബി-സൈരംഗ് പദ്ധതിയിലെ 34 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹോര്‍ട്ടോക്കി- സൈരംഗ് റെയില്‍പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി രാവിലെയോടെ ഐസ്വാളില്‍ നിര്‍വഹിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഇംഫാലിലും ചുരാചന്ദ്പുരിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സേനകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഇംഫാലിലെ 237 ഏക്കറോളം നീണ്ടു കിടക്കുന്ന കങ്ഗ്ല കോട്ടയുടെ പരിസരത്താണ് പ്രധാനമന്ത്രിയുടെ പരിപാടിയ്ക്കായി വേദി ഒരുക്കിയിരിക്കുന്നത്. ചുറ്റുഭാഗത്ത് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, ചുരാചന്ദ്പുരില്‍ സംഘര്‍ഷമുണ്ടായത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങളും അലങ്കാരങ്ങളും ഒരുസംഘം നശിപ്പിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് വഴുതിയത്. വ്യാഴാഴ്ചരാത്രിയാണ് സംഭവം. പോലീസും സുരക്ഷാസേനയുമെത്തിയാണ് അക്രമികളെ തുരത്തിയത്. കുക്കി സോ കൗണ്‍സില്‍ കഴിഞ്ഞ ദിവസം മോദിയുടെ സന്ദര്‍ശനത്തെ സ്വാഗതംചെയ്തിരുന്നു. എന്നാല്‍, കലാപത്തില്‍ കൊല്ലപ്പെട്ട കുക്കി വിഭാഗക്കാരുടെ സ്മരണയ്ക്കായി തയ്യാറാക്കിയ 'ഓര്‍മ്മമതില്‍' മറച്ച് അലങ്കാരങ്ങള്‍ നടത്തിയതാണ് പ്രശ്‌നത്തിന് കാരണം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ കുക്കി ഗോത്രവിഭാഗങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, മെയ്ത്തികളില്‍ വലിയൊരു വിഭാഗവും പ്രധാനമന്ത്രിയുടെ വരവില്‍ തൃപ്തരല്ല.

മണിപ്പൂരിലെ വംശീയ കലാപത്തില്‍ 260ലധികം പേരാണ് കൊല്ലപ്പെട്ടത്. 60000ത്തിലധികം പേര്‍ കുടിയിറക്കപ്പെടുകയും ചെയ്തിരുന്നു. കലാപത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കുടിയിറക്കപ്പെട്ടവരുമായി പ്രധാനമന്ത്രി സംവദിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കലാപം കഴിഞ്ഞ് 864 ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രി മണിപ്പുരിലെത്തുന്നത്. ഇതിനെതിരേ വന്‍തോതില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

Tags:    

Similar News