'അന്ന് ബിജെപിക്കാരന്റെ നടു ഒടിച്ച കേസ് പത്ത് ലക്ഷം കൊടുത്ത് ഒതുക്കി; പണം നല്‍കിയത് പ്രമുഖ മദ്യ വ്യവസായി? ഇന്ന് കെ.എസ്.യു. നേതാക്കളെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയതിന് ഷോകോസ് നോട്ടീസ്; ഷാജഹാനെ നിന്റെ കാക്കിയും ഞങ്ങള്‍ ഊരിക്കും'; സാമൂഹ്യ മാധ്യമങ്ങളില്‍ വടക്കാഞ്ചേരി സിഐ ഷാജഹാന് രൂക്ഷവിമര്‍ശനം

സാമൂഹ്യ മാധ്യമങ്ങളില്‍ വടക്കാഞ്ചേരി സിഐ ഷാജഹാന് രൂക്ഷവിമര്‍ശനം

Update: 2025-09-13 07:37 GMT

തൃശൂര്‍: വടക്കാഞ്ചേരിയിലെ സംഘര്‍ഷക്കേസില്‍ അറസ്റ്റിലായ കെ.എസ്.യു. നേതാക്കളെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയതിന് ഷോകോസ് നോട്ടീസ് ലഭിച്ച വടക്കാഞ്ചേരി സിഐ ഷാജഹാനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. കുന്നംകുളം പോലീസ് സ്റ്റേഷനില്‍ എസ്‌ഐ ആയിരിക്കുന്ന കാലത്ത് 2017 നവംബറില്‍ കസ്റ്റഡിയിലെടുത്ത ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് അവശനാക്കിയതിന്റെ ചിത്രം പങ്കുവച്ചാണ് വിമര്‍ശനം. ഈ കേസില്‍ നിന്ന് ഊരി പോരുന്നതിനു വേണ്ടി 10 ലക്ഷം രൂപയാണ് ബിജെപി പ്രവര്‍ത്തകന് അന്ന് എസ്‌ഐ ആയിരുന്ന ഷാജഹാനും കൂടെ പ്രതികളായിരുന്ന പോലീസുകാരും നല്‍കിയതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിക്കുന്നു.

ഒരു സാധാ സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്തിരുന്ന ഷാജഹാനും സിപിഒ ആയി ജോലി ചെയ്തിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കും വേണ്ടി 10 ലക്ഷം രൂപ പ്രമുഖ മദ്യ വ്യവസായി ആണ് കൊടുത്തത് എന്നും പറയപ്പെടുന്നു. എന്തു താല്പര്യത്തിന്റെ പേരില്‍ ആണ് പോലീസിന് വേണ്ടി വ്യവസായി പണം മുടക്കുന്നത്? ഒരു സാധാ എസ്‌ഐ ക്കും പോലീസുകാര്‍ക്കും വേണ്ടി വ്യവസായികള്‍ പണം മുടക്കുമോ?

അതിനു ഇടനില നിന്ന എസി മൊയ്ദീന്‍ അടക്കമുള്ള സിപിഎം നേതൃത്വത്തിന് വേണ്ടിയാണോ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ ഇത്തരത്തില്‍ നിയമത്തെ ദുരുപയോഗിക്കുന്നത്? അങ്ങനെ കേസ് ഒതുക്കുന്നതിന് വേണ്ടി സ്വകാര്യ വ്യക്തിക്ക് കീഴ്‌പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ നാളെകളില്‍ അത്തരത്തിലുള്ളവരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി നിയമപരിപാലനത്തെ അട്ടിമറിക്കില്ലേ? പണം കൊടുത്ത് ഒഴിവാക്കിയില്ലായിരുന്നെങ്കില്‍ ഈ കേസിലെ പ്രതിയായ ഷാജഹാനെയും കൂട്ടരെയും ഇതുപോലെ വിലങ്ങുവെച്ചു മുഖംമൂടി ധരിപ്പിച്ചു കേരള പോലീസ് കോടതിയില്‍ ഹാജരാക്കുമായിരുന്നോ എന്നും ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. ഷാജഹാനെ നിന്റെ കാക്കിയും ഞങ്ങള്‍ ഊരിക്കുമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വടക്കാഞ്ചേരി സിഐ ഷാജഹാന്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ എസ്‌ഐ ആയിരിക്കുന്ന കാലത്ത് 2017 നവംബറില്‍ കസ്റ്റഡിയിലെടുത്ത മുരളി സംഘമിത്ര എന്ന ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് അവശനാക്കിയതിന്റെ ചിത്രമാണ് താഴെ കൊടുത്തിട്ടുള്ളത്. അദ്ദേഹത്തിന്റെ പരാതിയെ തുടര്‍ന്ന് 2018 ഏപ്രില്‍ മാസം 21ന് 416/2018 എന്ന നമ്പറില്‍ എടുത്തിട്ടുള്ള എഫ്‌ഐആര്‍ ആണ് കൂടെ ഉള്ളത്. ഈ കേസില്‍ നിന്ന് ഊരി പോരുന്നതിനു വേണ്ടി 10 ലക്ഷം രൂപയാണ് ബിജെപി പ്രവര്‍ത്തകന് അന്ന് എസ്‌ഐ ആയിരുന്ന ഷാജഹാനും കൂടെ പ്രതികളായിരുന്ന പോലീസുകാരും നല്‍കിയത്. അതിന്റെ ഭാഗമായിട്ടാണ് കേസ് പിന്‍വലിച്ചത് എന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ഒരു സാധാ സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്തിരുന്ന ഷാജഹാനും സിപിഒ ആയി ജോലി ചെയ്തിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കും വേണ്ടി 10 ലക്ഷം രൂപ പ്രമുഖ മദ്യ വ്യവസായി ആണ് കൊടുത്തത് എന്നും പറയപ്പെടുന്നു. എന്തു താല്പര്യത്തിന്റെ പേരില്‍ ആണ് പോലീസിന് വേണ്ടി വ്യവസായി പണം മുടക്കുന്നത്? ഒരു സാധാ എസ്‌ഐ ക്കും പോലീസുകാര്‍ക്കും വേണ്ടി വ്യവസായികള്‍ പണം മുടക്കുമോ?

അതിനു ഇടനില നിന്ന എസി മൊയ്ദീന്‍ അടക്കമുള്ള സിപിഎം നേതൃത്വത്തിന് വേണ്ടിയാണോ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ ഇത്തരത്തില്‍ നിയമത്തെ ദുരുപയോഗിക്കുന്നത്?

അങ്ങനെ കേസ് ഒതുക്കുന്നതിന് വേണ്ടി സ്വകാര്യ വ്യക്തിക്ക് കീഴ്‌പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ നാളെകളില്‍ അത്തരത്തിലുള്ളവരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി നിയമപരിപാലനത്തെ അട്ടിമറിക്കില്ലേ? പണം കൊടുത്ത് ഒഴിവാക്കിയില്ലായിരുന്നെങ്കില്‍ ഈ കേസിലെ പ്രതിയായ ഷാജഹാനെയും കൂട്ടരെയും ഇതുപോലെ വിലങ്ങുവെച്ചു മുഖംമൂടി ധരിപ്പിച്ചു കേരള പോലീസ് കോടതിയില്‍ ഹാജരാക്കുമായിരുന്നോ?

ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥി നേതാക്കന്മാരായ പ്രതികളെ വിലങ്ങയിപ്പിച്ചും തീവ്രവാദ കേസുകളിലെ പ്രതികളെ കൊണ്ടുവരുന്നത് പോലെ അല്ലെങ്കില്‍ മര്‍ഡര്‍ കേസിലോ, ഐഡന്റിഫിക്കേഷന്‍ ആവശ്യമുള്ള കേസുകളിലെ പ്രതികളെ കൊണ്ടുവരുന്നത് പോലെ ഇത്തരത്തില്‍ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയത്.

ബഹുമാനപ്പെട്ട കോടതി തന്നെ ഈ വിഷയത്തില്‍ സിഐയോട് വിശദീകരണം ചോദിച്ചോതോടുകൂടി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ നടപടികള്‍ അന്യായമാണ് എന്ന് നിയമസംവിധാനത്തിനും ബോധ്യപ്പെട്ടിരിക്കുകയാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഷാജഹാന് ബോധ്യപ്പെടാത്തത്?

കുന്നംകുളം പോലീസ് സ്റ്റേഷനില്‍ എസ്‌ഐ ആയിരിക്കുന്ന സമയത്ത് ബിജെപിക്കാരന്റെ നടു ഒടിച്ച കേസ് തീര്‍പ്പാക്കാന്‍ 10 ലക്ഷം കൊടുത്ത മദ്യ വ്യവസായിയുടെ മാനേജരുടെ താല്പര്യ പ്രകാരം പോലീസ് കോമ്പൗണ്ടി്‌ന് അകത്ത് പൂരം കയറ്റിയും പൂരത്തിന് എഴുന്നള്ളിച്ച ആനയുടെ കൊമ്പില്‍ പിടിച്ചു സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിന്നു ഫോട്ടോയെടുത്തും പൂരം നടത്തിപ്പുകാരായ ചെറുപ്പക്കാര്‍ ധരിച്ച സമാനമായ ഡ്രസ്സ് കോഡ് ധരിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ പൂരത്തില്‍ പങ്കെടുത്തതും ആയ സാഹചര്യത്തില്‍ ഒന്നും ഇത്തരം കര്‍ശനമായ നിയമപരിപാലനം ഞങ്ങള്‍ ആരും കണ്ടില്ല. അന്നൊന്നും ഈ യേമാന് പോലീസ് മാനുവലിലെ പെരുമാറ്റച്ചട്ടം ബാധകമായിരുന്നില്ലേ?

സുജിത്തിനെ മര്‍ദ്ദിച്ച പോലീസുകാരുടെ മാനസികാവസ്ഥയില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല അന്നത്തെ സ്റ്റേഷന്‍ എസ് എച്ച് ആയിരുന്ന ഷാജഹാനും സംഘവും. ഇയാള്‍ കാക്കി ധരിക്കാന്‍ യോഗ്യനല്ല എന്ന് തന്നെയാണ് പൂര്‍വ്വകാല ചരിത്രം. ഷാജഹാനെ നിന്റെ കാക്കിയും ഞങ്ങള്‍ ഊരിക്കും.

കോടതിയുടെ വിമര്‍ശനം

തൃശ്ശൂരിലെ മുള്ളൂര്‍ക്കരയില്‍ കെ എസ് യു- എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ കെഎസ്യു പ്രവര്‍ത്തകരുടെ മുഖത്ത് കറുത്ത തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയതിനാണ് വടക്കാഞ്ചേരി സിഐ ഷാജഹാന് ഷോകോസ് നോട്ടീസ് നല്‍കിയത്. വടക്കാഞ്ചരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷാജഹാന് നോട്ടീസ് അയച്ചത്. വിദ്യാര്‍ത്ഥികളെ മുഖംമൂടി ധരിപ്പിച്ച് ഹാജരാക്കിയതിന് പിന്നാലെയാണ് നടപടി. രാഷ്ട്രീയ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഉള്ളവരെ ഇത്തരം കറുത്ത മാസ്‌കും കൈ വിലങ്ങും ഇട്ട് കൊണ്ട് വന്നത് എന്തിന് എന്നും കോടതി ചോദിച്ചിരുന്നു.

ആഴ്ച്ചകള്‍ക്ക് മുന്‍പായിരുന്നു മുള്ളൂര്‍ക്കരയില്‍ കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത്. സംഭവത്തെ തുടര്‍ന്ന് ചില കെഎസ്യു നേതാക്കള്‍ ഒളിവില്‍ പോയിരുന്നു. ഈ സമയത്ത് ഗണേശന്‍ എന്ന പ്രവര്‍ത്തകന്റെ വീട്ടില്‍ പൊലീസ് എത്തുകയും കുടുംബത്തോട് അപമര്യാദയായി പെരുമാറിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെഎസ്യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ വടക്കാഞ്ചേരി സിഐ ഷാജഹാനെതിരെ ആയിരുന്നു പ്രവര്‍ത്തകര്‍ പ്രധാനമായും ആരോപണം ഉന്നയിച്ചിരുന്നത്. ഷാജഹാന്‍ പാതിരാത്രി വീട്ടില്‍ കയറി കുടുംബത്തെ ഭീഷണിപ്പെടുത്തി എന്നായിരുന്നു കെഎസ്യുവിന്റെ ആരോപണം.

കെ.എസ്.യു.-എസ്.എഫ്.ഐ. സംഘര്‍ഷത്തെ തുടര്‍ന്ന് തൃശൂര്‍ കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂര്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇന്‍സ്‌പെക്ടര്‍ ഷാജഹാനെതിരെ കെ.എസ്.യു. മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പ്രതികാരമെന്നോണം ഭീകരവാദികളെ കൊണ്ടുപോകുന്നതുപോലെ മുഖംമൂടി ധരിപ്പിച്ചാണ് പൊലീസ് ഇവരെ കോടതിയിലെത്തിച്ചത്. കോടതിയില്‍ നിന്ന് പുറത്തിറക്കിയപ്പോഴും മുഖംമൂടി ഊരിമാറ്റാന്‍ പൊലീസ് തയ്യാറായില്ല. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Tags:    

Similar News