ബില്‍ജിത്തിന്റെ ഹൃദയം അഞ്ചല്‍ സ്വദേശിയായ പതിമൂന്നുകാരിയില്‍ സ്പന്ദിക്കുന്നു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍; നാളെ പുലര്‍ച്ചെ വെന്റിലേറ്ററില്‍ നിന്ന് മാറ്റും
കൊച്ചി: എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍. കുട്ടിയുടെ ആരോഗ്യനില തൃപ്തികരം എന്നാണ് ഡോ. ജേക്കബ് എബ്രഹം പറഞ്ഞു. നാളെ പുലര്‍ച്ചെ വെന്റിലേറ്ററില്‍ നിന്ന് കുട്ടിയെ ഐ സിയുവിലേക്ക് മാറ്റും. ഇന്ന് പുലര്‍ച്ചെ 6.30 നാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്.
മസ്തിഷ്‌കമരണം സംഭവിച്ച അങ്കമാലി സ്വദേശിയായ 18 കാരന്റെ ഹൃദയമാണ് കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിക്ക് മാറ്റിവെച്ചത്. ഇന്ന് പുലര്‍ച്ചെ 1.25 ന് ആരംഭിച്ച ശസ്ത്രക്രിയ 6.30 നായിരുന്നു പൂര്‍ത്തിയായത്. അപകടത്തില്‍ മരിച്ച ബില്‍ജിത്തിന്റെ കരള്‍, ചെറുകുടല്‍ എന്നിവ അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശിക്ക് മാറ്റിവെച്ചു.
എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കുട്ടി. മൂന്ന് വര്‍ഷമായി ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്. ഇന്നാണ് കുട്ടിയ്ക്ക് അനുയോജ്യമായ ഹൃദയം ലഭ്യമാണെന്ന വിവരം ലിസി ആശുപത്രിയില്‍ നിന്ന് കുടുംബത്തിന് ലഭിച്ചത്. ശ്രീചിത്ര ആശുപത്രിയില്‍ ആയിരുന്നു കുട്ടിയുടെ ചികിത്സ. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് ലിസി ആശുപത്രിയില്‍ നിന്ന് ഹൃദയം ലഭ്യമാണെന്ന് വിവരം ലഭിച്ചത്.
കൊല്ലം അഞ്ചല്‍ സ്വദേശിയായ പതിമൂന്നുകാരിക്ക് ഹൃദയം ചുരുങ്ങുന്ന കാര്‍ഡിയാക് മയോപ്പതി എന്ന അസുഖം സ്ഥിരീകരിച്ചത് പത്താം വയസിലാണ്. മത്സ്യവ്യാപാരിയായ അച്ഛന് താങ്ങാനാകുന്നതായിരുന്നില്ല ചികിത്സ.
നാട്ടുകാരുടെ സഹായത്തോടെ ചികിത്സ മുന്നോട്ടുപോകുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ ആ ഫോണ്‍ കോള്‍ എത്തിയത്. കുട്ടിയുടെ ബ്ലഡ് ഗ്രൂപ്പുമായി യോജിക്കുന്ന ഹൃദയം തയ്യാറാണ്. ഉടന്‍ ലിസി ആശുപത്രിയിലെത്തണം. അങ്ങനെ വന്ദേഭാരത് എക്‌സ്പ്രസില്‍ കൊച്ചിക്ക്. തുടര്‍ന്ന് പരിശോധനകള്‍ ആരംഭിച്ചു. റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച, അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ ഹൃദയമാണ് 13കാരിക്കു വേണ്ടി കണ്ടെത്തിയത്.
മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ ഹൃദയം ഏറ്റുവാങ്ങാന്‍ പെണ്‍കുട്ടിയുടെ ശരീരം സജ്ജമാണെന്ന് ഉറപ്പാക്കിയതോടെ ഡോക്ടര്‍മാരുടെ സംഘം അങ്കമാലിയിലേക്ക്. ബില്‍ജിത്തിന്റെ ശരീരത്തിലും അവസാനവട്ട പരിശോധനകള്‍. രാത്രി 12.45ഓടെ ബില്‍ജിത്തിന്റെ ഹൃദയവുമായി കൊച്ചിയിലേക്ക്. 1.25 ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ ആരംഭിച്ചു. 3.30ന് ഹൃദയം കുട്ടിയില്‍ സ്പന്ദിച്ച് തുടങ്ങി. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. ബില്‍ജിത്തിന്റെ ഹൃദയം 13കാരിയില്‍ മിടിച്ചു തുടങ്ങിയപ്പോള്‍ വൃക്കകളും കണ്ണുകളും കരളും ചെറുകുടലും മറ്റ് ആറ് പേര്‍ക്ക് പുതിയ ജീവിതത്തിലേക്ക് വഴി തുറന്നു.