കാളപ്പൂട്ടും കന്നുപൂട്ടും മരമടിയും ഉഴവും തുടര്‍ന്നും നടത്താന്‍ കേന്ദ്ര നിയമ ഭേദഗതി; മൂന്ന് ലക്ഷം താഴെ വരുമാനമുള്ളവരുടെ കിടപ്പാടം ആരും ജപ്തി ചെയ്യില്ലെന്ന് ഉറപ്പിക്കാന്‍ കേരള ഏക കിടപ്പാടം സംരക്ഷണ ബില്‍; ഇന്ന് പിണറായി മന്ത്രിസഭ അംഗീകരിച്ചത് നിര്‍ണ്ണായകമായ ഒന്‍പത് ബില്ലുകള്‍; അധികഭൂമി ക്രമവത്കരണത്തിനും ബില്‍

Update: 2025-09-13 07:36 GMT

തിരുവനന്തപുരം: 2025ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബില്‍ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താല്‍ ( മനപ്പൂര്‍വമായി വീഴ്ച വരുത്താത്ത ) തിരിച്ചടവ് മുടങ്ങിയെന്ന് നിര്‍ദിഷ്ട സമിതികള്‍ കണ്ടെത്തിയ കേസുകളില്‍ അവരുടെ ഏക പാര്‍പ്പിടം നഷ്ടപ്പെടും എന്ന അവസ്ഥ വരുമ്പോള്‍ പാര്‍പ്പിടാവകാശം സംരക്ഷിക്കുന്ന ബില്ലാണിത്.

പ്രതിവര്‍ഷം മൂന്നുലക്ഷം രൂപയില്‍ താഴെ വരുമാനം ഉള്ളവര്‍ക്കും ആകെ വായ്പാതുക 5 ലക്ഷം രൂപയും പിഴയും പിഴപ്പലിശയും അടക്കം 10 ലക്ഷം രൂപയും കവിയാത്ത കേസുകള്‍ക്കുമാണ് കര്‍ശന ഉപാധികളോടെ നിയമപരിരക്ഷ ലഭിക്കുക. ഇതിനൊപ്പം 2025ലെ വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ളതാണ് ബില്ല്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്ര നിയമത്തില്‍ ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നത്. 1961 ലെ കേരള വന നിയമം ഭേദഗതി ചെയ്യുന്നതിനുള്ള 2025ലെ കേരള വന ഭേദഗതി ബില്ലിന്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സ്വകാര്യ ഭൂമിയിലെ ചന്ദന മരങ്ങള്‍ വനം വകുപ്പ് മുഖേന മുറിച്ച് വില്പന നടത്തി അതിന്റെ വില കര്‍ഷകന് ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥയാണ് ബില്ലിലുള്ളത്.

മറ്റ് ചില ബില്ലുകളും മന്ത്രിസഭ അംഗീകരിച്ചു.. അത് ചുവടെ

1, കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ഭേദഗതി അംഗീകരിച്ചു.

2, 2025ലെ കേരള വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി കരട് ബില്‍ അംഗീകരിച്ചു.

3, കേരള മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി കരട് ബില്‍ അംഗീകരിച്ചു.

4, കേരള പഞ്ചായത്ത് രാജ് ആക്ട് ഭേദഗതി കരട് ബില്‍ അംഗീകരിച്ചു.

5, 2025 ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി ക്രമവല്‍ക്കരണ ബില്‍ കരട് അംഗീകരിച്ചു. ക്രമവല്‍ക്കരണം അനുവദിക്കുന്ന ഭൂമിക്ക് നിര്‍ണയിക്കപ്പെട്ട പ്രകാരം പരിധി ഏര്‍പ്പെടുത്തും.

6, കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി , ഉഴവ് മത്സരങ്ങള്‍ തുടര്‍ന്നും നടത്തുന്നതിന് ആവശ്യമായ നിയമനിര്‍മാണം നടത്തുന്നതിനുള്ള കരട് ബില്ലിന് അംഗീകാരം നല്‍കി. 1960 ലെ കേന്ദ്രനിയമത്തില്‍ ദേദഗതി വരുത്താനുള്ളതാണ് കരടു ബില്‍.

അതായത് നിര്‍ണ്ണായകമായ ഒന്‍പത് ബില്ലുകള്‍ക്കാണ് അനുമതി. ഇതെല്ലാം തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഓണ്‍ലൈനായാണ് ഇന്ന് മന്ത്രിസഭാ യോഗം ചേര്‍ന്നത്. 9 ബില്ലുള്ളതിനാല്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേരുകയായിരുന്നു.

Similar News