മറ്റൊരു ജോഡി ദ്വാരപാലക വിഗ്രഹങ്ങള്‍ ഉണ്ടെന്നും ഇത് കൈമാറിയാല്‍ അതിലെ സ്വര്‍ണമെടുത്ത് ചെലവ് ചുരുക്കാം എന്നും ദേവസ്വം ബോര്‍ഡിനെ അറിച്ച സ്പോണ്‍സര്‍; 2024 ഒക്ടോബര്‍ രണ്ടിന് അയച്ച ഇ മെയിലില്‍ തുടങ്ങിയ ഇടപാട്; ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌ട്രോങ് റൂം വിവരം അറിഞ്ഞത് ദുരൂഹം; ശബരിമലയില്‍ നടന്നതെല്ലാം അട്ടിമറി; ഞെട്ടിക്കുന്ന വസ്തുതകള്‍ പുറത്ത്
കൊച്ചി: ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ഇളക്കി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതില്‍ ദുരൂഹതയേറുന്നു. തന്ത്രമാരുടെ നിര്‍ദ്ദേശ പ്രകാരമല്ല ഇതെല്ലാം നടന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ചര്‍ച്ചകളില്‍ എത്തുകയാണ്.സ്മാര്‍ട്ട് ക്രിയേഷന്‍സിനെയും സ്‌പോണ്‍സറായ ബംഗളൂരു ശ്രീരാമപുരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും കേസില്‍ കക്ഷി ചേര്‍ത്തു. പോറ്റി ഇതിനായി ബാങ്കിലൂടെ കൈമാറിയ തുക എത്രയെന്നറിയിക്കണം. നികുതി രേഖകള്‍ സമര്‍പ്പിക്കുകയും വേണം. അങ്ങനെ കടുത്ത നിലപാടുകള്‍ ഹൈക്കോടതി എടുക്കുന്നുണ്ട്. ഇതിന് കാരണം പൊരുത്ത കേടുകള്‍ കണ്ടെത്തിയത് കാരണമാണ്.
2024 ഒക്ടോബര്‍ 2ന് ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വത്തിന് അയച്ച ഇ-മെയിലില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ശില്പങ്ങളുടെ നിറം മങ്ങിയെന്നും ഇലക്ട്രോപ്ലേറ്റിംഗിലൂടെ പരിഹരിക്കാമെന്നും ഇതില്‍ പറഞ്ഞിരുന്നു. പഴയ കാലത്തെ രണ്ട് ദ്വാരപാലക ശില്പങ്ങള്‍ കൂടി കൊടുത്തയയ്ക്കണമെന്നും ഇതിലെ സ്വര്‍ണം ഇളക്കിയെടുത്താല്‍ ചെലവ് കുറയ്ക്കാമെന്നും വ്യക്കമാക്കി. ഇതെന്തിനാണെന്ന സംശയമാണ് ഉയരുന്നത്. ഇതെല്ലാം പരിശോധിച്ചാണ് അറ്റകുറ്റപ്പണിയുടെ കാര്യത്തില്‍ ദേവസ്വത്തിന്റെ വിശദീകരണത്തില്‍ ഹൈകോടതി അതൃപ്തിരേഖപ്പെടുത്തി. മറ്റൊരു ജോഡി ദ്വാരപാലകവിഗ്രഹങ്ങള്‍ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇത് കൈമാറിയാല്‍ ഇതിലെ സ്വര്‍ണമെടുത്ത് ചെലവ് ചുരുക്കാം എന്നും സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റി 2024 ഒക്ടോബര്‍ രണ്ടിന് അയച്ച ഇ മെയിലില്‍ പറയുന്നുണ്ട്. എന്നാല്‍, ഇക്കാര്യം ദേവസ്വത്തിന്റെ സത്യവാങ്മൂലത്തിലുണ്ടായിരുന്നില്ല. സ്ട്രോങ് റൂമിലെ ദ്വാരപാലക വിഗ്രഹങ്ങളെക്കുറിച്ചുള്ള ഫയലുകള്‍ ഹാജരാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതെല്ലാം ഉണ്ണികൃഷ്ണന്‍ പോ്റ്റി എങ്ങനെ അറിഞ്ഞുവെന്നതാണ് ഉയരുന്ന ചോദ്യം.
ദ്വാരപാലക ശില്പങ്ങള്‍, തങ്കപീഠം, ശ്രീകോവിലിന്റെ ഡോര്‍ പാനല്‍, ലിന്റല്‍, ലക്ഷ്മീരൂപം, കമാനം എന്നിങ്ങനെ 101 ചതുരശ്രഅടിക്ക് 303 ഗ്രാം സ്വര്‍ണം വേണ്ടിവരുമെന്നാണ് ദേവസ്വം സ്വര്‍ണപ്പണിക്കാരന്‍ കണക്കാക്കിയത്. ഇത്രയും സ്വര്‍ണത്തിന് ഇന്നത്തെ വില 31 ലക്ഷം രൂപ വരുമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഇലക്ട്രോ പ്ലേറ്റിംഗ് വേണ്ടെന്നും പരമ്പരാഗത രീതിയില്‍ സ്വര്‍ണം പൂശിയാല്‍ മതിയെന്നുമാണ് തിരുവാഭരണം കമ്മിഷണര്‍ ആദ്യം നിലപാടെടുത്തത്. പീന്നിട് ബോര്‍ഡ് അധികാരികളുടെ നിര്‍ദ്ദേശ പ്രകാരം സ്‌പോണ്‍സറുമായി സംസാരിച്ചതോടെ മലക്കം മറിഞ്ഞു. അറ്റകുറ്റപ്പണികള്‍ ചെന്നൈയില്‍ തന്നെ നടത്താമെന്നായി. ഇതിനു പിന്നാലെയാണ് ബോര്‍ഡ് ഉത്തരവിറക്കിയതെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പമാണ് വെറും രണ്ടു പവന്‍ മാത്രമാണ് ദ്വാരപാലക ശില്‍പങ്ങളിലുള്ളതെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ വെളിപ്പെടുത്തല്‍.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹാജരാക്കിയ ഫയലുകള്‍ പരിശോധിച്ചാണ് ഹൈക്കോടതി പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്. ആറന്മുളയിലെ തിരുവാഭരണം കമ്മിഷണറുടെ ഓഫീസിലുള്ള മഹസറും രജിസ്റ്ററുകളും അടിയന്തരമായി പിടിച്ചെടുത്ത് ഇന്നലെത്തന്നെ ഹാജരാക്കാന്‍ ദേവസ്വം വിജിലന്‍സ് ചീഫ് പൊലീസ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ശബരിമല സ്‌പെഷല്‍ കമ്മിഷണറെ മുന്‍കൂട്ടി അറിയിക്കാതെ പാളികള്‍ കൊണ്ടുപോയതില്‍ സ്വമേധയാ എടുത്ത ഹര്‍ജിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് പരിഗണിക്കുന്നത്. ഇലക്ട്രോ പ്ലേറ്റിംഗിനായി ചെന്നൈ ആമ്പട്ടൂരിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊണ്ടുപോയ സ്വര്‍ണപ്പാളികള്‍ ഉടന്‍ തിരികെയെത്തിക്കാന്‍ കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. എന്നാല്‍ സാങ്കേതികവും പ്രായോഗികവുമായ ബുദ്ധിമുട്ടുണ്ടെന്ന് ബോര്‍ഡ് ഇന്നലെ അറിയിച്ചു. ഇളക്കിയ സ്വര്‍ണം ഉരുക്കി സയനൈഡ് ലായനിയില്‍ മുക്കിയിരിക്കുകയാണ്. ഈ രീതിയില്‍ കൊണ്ടുവന്നാല്‍ നഷ്ടമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി.
അതിനിടെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപാളികളുടെ അറ്റകുറ്റപണി നിര്‍ത്തിവച്ചതായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് അറിയിച്ചു. കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് അറ്റകുറ്റപ്പണി നിര്‍ത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.നല്ല സുരക്ഷയൊരുക്കി തന്നെയാണ് സ്വര്‍ണപാളികള്‍ എത്തിച്ചതെന്നും സ്മാര്‍ട്ട് ക്രീയേഷന്‍സ് വ്യക്തമാക്കി. സ്വര്‍ണപാളികള്‍ എത്തിച്ചത് കനത്ത സുരക്ഷയില്‍ ആണെന്ന് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് അധികൃതര്‍ പറയുന്നു. പാളികള്‍ കൊണ്ടുവന്നപ്പോള്‍ തന്നെ പണി തുടങ്ങിയിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ വിഷയം എത്തിയതോടെ അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവച്ചു. കോടതി തീരുമാനം അറിഞ്ഞ ശേഷം ആകും ബാക്കി പണികള്‍ ചെയ്യുക. എപ്പോള്‍ വേണമെങ്കിലും ദേവസ്വത്തിന് സ്വര്‍ണ്ണപാളികള്‍ തിരികെ കൊണ്ടുപോകാം. രണ്ട് ദിവസത്തെ പണിയാണ് ഇനി ബാക്കിയുള്ളത്. തങ്ങളുടെ ഇടപെടല്‍ സുതാര്യമാണെന്നും ആര്‍ക്കും പരിശോധിക്കാം എന്നും സ്മാര്‍ട്ട് ക്രിയേഷന്‍സ് വ്യക്തമാക്കി. ഈ വിശദീകരണവും പല വിധ സംശയങ്ങളുണ്ടാക്കുന്നുണ്ട്.
ശ്രീകോവില്‍, ദ്വാരപാലക ശില്‍പ്പം, ലിന്റല്‍, കമാനം തുടങ്ങിയവ സ്വര്‍ണം പൂശിയത് മുതല്‍ ഇതുവരെയുള്ള രജിസ്റ്റര്‍, മഹസര്‍ ഉള്‍പ്പെടെ മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെവി ജയകുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. കോടതിയുടെ അനുമതി തേടാതെ സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയതില്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ ക്ഷമാപണം നടത്തിയിരുന്നു. 2019ല്‍ ചെന്നൈ മലയാളിയാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്ഥാപനം വഴി സ്വര്‍ണപ്പാളികള്‍ സ്പോണ്‍സര്‍ ചെയ്തത്. അതിനാലാണ് അറ്റകുറ്റപ്പണിക്കായി ഈ സ്ഥാപനത്തിലേക്ക് തന്നെ കൊണ്ടുപോയതെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.ശ്രീകോവിലിലെ വാതിലിന്റെ ഇരുഭാഗത്തും കരിങ്കല്ലുകൊണ്ട് നിര്‍മിച്ചിട്ടുള്ള ദ്വാരപാലക ശില്‍പ്പങ്ങളാണ് 2019ല്‍ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ കൊണ്ട് പൊതിഞ്ഞത്. 1998ല്‍ വ്യവസായിയായ വിജയ് മല്യ ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൂശിയിരുന്നു. അന്ന് മുതലുള്ള എല്ലാ രേഖകളും ഹാജരാക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട് ഏതൊക്കെ രീതികളാണ് അന്നുമുതല്‍ അനുവര്‍ത്തിച്ചിരിക്കുന്നതെന്ന് പരിശോധിക്കാനാണ് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതെന്നും കോടതി സൂചിപ്പിച്ചിട്ടുണ്ട്.