വിമാനത്താവളങ്ങളില്‍ പാസ്സ്‌പോര്‍ട്ട് പരിശോധനകള്‍ക്കും ലഗേജ് സ്‌കാനിംഗിനുമായി സമയം കളയുന്ന കാലം അവസാനിക്കുന്നു; ദുബായിലെ പരീക്ഷണം വിജയം കണ്ടു; പോക്കറ്റില്‍ പാസ്സ്‌പോര്‍ട്ടുമിട്ട് ലഗേജും തൂക്കി നടക്കുമ്പോള്‍ തന്നെ ആവശ്യമായ പരിശോധനകള്‍ എ ഐ നടത്തുന്ന സംവിധാനം നടപ്പിലാക്കി ദുബായ് വിമാനത്താവളം
ദുബായ്: യാത്രക്കാര്‍ പാസ്സ്‌പോര്‍ട്ടോ, ബോര്‍ഡിംഗ് പാസ്സോ കാണിക്കേണ്ടത്ത, ലോകത്തിലെ ആദ്യത്തെ ബോര്‍ഡര്‍ കണ്‍ട്രോള്‍ സംവിധാനം നടപ്പിലാക്കിയിരിക്കുകയാണ് ദുബായ് വിമാനത്താവളം. ഇനിമുതല്‍ ഈ അറേബ്യന്‍ നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക്, ഒരു രേഖകളും കാണിക്കാതെ തന്നെ 'ചുവപ്പ് പരവതാനി ഇടനാഴി' എന്ന് വിളിക്കുന്ന ടണലിലൂടെ നടന്നു നീങ്ങാം. കഴിഞ്ഞ മാസം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സിസ്റ്റം നിര്‍മ്മിതിബുദ്ധി സാങ്കേതിക വിദ്യയില്‍ ബയോമെട്രിക് ക്യാമറകളും, ഫ്‌ളൈറ്റ് ഡാറ്റകളും ഉപയോഗിച്ചാണ് ഓരോ യാത്രക്കാരനെയും തിരിച്ചറിയുക. അതുപോലെ ലഗേജും ഇവയ്ക്ക് പരിശോധിക്കാന്‍ കഴിയും.
ഇതോടെ, സെക്യൂരിറ്റി പരിശോധനകള്‍ക്കായി എടുക്കുന്ന സമയം കേവലം 14 സെക്കന്‍ഡുകളായി കുറയും. മാത്രമല്ല, ഒരേസമയം 10 പേര്‍ക്ക് വരെ ഈ ഇടനാഴി വഴി കടന്നുപോകാന്‍ കഴിയും. അതുകൊണ്ടു തന്നെ, കുടുംബങ്ങള്‍ക്കോ, വേനല്‍ക്കാലങ്ങളിലും മറ്റുമെത്തുന്ന വിനോദസഞ്ചാരികളുടെ വലിയ സംഘങ്ങള്‍ക്കോ ഇനി മുതല്‍ ഏറെ ക്ലേശിക്കേണ്ടതായി വരില്ല. ഈ പുതിയ സിസ്റ്റം ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ അവരുടെ പാസ്സ്‌പോര്‍ട്ട് വിശദാംശങ്ങളും ഫോട്ടോയും മുന്‍കൂട്ടി ടെര്‍മിനലില്‍ എത്തുന്നതിനു മുന്‍പ് നല്‍കേണ്ടതുണ്ട്.
നിലവില്‍, ടെര്‍മിനല്‍ 3 ല്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളിലെ ബിസിനസ്സ് ക്ലാസ്സ് യാത്രക്കാര്‍ക്ക് മാത്രമാണ് ഈ സംവിധാനം ലഭ്യമായിട്ടുള്ളത്. എന്നാല്‍, അധികം താമസിയാതെ തന്നെ ഇത് അറൈവല്‍ ഹോളുകളിലും പ്രാവര്‍ത്തികമാക്കാന്‍ അധികൃതര്‍ ഉദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു വിമാനത്താവളം ഹൈടെക് ടണലിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. 2025 ന് മുന്‍പായി പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഈ ആഗസ്റ്റ് മുതല്‍ മാത്രമാണ് അത് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരുടെ അനുഭവം മികച്ചതാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഭാഗമായ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് ദുബായ് വിമാനത്താവളം ഈ പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സിംഗപ്പൂരിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ ആശയം നടപ്പിലാക്കിയിരിക്കുന്നു. സിംഗപ്പൂരിലെ ഷാംഗി വിമാനത്താവളത്തിലെ സിസ്റ്റത്തിലും എ ഐ യും ബയോ മെട്രിക്കും ഉണ്ടെങ്കിലും യാത്രക്കാര്‍ക്ക് പാസ്സ്‌പ്പോര്‍ട്ട് പരിശോധനക്കായി നല്‍കേണ്ടതുണ്ട്.
അതേസമയം, യുണൈറ്റഡ് അറബ് എമിരേറ്റ്‌സിന്റെ തലസ്ഥാനമായ അബുദാബിയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരും. ഓരോ ചെക്ക് പോയിന്റുകളിലും ബയോമെട്രിക് സെന്‍സറുകള്‍ ഘടിപ്പിക്കുന്ന സ്മാര്‍ട്ട് ട്രാവല്‍ പ്രൊജക്റ്റിന്റെ ഭാഗമായിട്ടാണ് ഇത്. ചെക്ക് ഇന്‍ കൗണ്ടറുകള്‍, ഇമിഗ്രേഷന്‍ ബൂത്തുകള്‍, ബോര്‍ഡിംഗ് ഗെയ്റ്റുകള്‍, വി ഐ പി ലോഞ്ചുകള്‍ എന്നിവ ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ ഇത് നീല്‍വില്‍ വരും. ഈ സാങ്കേതിക വിദ്യ ഇതിനോടകം തന്നെ ചില സ്ഥലങ്ങളില്‍ ഭാഗികമായി നിലവില്‍ വന്നു കഴിഞ്ഞു.