നെതന്യാഹു ഒരിക്കലും ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്ന് പറഞ്ഞ് 24 മണിക്കൂറിനുള്ളിലാണ് യുഎന്‍ പൊതുസഭയില്‍ പ്രമേയം; സ്വതന്ത്ര ഫലസ്തീന് വേണ്ടി വോട്ട് ചെയ്ത് ഇന്ത്യ; മൂന്ന് വര്‍ഷത്തിനിടെ നാലു വട്ടം ഈ വിഷയത്തില്‍ നിലപാട് എടുക്കാത്ത ഇന്ത്യയും ഒടുവില്‍ മനസ്സ് മാറ്റി; അമേരിക്കന്‍ ചേരിക്ക് യുഎന്നില്‍ തിരിച്ചടി

Update: 2025-09-13 01:45 GMT

വാഷിങ്ടന്‍: ഖത്തറിലെ ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ നിലലപാട് മാറ്റുന്നു. ഫലസ്തീന്‍ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര പരിഹാരം നിര്‍ദേശിക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ നല്‍കുന്നത് ആ സൂചനയാണ്. യുഎന്‍ പൊതുസഭയില്‍ ഫ്രാന്‍സ് കൊണ്ടുവന്ന പ്രമേയത്തിനെയാണ് ഇന്ത്യ അനുകൂലിച്ചത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക, നിലവിലെ ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് സമാധാനപരവും ശാശ്വതവുമായ പരിഹാരം ഉണ്ടാകണമെന്നും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്ന പ്രമേയം ആഹ്വാനം ചെയ്യുന്നു. ഇതിനെയാണ് ഇന്ത്യ അംഗീകരിക്കുന്നത്. യുഎന്നിലെ അമേരിക്കന്‍ ചേരിയ്ക്ക് വന്‍ തിരിച്ചടിയാണ് ഈ പ്രമേയ അംഗീകരിക്കല്‍.

ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുക വഴി പലസ്തീന്‍ പ്രശ്‌നം പരിഹരിക്കാമെന്ന ന്യൂയോര്‍ക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയമാണ് ഫ്രാന്‍സ് പൊതുസഭയില്‍ അവതരിപ്പിച്ചത്. പ്രമേയത്തെ ഇന്ത്യയുള്‍പ്പെടെ 142 രാജ്യങ്ങള്‍ അനുകൂലിച്ചു. എന്നാല്‍ ഇസ്രയേല്‍, അമേരിക്ക, അര്‍ജന്റീന, ഹംഗറി തുടങ്ങിയ പത്ത് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. അതായത് അമേരിക്കന്‍ പക്ഷത്ത് നിന്നും ഇന്ത്യ മാറുന്നു. പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തത് ഗാസയിലെ മുന്‍ നിലപാടില്‍ നിന്നുള്ള വ്യക്തമായ മാറ്റമായി. അടുത്തകാലത്തായി യുഎന്‍ പൊതുസഭയില്‍ ഗാസ വിഷയം വോട്ടിനുവരുമ്പോള്‍ വിട്ടുനില്‍ക്കുന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. അമേരിക്കയേയും ഇസ്രയേലിനേയും പിണക്കാതിരിക്കാനായിരുന്നു ഇത്.

മൂന്ന് വര്‍ഷത്തിനിടെ നാലു വട്ടം ഇത്തരത്തില്‍ ഗാസ വിഷയത്തില്‍ ഇന്ത്യ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നിരുന്നു. ഫ്രാന്‍സ് മുന്നോട്ടുവച്ച പ്രമേയത്തെ ഗള്‍ഫിലെ അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണച്ചു. മേഖലയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും മികച്ച ഭാവിയുണ്ടാകാന്‍ ഉതകുന്ന നടപടികള്‍ സ്വീകരിക്കാനും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്ന പ്രമേയം പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. ഇതിനു മുമ്പ് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയങ്ങളെ പിന്തുണയ്ക്കുന്നതില്‍ നിന്ന് മോദി സര്‍ക്കാര്‍ പിന്മാറിയിരുന്നു. അര്‍ജന്റീന, ഹംഗറി, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, പരാഗ്വേ, ടോംഗ എന്നിവയാണ് പുതിയ പ്രമേയത്തെ എതിര്‍ത്ത മറ്റു രാജ്യങ്ങള്‍.

ഫ്രാന്‍സും സൗദി അറേബ്യയും ചേര്‍ന്നാണ് ഏഴുപേജുള്ള പ്രമേയം അവതരിപ്പിച്ചത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് ദ്വിരാഷ്ട്ര പരിഹാരം ഫലപ്രദമായി നടപ്പാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഗാസയിലെ ഭരണം അവസാനിപ്പിച്ച് ആയുധങ്ങള്‍ ഫലസ്തീന്‍ അതോറിറ്റിക്ക് കൈമാറണമെന്നും ഹമാസിനോടും ദ്വിരാഷ്ട്ര പരിഹാരത്തോട് പ്രതിബദ്ധത കാണിക്കാന്‍ ഇസ്രയേലിനോടും ആവശ്യപ്പെട്ടു. ഫലസ്തീന്‍കാര്‍ക്കെതിരായ അക്രമവും പ്രകോപനവും ഉടന്‍ അവസാനിപ്പിക്കാനും അധിനിവേശം അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ഒരിക്കലും ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്ന് പറഞ്ഞ് 24 മണിക്കൂറിനുള്ളിലാണ് യുഎന്‍ പൊതുസഭ പ്രമേയം പാസാക്കിയത്.

Tags:    

Similar News