ഇറാന്റെ എണ്ണ കയറ്റുമതിയുടെ ചങ്കായ ഖാര്‍ഗ് ദ്വീപ് അമേരിക്ക കത്തിച്ചു; പശ്ചിമേഷ്യയില്‍ വിറയലോടെ ലോകരാജ്യങ്ങള്‍; ഇറാന്റെ സാമ്പത്തിക സിരാകേന്ദ്രത്തില്‍ മിസൈല്‍ മഴ; ഹോര്‍മൂസ് തടഞ്ഞാല്‍ ഒന്നിനെയും ബാക്കിവെക്കില്ലെന്ന് മുന്നറിയിപ്പ്; സംഘര്‍ഷം കത്തിപ്പടരുമ്പോള്‍ എണ്ണവില എങ്ങോട്ട്?

Update: 2026-03-14 04:13 GMT

വാഷിങ്ടണ്‍: പശ്ചിമേഷ്യയെ യുദ്ധഭീതിയുടെ മുനയില്‍ നിര്‍ത്തി ഇറാന്റെ സാമ്പത്തിക സിരാകേന്ദ്രമായ ഖാര്‍ഗ് ദ്വീപിനുനേരെ അമേരിക്കയുടെ ശക്തമായ ആക്രമണം. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന തന്ത്രപ്രധാനമായ ദ്വീപിലെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. മിഡില്‍ ഈസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബാക്രമണമെന്നാണ് ഇതിനെ ട്രംപ് വിശേഷിപ്പിച്ചത്. എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെ നിലവില്‍ ബാധിച്ചിട്ടില്ലെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും ആഗോള വിപണി കനത്ത ആശങ്കയിലാണ്.

ഇറാന്‍ തീരത്തുനിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള എട്ടു കിലോമീറ്റര്‍ മാത്രം നീളമുള്ള പവിഴപ്പുറ്റ് ദ്വീപ് ഇറാന്റെ സാമ്പത്തിക നട്ടെല്ലാണ്. പ്രതിദിനം 70 ലക്ഷം ബാരല്‍ എണ്ണ ലോഡ് ചെയ്യാന്‍ ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓഫ്ഷോര്‍ ടെര്‍മിനലുകളില്‍ ഒന്നാണിത്. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ സഞ്ചാരം തടയാന്‍ ശ്രമിച്ചാല്‍ അടുത്തഘട്ടത്തില്‍ എണ്ണപ്പാടങ്ങളും റിഫൈനറികളും തകര്‍ക്കുമെന്നും ട്രംപ് 'ട്രൂത്ത് സോഷ്യലിലൂടെ' മുന്നറിയിപ്പ് നല്‍കി. എന്നാല്‍, തങ്ങളുടെ എണ്ണനിലയങ്ങള്‍ തൊട്ടാല്‍ പശ്ചിമേഷ്യയിലെ അമേരിക്കന്‍ താല്‍പ്പര്യമുള്ള എല്ലാ എണ്ണക്കമ്പനികളെയും ചാരമാക്കുമെന്ന് ഇറാന്‍ സൈനിക വക്താവും തിരിച്ചടിച്ചു.

സൈനിക നീക്കത്തിനൊപ്പം ഇറാന്റെ രാഷ്ട്രീയ നേതൃത്വത്തെയും അമേരിക്ക ഉന്നംവെക്കുന്നു. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 10 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 92.47 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചു. യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ മുജ്തബയ്ക്ക് പരിക്കേറ്റതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആഭ്യന്തര മന്ത്രി ഉള്‍പ്പെടെയുള്ള ഇറാന്റെ ഉന്നത നേതാക്കളും അമേരിക്കയുടെ ഹിറ്റ്ലിസ്റ്റിലുണ്ട്.

യുദ്ധസമാനമായ അന്തരീക്ഷത്തിനിടയിലും 40,000 മെട്രിക് ടണ്‍ എല്‍പിജിയുമായി ഇന്ത്യന്‍ കപ്പല്‍ 'ശിവാലിക്' ഹോര്‍മൂസ് കടലിടുക്ക് കടന്നു. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ സുരക്ഷാ അകമ്പടിയോടെയായിരുന്നു യാത്ര. ഇന്ത്യ ഇറാന്റെ വിശ്വസ്ത പങ്കാളിയാണെന്നും ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഭീഷണിയില്ലെന്നും ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലി വ്യക്തമാക്കി. എന്നാല്‍, സംഘര്‍ഷം രൂക്ഷമായാല്‍ ആഗോള ഊര്‍ജ്ജ വിതരണ ശൃംഖല സ്തംഭിക്കുമോ എന്ന പേടിയിലാണ് ലോകരാജ്യങ്ങള്‍.

ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് നേരെ ആക്രമണം നടത്തിയ വിവരം പുറത്തുവിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്നത് തിരിച്ചടി ശക്തമാക്കുമെ്‌ന സൂചനയാണ്. എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെ നേരിട്ട് ബാധിക്കാത്ത തരത്തില്‍, ദ്വീപിലെ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യം വെച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. എങ്കിലും, ഇറാന്റെ വ്യാപാര മേഖലയിലെ ഏറ്റവും നിര്‍ണ്ണായകമായ കേന്ദ്രത്തിന് നേരെയുള്ള ഈ നീക്കം ആഗോള വിപണിയിലും രാഷ്ട്രീയത്തിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

പേര്‍ഷ്യന്‍ ഗള്‍ഫിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത്, ഇറാന്റെ പ്രധാന തീരപ്രദേശമായ ബുഷെര്‍ പ്രവിശ്യയില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ (16 മൈല്‍) അകലെയാണ് ഖാര്‍ഗ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. വലിപ്പത്തില്‍ വളരെ ചെറുതാണെങ്കിലും തന്ത്രപരമായ സ്ഥാനമാണ് ഇതിനെ ലോകശ്രദ്ധയില്‍ എത്തിക്കുന്നത്. ഏകദേശം 8 കിലോമീറ്റര്‍ നീളവും 5 കിലോമീറ്റര്‍ വീതിയുമുള്ള ഈ ദ്വീപ് ഒരു പവിഴപ്പുറ്റ് ദ്വീപായാണ് അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്ന് അല്പം ഉയര്‍ന്ന നിലയിലുള്ള ഇതിന്റെ ഭൂപ്രകൃതി അയല്‍പ്രദേശങ്ങളില്‍ നിന്ന് ഇതിനെ വേറിട്ടു നിര്‍ത്തുന്നു.

ഇറാന്റെ മൊത്തം ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാര്‍ഗ് ദ്വീപ് വഴിയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓഫ്ഷോര്‍ ക്രൂഡ് ഓയില്‍ ടെര്‍മിനലുകളില്‍ ഒന്നാണിത്. വളരെ വലിയ എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷിതമായി അടുക്കാന്‍ കഴിയുന്ന തരത്തിലുള്ള ആഴക്കടല്‍ സൗകര്യം ഇവിടെയുണ്ട്. വന്‍തോതില്‍ എണ്ണ സംഭരിക്കാനുള്ള ടാങ്കുകള്‍ ഇവിടെ സജ്ജമാണ്. ഇറാന്റെ പൈപ്പ് ലൈന്‍ ശൃംഖലകള്‍ വന്നുചേരുന്നത് ഈ കേന്ദ്രത്തിലേക്കാണ്. പേര്‍ഷ്യന്‍ ഗള്‍ഫിലെ ചരക്കുനീക്കം നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുന്ന സ്ഥാനത്തായതിനാല്‍ ഇറാന്റെ പ്രതിരോധ മേഖലയിലും ഖാര്‍ഗ് ദ്വീപ് വലിയ പങ്ക് വഹിക്കുന്നു.

ഖാര്‍ഗ് ദ്വീപിന് നേരെയുള്ള ആക്രമണം ഇറാന്റെ എണ്ണ വിപണിയെ സ്തംഭിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്ന് യുഎസ് അവകാശപ്പെടുമ്പോഴും, ഇറാന്റെ ജീവനാഡിയായ എണ്ണക്കയറ്റുമതി തടസ്സപ്പെടുമോ എന്ന ആശങ്ക ആഗോളതലത്തിലുണ്ട്. ഖാര്‍ഗ് ദ്വീപിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ഒരു പ്രകൃതിദത്ത തുറമുഖമായി പ്രവര്‍ത്തിക്കുന്നു എന്നതാണ്. ദ്വീപിന് ചുറ്റുമുള്ള കടലിന് വലിയ ആഴമുള്ളതിനാല്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കപ്പലുകള്‍ക്ക് യാതൊരു തടസ്സവുമില്ലാതെ ഇവിടെ അടുക്കാന്‍ സാധിക്കുന്നു. മണല്‍ത്തിട്ടകളോ മറ്റ് തടസ്സങ്ങളോ ഇല്ലാത്ത ആഴക്കടല്‍ സൗകര്യം ഉള്ളതിനാലാണ് ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും ഈ ചെറിയ ദ്വീപ് കേന്ദ്രീകരിച്ച് നടക്കുന്നത്.

ഭൂമിശാസ്ത്രപരമായി ഖാര്‍ഗ് ദ്വീപ് പ്രധാനമായും കടുപ്പമേറിയ പാറകളും പവിഴപ്പുറ്റുകളും നിറഞ്ഞതാണ്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെട്ട പവിഴശേഖരങ്ങളാണ് ഈ ദ്വീപിന്റെ അടിത്തറ. ദ്വീപിന്റെ മധ്യഭാഗം താരതമ്യേന ഉയര്‍ന്നതും വശങ്ങള്‍ കടലിലേക്ക് ചരിഞ്ഞതുമായ രീതിയിലാണ്. കടുപ്പമേറിയ ഈ പാറക്കെട്ടുകള്‍ കടല്‍ക്ഷോഭങ്ങളില്‍ നിന്നും ശക്തമായ തിരമാലകളില്‍ നിന്നും ദ്വീപിന് സ്വാഭാവിക സംരക്ഷണം നല്‍കുന്നു. മണ്ണിലെ പ്രത്യേകതകള്‍ കാരണം ഇവിടെ സസ്യലതാദികള്‍ പരിമിതമാണെങ്കിലും, തന്ത്രപരമായ സൈനിക-വാണിജ്യ ആവശ്യങ്ങള്‍ക്ക് ഈ ഘടന ഏറെ അനുയോജ്യമാണ്.ഈ ഭൂമിശാസ്ത്രപരമായ മുന്‍തൂക്കം ഖാര്‍ഗ് ദ്വീപിനെ ഇറാന്റെ സാമ്പത്തിക ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട താവളമാക്കി മാറ്റുന്നു. ഇറാന്റെ സാമ്പത്തിക ഭൂപടത്തില്‍ ഖാര്‍ഗ് ദ്വീപിന് സമാനതകളില്ലാത്ത പ്രാധാന്യമുണ്ട്.

ഖാര്‍ഗ് ദ്വീപിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും തകര്‍ത്തതായി ട്രംപ് അവകാശപ്പെട്ടു. അടുത്ത ഘട്ടത്തില്‍ റിഫൈനറികളെ ലക്ഷ്യമിടുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. മിഡില്‍ ഈസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബാക്രമണമെന്നാണ് ഖാര്‍ഗില്‍ നടത്തിയ ആക്രമണത്തെ ട്രംപ് വിശേഷിപ്പിച്ചത്. ഖാര്‍ഗിലെ സൈനിക കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും തകര്‍ത്തുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ അവകാശപ്പെട്ടു. ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള സഞ്ചാരം തടസ്സപ്പെടുത്തിയാല്‍ ഖാര്‍ഗിലെ എണ്ണപ്പാടങ്ങളേയും ലക്ഷ്യമിടുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. 'ഹോര്‍മൂസ് കടലിടുക്ക് വഴി കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ സഞ്ചാരത്തിന് ഇറാന്‍ അല്ലെങ്കില്‍ മറ്റാരെങ്കിലും വിലങ്ങുതടിയായാല്‍ താന്‍ ഉടന്‍ തന്നെ തീരുമാനം പുനഃപരിശോധിക്കും'- ട്രംപ് മുന്നറിയിപ്പ് നല്‍കി.

Similar News