എന്തിനാ കപ്പലണ്ടി വില്‍ക്കുന്നത്? സാക്ഷാല്‍ പൊരിച്ച കോഴിയല്ലേ ഇപ്പോള്‍ വിറ്റ് കൊണ്ടിരിക്കുന്നത്? ഫണ്ട് മുക്കിയ പണം കൊണ്ട് 'മൊതലാളി' ആകുന്നതിലും എത്രയോ ഭേദം കടലക്ക വിറ്റ് നടക്കല്‍ തന്നെയായിരുന്നു; വിദേശ ജോലിയുടെ പേരില്‍ പി കെ ഫിറോസിനെ പരിഹസിച്ചും 15 ചോദ്യങ്ങള്‍ ഉന്നയിച്ചും കെ ടി ജലീല്‍; പരസ്യപ്പോര് തുടരുന്നു
ഫിറോസിനോട് 15 ചോദ്യങ്ങളുമായി ജലീല്‍
കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് കേരള രാഷ്ട്രീയത്തിലെ മായാവിയെന്ന് ആരോപിച്ച് കെ ടി ജലീലും, ജലീല്‍ കോടികളുടെ അഴിമതി നടത്തിയെന്ന് തിരിച്ചടിച്ച് ഫിറോസും പരസ്യപ്പോര് തുടരുകയാണ്. അഞ്ചേകാല്‍ ലക്ഷം രൂപ മാസ ശമ്പളം ലഭിക്കാന്‍ യപി.കെ. ഫിറോസ് ഗള്‍ഫിലെ കമ്പനിക്ക് വേണ്ടി ചെയ്യുന്ന ജോലി എന്തെന്ന് വ്യക്തമാക്കണമെന്നാണ് കെ.ടി. ജലീല്‍ ആവശ്യപ്പെട്ടത്. ജലീല്‍ മന്ത്രിയായിരിക്കെ, കോടികളുടെ അഴിമതി നടത്തിയെന്നും ഈ വിവരങ്ങള്‍ പുറത്തുവരുന്നതിലുള്ള വെപ്രാളമാണ് അദ്ദേഹത്തിന്റെ തുടര്‍ച്ചയായ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഫിറോസ് വാദിക്കുന്നു. ഏറ്റവുമൊടുവില്‍, ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ഓഡിയോ പുറത്തുവന്നതിന് പിന്നാലെ ഫിറോസ് പങ്കുവെച്ച പരിഹാസ പോസ്റ്റിന് മറുപടിയായാണ് ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്. 'കപ്പലണ്ടി വിറ്റ് നടന്നാ മതിയായിരുന്നു' എന്ന ഫിറോസിന്റെ പരാമര്‍ശത്തെ ഉദ്ധരിച്ചാണ് ജലീല്‍ തന്റെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.
'എന്തിനാ കപ്പലണ്ടി വില്‍ക്കുന്നത്? സാക്ഷാല്‍ പൊരിച്ച കോഴിയല്ലേ ഇപ്പോള്‍ വിറ്റുകൊണ്ടിരിക്കുന്നത്? ഫണ്ട് മുക്കിയ പണം കൊണ്ട് 'മൊതലാളി' ആകുന്നതിലും എത്രയോ ഭേദം കടലക്ക വിറ്റ് നടക്കല്‍ തന്നെയായിരുന്നു,' എന്നാണ് ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഇതിന് പിന്നാലെ, പി.കെ. ഫിറോസിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് 15 ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.
ഫിറോസ് സെയില്‍സ് മാനേജരായ ഫോര്‍ച്യൂണ്‍ ഹൗസ് ജനറല്‍ ട്രേഡിങ് എന്ന ദുബായ് കമ്പനിയുടെ ബിസിനസ് വ്യാപ്തി, നികുതി സംബന്ധിച്ച കാര്യങ്ങള്‍, ശമ്പളം കൈപ്പറ്റുന്നതിലെയും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിലെയും നടപടിക്രമങ്ങള്‍ തുടങ്ങിയവയെക്കുറിച്ചാണ് ജലീല്‍ പ്രധാനമായും ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഫിറോസിന് ദുബായില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടോ, അതോടൊപ്പമുള്ള വരുമാനത്തിന് ഇന്ത്യയില്‍ നികുതി അടച്ചിട്ടുണ്ടോ, അതുപോലെ ഇന്ത്യയിലും വിദേശത്തും അദ്ദേഹത്തിനുണ്ടെന്ന് പറയപ്പെടുന്ന അക്കൗണ്ടുകളെക്കുറിച്ചും ജലീല്‍ അന്വേഷിക്കുന്നു. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വിദേശത്തെ സാമ്പത്തിക ഇടപാടുകള്‍ മറച്ചുവെച്ചോ എന്നും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു.
കെ ടി ജലീലിന്റെ പുതിയ കുറിപ്പ്
എന്തിനാ കപ്പലണ്ടി വില്‍ക്കുന്നത്? സാക്ഷാല്‍ പൊരിച്ച കോഴിയല്ലേ ഇപ്പോള്‍ വിറ്റ് കൊണ്ടിരിക്കുന്നത്?
ഫണ്ട് മുക്കിയ പണം കൊണ്ട് 'മൊതലാളി' ആകുന്നതിലും എത്രയോ ഭേദം കടലക്ക വിറ്റ് നടക്കല്‍ തന്നെയായിരുന്നു.
ഫിറോസ് ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ 15
1) ഫിറോസ് സെയില്‍സ് മാനേജരായ കമ്പനിക്ക് ദുബായിയിലെ ഏതെങ്കിലും ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ?
2) Fortune House General Trading എന്ന കമ്പനിയുടെ ബിസിനസ് വ്യാപ്തി എത്രയാണ്?
3) കമ്പനിയുടെ ഏതൊരു വില്‍പ്പനക്കും വാങ്ങലിനും ക്രയവിക്രയം നടത്തുന്ന സ്ഥാപനം തയ്യാറാക്കിയ ഇന്‍വോയ്സുകള്‍ ഉണ്ടായിരിക്കും. അതില്‍ 5% വാറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. അതത് സാമ്പത്തിക വര്‍ഷത്തേക്കുള്ള ഒരു ഓഡിറ്റ് റിപ്പോര്‍ട്ടുമുണ്ടാകും. ഫിറോസ് ജോലി ചെയ്യുന്ന കമ്പനിക്ക് ഇത്തരമൊരു സര്‍ട്ടിഫൈഡ് ഓഡിറ്റ് റിപ്പോര്‍ട്ട് ഉണ്ടോ?
4) ദുബായിലെ ഏതൊരു കമ്പനിയാണെങ്കിലും അതിലെ ജീവനക്കാരുടെ ശമ്പളം ഓരോ ജീവനക്കാരന്റെയും അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണം. ഫിറോസിന് ഒരു അക്കൗണ്ട് ഉണ്ടോ?
5) ഫിറോസിന് അക്കൗണ്ടുള്ള ബാങ്ക് ഏതാണ്?
6) നിയമപ്രകാരം, ഇന്ത്യയില്‍ 182 ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്ന ആരെയും ഒരു എന്‍.ആര്‍.ഐ ആയി കണക്കാക്കാന്‍ കഴിയില്ല. അതിനാല്‍ എവിടെ നിന്നുള്ള വരുമാനത്തിനാണെങ്കിലും നികുതി നല്‍കാന്‍ ബന്ധപ്പെട്ടയാള്‍ ബാദ്ധ്യസ്ഥനാണ്. ഇതുപ്രകാരം ഫിറോസ് വാങ്ങിയ ശമ്പളത്തിന് ഇന്ത്യാ ഗവ:ന് നികുതി അടച്ചിട്ടുണ്ടോ?
7) ഇതുവരെ ശമ്പളമായി ഫിറോസിന് ലഭിച്ച പണം എങ്ങനെയാണ് അദ്ദേഹം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്?
8 ) ഫിറോസിന് ഇന്ത്യയില്‍ ഒരു സേവിംഗ്‌സ് അക്കൗണ്ട് ഉണ്ടോ?
9) ഇന്ത്യയില്‍ അദ്ദേഹത്തിന് ഒരു എന്‍.ആര്‍.ഐ അക്കൗണ്ട് ഉണ്ടോ?
10) ഫിറോസിന് വിദേശത്ത് അക്കൗണ്ട് ഉണ്ടായിരുന്നെങ്കില്‍, നാമനിര്‍ദ്ദേശ പത്രികയുടെ ഡിക്ലറേഷനില്‍ അതെന്തുകൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചില്ല?
11) ദുബായിലെ ഫിറോസിന്റെ തൊഴില്‍ കരാര്‍ പ്രകാരം, വിദേശത്തു മാത്രമേ അദ്ദേഹത്തിന് പേയ്മെന്റുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ളൂ.
12) അമേരിക്ക, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ തനിക്ക് ബിസിനസ് വിസയുണ്ടെന്നാണ് ഫിറോസ് തന്നെ വീമ്പു പറഞ്ഞത്. അങ്ങിനെ ഉണ്ടെങ്കില്‍, ഫിറോസ് അവിടങ്ങളില്‍ ചെയ്യുന്ന ബിസിനസ്സ് എന്താണ്?
13) സേവനങ്ങളാണോ സാധനങ്ങളാണോ ഫിറോസ് വിദേശ രാജ്യങ്ങളില്‍ വില്‍പ്പന നടത്തുന്നത്. നിക്ഷേപത്തിന്റെ സ്വഭാവം എന്താണ്?
14) കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥി-യുവജന സംഘടനയുടെ അമരക്കാരന്‍ എന്ന നിലയില്‍ മുഖം കാണിക്കുന്ന വ്യക്തിയാണ് ഫിറോസ്! അദ്ദേഹത്തിന് ഏതെങ്കിലും ബാഹ്യ ഏജന്‍സികളില്‍ നിന്ന് ധനസഹായം ലഭിക്കുന്നുണ്ടോ?
15) ഇന്ത്യയില്‍ താമസിച്ച് ചെയ്യാത്ത ജോലിക്ക് നിയമ വിരുദ്ധമായി പണം കൈപ്പറ്റി പൊതുപ്രവര്‍ത്തകനായി ഫിറോസ് തുടരുന്നത് ശരിയാണോ?
ജലീലിന്റെ മുന്‍ ആരോപണങ്ങള്‍
അഞ്ചേകാല്‍ ലക്ഷം രൂപ മാസ ശമ്പളം ലഭിക്കാന്‍ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് ഗള്‍ഫിലെ കമ്പനിക്ക് വേണ്ടി ചെയ്യുന്ന ജോലി എന്തെന്ന് വ്യക്തമാക്കണമെന്നാണ് കെ.ടി. ജലീല്‍ ആവശ്യപ്പെട്ടത്. താന്‍ ഉയര്‍ത്തിയ ഒരു ആരോപണവും ഫിറോസ് തള്ളി പറഞ്ഞില്ല. കേരള രാഷ്ട്രീയത്തിലെ മായാവിയാണ് ഫിറോസ്. ഫിറോസിന്റെ സാമ്പത്തിക സ്രോതസ് വ്യക്തമാക്കണം. മുഴുവന്‍ സമയം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയായി ഇവിടെ പ്രവര്‍ത്തിക്കുമ്പോള്‍ ദുബായിലെ ഒരു കമ്പനിയില്‍ സെയില്‍സ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുകയാണ് പി.കെ. ഫിറോസ്. ഇന്ത്യന്‍ രൂപയില്‍ പ്രതിമാസം അഞ്ചേകാല്‍ ലക്ഷം രൂപയാണ് ശമ്പളമായി കൈപ്പറ്റുന്നത്. എന്ത് കയറ്റുമതിയാണ് ചെയ്യുന്നതെന്ന് പറയാന്‍ ഫിറോസ് ബാധ്യസ്ഥനാണ്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് യുഎഇ വിസ ഫിറോസ് കുറച്ചു കാലത്തേക്ക് വേണ്ടെന്ന് വെച്ചു. അതേ വിസ വീണ്ടും പുതുക്കി. ദുബായില്‍ എവിടെയാണ് കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. എവിടെ ആണെന്ന് കണ്ടെത്താനും ആര്‍ക്കും കഴിഞ്ഞിട്ടില്ല. കമ്പനിയുടെ ലൊക്കേഷന്‍ പുറത്തു വിടണം.
മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായ ഫിറോസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ മറുപടി നല്‍കണമെന്നും കെ.ടി. ജലീല്‍ ആവശ്യപ്പെട്ടു. പത്ത് വര്‍ഷത്തെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പദവിയിലിരുന്ന് സംഘടന പിരിച്ച ലക്ഷക്കണക്കിന് രൂപമുക്കി. ദോത്തി ചലഞ്ചടക്കം തട്ടിപ്പായിരുന്നു. ദോത്തി ചലഞ്ചില്‍ സാധനം വാങ്ങിയ കമ്പനിയുടെ ബില്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. മുസ്ലിം ലീഗില്‍ കള്ളപ്പണം ഹലാലാണ്. ലീഗിലെ പല നേതാക്കന്മാരും തട്ടിപ്പുകേസുകളില്‍ ജയിലിലാണ്. എആര്‍ നഗര്‍ ബാങ്ക് വിഷയത്തില്‍ കോടികള്‍ പിഴയായി നല്‍കിയിരുന്നു. താന്‍ ഇടതുപക്ഷത്തിന്റെ ഭാഗമായല്ല, യൂത്ത് ലീഗ് മുന്‍ ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ് വാര്‍ത്താസമ്മേളനം നടത്തുന്നതെന്ന് ജലീല്‍ പറഞ്ഞു.
മലയാളം സര്‍വകലാശാല ഭൂമി വാങ്ങലില്‍ അഴിമതിയുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. താന്‍ അന്വേഷണത്തെ ഭയക്കുന്നില്ല. ഭൂമി വാങ്ങാന്‍ തീരുമാനിച്ചത് താന്‍ മന്ത്രിയായിരുന്നപ്പോഴല്ല. അതിന്റെ നടപടികള്‍ അവസാന ഘട്ടത്തിലായിരുന്നപ്പോഴാണ് താന്‍ മന്ത്രി സ്ഥാനത്തുണ്ടായിരുന്നത്. പരാതിയുണ്ടെങ്കില്‍ സിബിഐക്കോ മറ്റ് ഏജന്‍സികള്‍ക്കോ ഫിറോസ് പരാതി നല്‍കട്ടെയെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
ഫിറോസിന്റെ മറുപടിയും ആരോപണങ്ങളും
കെ.ടി. ജലീല്‍ മന്ത്രിയായിരിക്കെ കോടികളുടെ അഴിമതി നടത്തിയെന്നും ഈ വിവരങ്ങള്‍ പുറത്തുവരുന്നതിലുള്ള വെപ്രാളമാണ് അദ്ദേഹത്തിന്റെ തുടര്‍ച്ചയായ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും മുസ്ലിം യൂത്ത്ലീഗ് നേതാവ് പി.കെ. ഫിറോസ്. ജലീലിനെതിരായ ഞെട്ടിക്കുന്ന വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും ഈ അഴിമതിയില്‍ ജലീലിന് നേരിട്ട് പങ്കുണ്ടെന്നും ഫിറോസ് വ്യക്തമാക്കി.
ജലീലിനെതിരായ ഞെട്ടിക്കുന്ന വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും ഈ അഴിമതിയില്‍ ജലീലിന് നേരിട്ട് പങ്കുണ്ടെന്നും ഫിറോസ് വ്യക്തമാക്കി. ജലീല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരുന്ന വലിയ അഴിമതിയാണ് പുറത്തുവരാനിരിക്കുന്നതെന്ന് ഫിറോസ് പറഞ്ഞു. മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നതായും ഫിറോസ് ചൂണ്ടിക്കാട്ടി. അഴിമതിയെക്കുറിച്ച് തനിക്ക് തെളിവ് ലഭിച്ചുവെന്നറിഞ്ഞതിന്റെ പരിഭ്രാന്തിയാണ് ജലീലിന്റെ ഇപ്പോഴത്തെ പ്രസ്താവനകള്‍ക്ക് പിന്നിലെന്നും ഫിറോസ് ആരോപിച്ചു.
കെ.ടി. ജലീല്‍ തനിക്കെതിരേ ഉന്നയിച്ച വിവിധ ആരോപണങ്ങള്‍ക്കും ഫിറോസ് മറുപടി നല്‍കി. താന്‍ ഒരു ബിസിനസ്സുകാരനും തൊഴിലെടുക്കുന്ന ആളുമാണെന്നും അതില്‍ അഭിമാനംമാത്രമേ ഉള്ളൂവെന്നും അത് അഴിമതിയോ സ്വജനപക്ഷപാതമോ അല്ലെന്നും ഫിറോസ് വ്യക്തമാക്കി. പട്ടാമ്പിയിലെ തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സി.പി.എം നേതാക്കളെ ക്ഷണിച്ചത് താനാണെന്നും താന്‍ ബിനാമി ആണെങ്കില്‍ അവരെ വിളിക്കുമോയെന്നും ഫിറോസ് ചോദിച്ചു. തിരുനാവായയിലെ അഷ്‌റഫ് തന്റെ പങ്കാളിയാണെന്നും ജലീല്‍ വെപ്രാളംപിടിച്ച് ബോറനാകുകയാണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി ഫണ്ട് എടുത്ത് ബിസിനസ് നടത്തുന്നു എന്ന ജലീലിന്റെ ആരോപണത്തെയും ഫിറോസ് തള്ളിപ്പറഞ്ഞു. പാര്‍ട്ടി ഫണ്ട് ജനറല്‍ സെക്രട്ടറി ഒറ്റയ്ക്കാണോ കൈകാര്യം ചെയ്യുക? ജലീല്‍ അങ്ങനെ സ്വയം ഫണ്ട് എടുത്ത ആളാണെങ്കില്‍ അതിന്റെ കുറ്റബോധമാണോ ഇപ്പോള്‍ തനിക്കെതിരെ ആരോപണമായി ഉന്നയിക്കുന്നതെന്നും ഫിറോസ് ചോദിച്ചു.
കമ്പനി തട്ടിക്കൂട്ട് കമ്പനിയാണെന്ന ജലീലിന്റെ ആരോപണം ഗുരുതരമാണെന്നും റിവേഴ്സ് ഹവാല ആരോപണം ഗൗരവമുള്ളതാണെന്നും ഫിറോസ് പറഞ്ഞു. തന്റെയും കമ്പനിയുടെയും അക്കൗണ്ടുകള്‍ പരിശോധിക്കാം. അപ്പോള്‍ സത്യം ബോധ്യമാകും. താന്‍ ആ കമ്പനിയില്‍ പാര്‍ട്ട്ടൈം ജീവനക്കാരനാണ്, ആദായനികുതി കൃത്യമായി അടയ്ക്കുന്നയാളാണ്. പൊതുപ്രവര്‍ത്തനത്തിന് താന്‍ നയാപൈസ പോലും എടുക്കുന്നില്ലെന്നും ഫിറോസ് പറഞ്ഞു.
തനിക്ക് നിയമവിരുദ്ധമായ ഒരു ബിസിനസ്സുമില്ലെന്നും സംശയമുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിക്കട്ടെ എന്നും ഫിറോസ് പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ കെ.ടി. ജലീല്‍ ഒരു പണിയും എടുത്തിരുന്നില്ല. തനിക്ക് അമേരിക്കന്‍, യു.കെ. വിസകള്‍ ഉണ്ടെന്നും ഇതായിരിക്കാം ജലീലിന്റെ ആരോപണത്തിന് പിന്നിലെന്നും ഫിറോസ് പരിഹസിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ തനിക്ക് ജോബ് കാര്‍ഡില്ലായിരുന്നു. കടുക് മണി തൂക്കം തെറ്റ് ചെയ്താല്‍ പോലും ദയ കാണിക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഫിറോസ് പറഞ്ഞു. റിവേഴ്സ് ഹവാല ആരോപണത്തില്‍ കെ.ടി. ജലീലിനെതിരെ നിയമനടപടി ആലോചിക്കും. ആരോപണങ്ങളില്‍ ഉറപ്പില്ലാത്തതുകൊണ്ടാണ് ജലീല്‍ ചോദ്യചിഹ്നം ഇട്ട് സംസാരിക്കുന്നത്. കെ.ടി. ജലീലിന്റെ ബന്ധു നിയമനം യൂത്ത് ലീഗ് കയ്യോടെ പിടിച്ചതിന്റെ പകയാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്നാണ് പലരും കരുതിയത്. എന്നാല്‍, അത് മാത്രമല്ല, ഈ അഴിമതി പുറത്തു വന്നാല്‍ ജലീല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരുമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.