ആ ഓഡിയോ ക്ലിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ട സഖാക്കള്‍ എനിക്ക് ഗുരുതുല്യമായ സ്‌നേഹം എക്കാലത്തും പ്രദാനം ചെയ്തവര്‍! രാഷ്ട്രീയ മുതലെടുപ്പിനുള്ള ഗൂഡാലോചന എന്ന വാദം സിപിഎം അംഗീകരിക്കില്ല; ഡിവൈഎഫ്‌ഐ നേതാവ് ശരത് പ്രസാദിനെതിരെ നടപടി വരും; വീഡിയോ എത്തിയാല്‍ സ്ഥിതി സങ്കീര്‍ണ്ണമാകും; പിണറായി കോപത്തില്‍
തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ പ്രധാന സിപിഎം നേതാക്കള്‍ അനധികൃത സ്വത്ത് സമ്പാദിക്കുന്നവരെന്ന് വെളിപ്പെടുത്തിയ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ വി.പി. ശരത് പ്രസാദിനെതിരെ നടപടി വരും. സിപിഎം സംസ്ഥാന നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ ധാരണയുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. ഈ സാഹചര്യത്തില്‍ കടുത്ത നടപടിയുണ്ടാകും. ഡിവൈഎഫ്‌ഐയിലെ പദവിയും നഷ്ടമാകും. ശരത്തിനു വിശദീകരണം നല്‍കാന്‍ മൂന്നു ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ നടപടികളും വരും.
ശരത് നേതാക്കളെക്കുറിച്ച് സംസാരിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്. സംഭാഷണത്തിന്റെ വിഡിയോയും തെളിവായി കൈയ്യിലുണ്ടെന്നാണ് ഓഡിയോ പുറത്തുവിട്ടവരുടെ അവകാശവാദം.പാര്‍ട്ടിയിലെ തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഓഡിയോ പുറത്തുവന്നത്. കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ. കണ്ണന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ.സി.മൊയ്തീന്‍ എംഎല്‍എ, കോര്‍പറേഷന്‍ സ്ഥിരസമിതി അധ്യക്ഷന്‍ വര്‍ഗീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ക്കെതിരെയാണ് വെളിപ്പെടുത്തല്‍. ശരത്തും സിപിഎം നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന നിബിന്‍ ശ്രീനിവാസനും തമ്മിലുള്ളതാണ് ഒരു മിനിറ്റ് 49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സംഭാഷണം. അഞ്ചു വര്‍ഷം മുന്‍പത്തെ സംഭാഷണമാണിതെന്ന് ഇന്നലെ രാവിലെ പ്രതികരിച്ച ശരത് പിന്നീട് നിലപാട് മാറ്റി ഓഡിയോ ആധികാരികമല്ലെന്നും താന്‍ ഇത്തരത്തില്‍ സംസാരിച്ചിട്ടില്ലെന്നും പറഞ്ഞു. എന്നാല്‍, ശരത്തിനോടു സംസാരിക്കുന്നയാള്‍ താനാണെന്നു നിബിന്‍ സ്ഥിരീകരിച്ചിരുന്നു. പാര്‍ട്ടി പ്രശ്‌നങ്ങളില്‍ മാധ്യമങ്ങളോടു പ്രതികരിച്ചതിന് നിബിനെ സിപിഎം പുറത്താക്കുകയും ചെയ്തു.
മുന്‍പ് കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന എം.കെ.കണ്ണനിപ്പോള്‍ കോടാനുകോടി രൂപയുടെ ആസ്തിയാണ്. അവരൊക്കെ അത്ര വലിയ ഡീലേഴ്‌സ് ആണ്. എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയായിരിക്കുമ്പോള്‍ പരമാവധി മാസം 5000 രൂപയോ 8000 രൂപയോ ആണ് പിരിക്കാന്‍ കഴിയുക. ജില്ലാ ഭാരവാഹി ആകുമ്പോള്‍ അത് 25,000 ആകും. പാര്‍ട്ടി കമ്മിറ്റി ആകുമ്പോള്‍ അത് 75,000, ഒരുലക്ഷമൊക്കെയാകും സിപിഎമ്മില്‍ ആര്‍ക്കാണ് കാശില്ലാത്തത്? ഒരുഘട്ടം കഴിഞ്ഞാല്‍ നേതാക്കന്‍മാരൊക്കെ കാശുകാരാകും അപ്പര്‍ ക്ലാസ് ആളുകളുടെ ഇടയില്‍ ഇന്ററാക്ട് ചെയ്യുന്നവരാണ് വര്‍ഗീസ് കണ്ടംകുളത്തി, അനൂപ് (ഏരിയ സെക്രട്ടറിഅനൂപ് ഡേവിസ് കാടയെയാണ് ഉദ്ദേശിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍), എ.സി.മൊയ്തീന്‍ എന്നിവര്‍ എന്നും വിവാദ സംഭാഷണത്തില്‍ പറയുന്നു. ഇതിനെ ഗൗരവത്തില്‍ തന്നെയാണ് സംസ്ഥാന നേതൃത്വം എടുത്തിട്ടുള്ളത്. കണ്ണനും മൊയ്തീനും സംസ്ഥാന നേതാക്കളെ പരാതി അറിയിക്കുകയും ചെയ്തു.
സിപിഎം നേതാക്കളെ പരാമര്‍ശിച്ച് പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ഖാദര്‍ വ്യക്തമാക്കിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്പ് പറഞ്ഞു എന്ന് പറയപ്പെടുന്ന സംഭാഷണമാണ് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. അതില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണ്. അനുചിതമായ ഇത്തരം പരാമര്‍ശം തെറ്റാണെന്നാണ് പാര്‍ടി കാണുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്ക് വീണുകിട്ടിയ ആയുധം എന്നനിലയിലാണ് ശബ്ദസന്ദേശം പ്രചരിപ്പിക്കുന്നത്. വസ്തുതകളുമായി ബന്ധമുള്ള ഒന്നും ഇതിലില്ല. സുതാര്യമായി പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് സിപിഎം. നേതാക്കളുടെ ജീവിതവും സുതാര്യമാണ്. ഓഡിയോ ക്ലിപ്പിലെ ശബ്ദത്തിനുടമയായ വി പി ശരത്പ്രസാദില്‍നിന്ന് പാര്‍ടി വിശദീകരണം തേടും. ഇക്കാര്യത്തില്‍ ഉചിതനടപടി സ്വീകരിക്കുമെന്നും കെ വി അബ്ദുള്‍ഖാദര്‍ പറഞ്ഞിട്ടുണ്ട്.
അതിനിടെയാണ് തന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന്റെ ആധികാരികത ദുരൂഹമാണെന്ന് ശരത് പ്രസാദ് പ്രതികരിച്ചത്. രാഷ്ട്രീയ മുതലെടുപ്പിനുമായി ഗൂഡാലോചന ചെയ്ത് പുറത്ത് വിട്ടതാണ് പ്രസ്തുത ഓഡിയോ ക്ലിപ്പെന്നും. എന്നും പാര്‍ട്ടിക്കൊപ്പം മാത്രമാണെന്നും. പാര്‍ട്ടി വിരുദ്ധര്‍ക്ക് മുന്‍പില്‍ കീഴടങ്ങില്ലെന്നും ശരത് പ്രസാദ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. വസ്തുതാ വിരുദ്ധവും, കള്ളവുമായ കാര്യങ്ങളാണ് ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തെ കുറിച്ച് ആ ഓഡിയോ മുഖാന്തിരം പ്രചരിപ്പിക്കുന്നതെന്നും. പാര്‍ട്ടി നേതാക്കളെ സംബന്ധിച്ചോ, പാര്‍ട്ടിയെ സംബന്ധിച്ചോ തനിക്ക് അത്തരത്തില്‍ യാതൊരു അഭിപ്രായവും ഇല്ല എന്ന് മാത്രമല്ല താന്‍ ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് എന്റെ സഖാക്കളെന്നും ശരത് പ്രസാദ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ട്ടി പുറത്താക്കിയ ചിലര്‍ രാഷ്ട്രീയ വിരോധത്താല്‍ മാത്രം പാര്‍ട്ടിയെയും, പാര്‍ട്ടി സഖാക്കളെയും തന്നെയും സമൂഹ മധ്യത്തില്‍ താഴ്ത്തികെട്ടുന്നതിനും രാഷ്ട്രീയ മുതലെടുപ്പിനുമായി ഗൂഡാലോചന ചെയ്ത് പുറത്ത് വിട്ടതാണ് പ്രസ്തുത ഓഡിയോ ക്ലിപ്പെന്നും ശരത് പ്രസാദ് പറയുന്നു.
ശരത് പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്റെ ശബ്ദ സന്ദേശം എന്ന പേരില്‍ പ്രചരിക്കുന്ന
ഓഡിയോ ക്ലിപ്പിന്റെ ആധികാരികത തികച്ചും
ദുരൂഹമാണ്.
വസ്തുതാ വിരുദ്ധവും, കള്ളവുമായ കാര്യങ്ങളാണ് ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തെ കുറിച്ച് ആ ഓഡിയോ മുഖാന്തിരം പ്രചരിപ്പിക്കുന്നത്. പാര്‍ട്ടി നേതാക്കളെ സംബന്ധിച്ചോ, പാര്‍ട്ടിയെ സംബന്ധിച്ചോ എനിക്ക് അത്തരത്തില്‍ യാതൊരു അഭിപ്രായവും ഇല്ല എന്ന് മാത്രമല്ല ഞാന്‍ ഏറെ സ്‌നേഹിക്കുകയും
ബഹുമാനിക്കുകയും ചെയ്യുന്നവരാണ് എന്റെ സഖാക്കള്‍.
ആ ഓഡിയോ ക്ലിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ട സഖാക്കള്‍ എനിക്ക് ഗുരുതുല്യമായ സ്‌നേഹം എക്കാലത്തും പ്രദാനം ചെയ്തവരാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ട്ടി പുറത്താക്കിയ ചിലര്‍ രാഷ്ട്രീയ വിരോധത്താല്‍ മാത്രം പാര്‍ട്ടിയെയും, പാര്‍ട്ടി സഖാക്കളെയും എന്നെയും സമൂഹ മധ്യത്തില്‍ താഴ്ത്തികെട്ടുന്നതിനും രാഷ്ട്രീയ മുതലെടുപ്പിനുമായി ഗൂഡാലോചന ചെയ്ത് പുറത്ത് വിട്ടതാണ് പ്രസ്തുത ഓഡിയോ ക്ലിപ്പ്.
ഒരു പാര്‍ട്ടി വിരുദ്ധര്‍ക്ക് മുന്‍പിലും കീഴടങ്ങില്ല;
പാര്‍ട്ടിക്കൊപ്പം മാത്രം....