കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചതിച്ചു; സാമ്പത്തിക ബാധ്യത അലട്ടിയതിനൊപ്പം സൈബറിടത്തിലെ ചര്‍ച്ചകള്‍ മാനസികമായി തളര്‍ത്തി; മൂന്നു നേതാക്കളുടെ പേരുകള്‍ പരാമര്‍ശിക്കുന്ന ജോസ് നെല്ലേടത്തിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്; വെട്ടിലായി വയനാട് ഡിസിസി

ജോസ് നെല്ലേടത്തിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

Update: 2025-09-12 16:27 GMT

വയനാട്: മുള്ളന്‍കൊല്ലിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോണ്‍ഗ്രസ് നേതാവും വാര്‍ഡ് മെമ്പറുമായ ജോസ് നെല്ലേടത്തിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചതിച്ചുവെന്നാണ് കുറിപ്പില്‍ പറയുന്നത്. ഇതില്‍ മൂന്ന് നേതാക്കളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് സൂചനയുണ്ടെങ്കിലും പോലീസ് ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പുല്‍പ്പള്ളി തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ജോസ് നെല്ലേടം ആരോപണവിധേയനായിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടെന്നും സൈബര്‍ ഇടങ്ങളിലെ ചര്‍ച്ചകള്‍ മാനസികമായി തളര്‍ത്തിയെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.

നേരത്തെ, ജോസ് നെല്ലേടത്തിന്റെ മരണത്തിന് പിന്നില്‍ സിപിഎമ്മിന്റെ വ്യക്തിഹത്യയാണെന്ന വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്റെ വാദങ്ങള്‍ക്ക് ഈ കണ്ടെത്തലോടെ തിരിച്ചടിയേറ്റിരിക്കുകയാണ്. സിപിഎമ്മിന്റെ പ്രചാരണങ്ങള്‍ ജോസിനെ മാനസികമായി തളര്‍ത്തിയെന്നായിരുന്നു അപ്പച്ചന്റെ വാദം.

വീടിനടുത്തുള്ള കുളത്തില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയവരില്‍ ഒരാളായിരുന്നു ജോസ് നെല്ലേടത്ത് എന്ന് ആരോപണമുണ്ട്. തങ്കച്ചന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം, തന്നെ കുടുക്കിയതിനു പിന്നില്‍ ജോസ് ഉള്‍പ്പെടെയുള്ള എന്‍ഡി അപ്പച്ചന്‍ ഗ്രൂപ്പില്‍പ്പെട്ട ചിലരാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. വീട്ടില്‍നിന്ന് മദ്യവും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് തങ്കച്ചന് 16 ദിവസത്തോളം ജയിലില്‍ കഴിയേണ്ടി വന്നത്.

അതേസമയം, ജോസ് നെല്ലേടത്തിന്റെ മരണത്തെത്തുടര്‍ന്ന് മുന്‍ വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ മരുമകള്‍ പത്മജ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിലുള്ള വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടെന്നും കെപിസിസി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. എന്‍.എം. വിജയന്റെ മരണശേഷം പാര്‍ട്ടിയുടെ ഭാഗത്തുനിന്നുള്ള വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെട്ടില്ലെന്നും രണ്ടരക്കോടി രൂപയുടെ ബാധ്യതയുണ്ടെന്നും പത്മജ പറഞ്ഞിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News