ചാര്‍ലി കിര്‍ക്കിനെ എനിക്ക് കണ്ണെടുത്താല്‍ കണ്ടൂടാ! അയാള്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന നേതാവ്; കൊലയ്ക്ക് മുമ്പ് ഒരു വിരുന്നില്‍ വച്ച് ടൈലര്‍ റോബിന്‍സണ്‍ കുടുംബാംഗങ്ങളോട് പറഞ്ഞത് ഇങ്ങനെ; കൃത്യം ചെയ്തത് ഒറ്റയ്‌ക്കെന്ന് അന്വേഷണ ഏജന്‍സികള്‍; 22 കാരന്റെ മാതാപിതാക്കള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍; കീഴടങ്ങിയത് കുടുംബ സുഹൃത്ത് വഴി

ചാര്‍ലി കിര്‍ക്കിനെ എനിക്ക് കണ്ണെടുത്താല്‍ കണ്ടൂടാ!

Update: 2025-09-12 17:17 GMT

വാഷിങ്ടണ്‍: 22 കാരനായ ടൈലര്‍ റോബിന്‍സണ് വലതുപക്ഷ ആക്ടിവിസ്റ്റായ ചാര്‍ലി കിര്‍ക്ക് എന്ന് 31 കാരനോട് എന്താണ് ഇത്ര പക? അതും വിലപ്പെട്ട ഒരു ജീവന്‍ അപഹരിക്കാന്‍ മാത്രമുള്ള പക. റോബിന്‍സണ്‍ കീഴടങ്ങിയതിന് പിന്നാലെ എന്താണ് കൊലപാതക കാരണം എന്നത് അഴിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍. പ്രാഥമിക ചോദ്യം ചെയ്യലില്‍ 22 കാരന്‍ ഒറ്റയ്ക്കാണ് ഹൈ പവേഡ് റൈഫിള്‍ ഉപയോഗിച്ച് 200 വാര അകലെ നിന്ന് വെടിയുതിര്‍ത്ത് കിര്‍ക്കിനെ വകവരുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നതായി യുട്ടാ ഗവര്‍ണര്‍ സ്‌പെന്‍സര്‍ കോക്‌സ് അറിയിച്ചു. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി ഇപ്പോള്‍ തെളിവുകളില്ല.




പ്രതിയോട് വളരെ അടുത്ത ഒരാളാണ് വിവരം നല്‍കിയതെന്നു യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സൂചിപ്പിച്ചിരുന്നു. കൊലയാളിയായ യുവാവിന്റെ പിതാവാണ് കീഴടങ്ങാന്‍ പ്രേരിപ്പിച്ചതെന്നും ട്രംപ് പറഞ്ഞു. തന്റെ അച്ഛന്‍ മാറ്റിനോട് ആണ് ടൈലര്‍ റോബിന്‍സണ്‍ കുറ്റം ഏറ്റുപറഞ്ഞതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വയം കീഴടങ്ങുന്നതിനേക്കാള്‍ ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്നും അച്ഛനോട് 22 കാരന്‍ പറഞ്ഞു. പിന്നീട് യുഎസ് മാര്‍ഷല്‍സ് സര്‍വീസില്‍ ജോലി ചെയ്യുന്ന കുടുംബ സുഹൃത്തിനോട് കുറ്റം ഏറ്റുപറയാന്‍ യുവാവിനെ പ്രേരിപ്പിച്ചു. ഇയാള്‍ വാഷിങ്ടണ്‍ കൗണ്ടി ഷെരീഫുമായി ബന്ധപ്പെടുകയായിരുന്നു.

റോബിന്‍സന്റെ അമ്മ ആംബര്‍ റോബിന്‍സണ്‍ ഭിന്നശേഷിക്കാരെ സഹായിക്കുന്ന സ്ഥാപനമായ ഇന്റര്‍മൗണ്ടന്‍ കോര്‍ഡിനേഷന്‍ സര്‍വീസസിലാണ് ജോലി ചെയ്യുന്നത്. മാതാപിതാക്കള്‍ രണ്ടുപേരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ രജിസ്റ്റര്‍ ചെയ്തവരാണ്.



റോബിന്‍സണ്‍ ഉട്ടാ സംസ്ഥാന സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പ് അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിയായിരുന്നെങ്കിലും 2021 ല്‍ ഒരു സെമസ്റ്റര്‍ മാത്രമേ ഹാജരായിട്ടുള്ളു. കുടുംബത്തിന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ പ്രകാരം റോബിന്‍സണ് രണ്ട് ഇളയ സഹോദരന്മാരുണ്ട്. കുടുംബത്തിന്റെ അവധിക്കാല യാത്രകളുടെയും മറ്റും ചിത്രങ്ങളാണ് കൂടുതല്‍.

ചാര്‍ലി കിര്‍ക്കിനോട് വല്ലാത്ത ദേഷ്യം

ചാര്‍ലി കിര്‍ക്ക് വിദ്വേഷം പ്രചരിപ്പിക്കുന്നതിനാല്‍ തനിക്ക് അദ്ദേഹത്തെ ഇഷ്ടമല്ലെന്ന് റോബിന്‍സണ്‍ വെടിവെപ്പിന് മുമ്പ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. സെപ്റ്റംബര്‍ 10 ന് മുമ്പ് നടന്ന ഒരു വിരുന്നില്‍ വച്ച് യുട്ടാവാലി സര്‍വകലാശാലയിലേക്ക് കിര്‍ക്ക് വരുന്ന കാര്യം ഒരു കുടുംബാംഗത്തോട് റോബിന്‍സണ്‍ സംസാരിച്ചിരുന്നു. കിര്‍ക്ക് വെറുപ്പും വിദ്വേഷവും പടര്‍ത്തുന്ന വ്യക്തിയെന്നാണ് റോബിന്‍സണ്‍ പറഞ്ഞത്.




കൊലപാതകം ആസൂത്രണം ചെയ്തു

നേരത്തെ തന്നെ കൊലപാതകം ആസൂത്രണം ചെയ്ത ടൈലര്‍ റോബിന്‍സണ്‍ മെസേജിങ് ആപ്പായ ഡിസ്‌കോര്‍ഡാണ് ഉപയോഗിച്ചിരുന്നത്. മാറ്റാനുള്ള വസ്ത്രങ്ങള്‍ കരുതിയിരുന്നു. പിടി വീഴാതിരിക്കാന്‍ വസ്ത്രങ്ങള്‍ പലതവണ മാറി. കൊലയ്ക്കുപയോഗിച്ച് റൈഫിള്‍ കാട്ടില്‍ ഒളിപ്പിച്ചു.

പിടിയിലായ റോബിന്‍സണ്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ വധശിക്ഷ വരെ ലഭിക്കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ടൈലര്‍ റോബിന്‍സണെ തെക്കന്‍ യൂട്ടായില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.

പ്രതി താമസിച്ചിരുന്നത് ഏകദേശം 600,000 ഡോളര്‍ വിലമതിക്കുന്ന ആറ് കിടപ്പുമുറികളുള്ള ഒരു വീട്ടിലാണ്. ഈ വീട് സംഭവം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 260 മൈല്‍ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.




പ്രതിയുടെ പിതാവ് തന്റെ സുഹൃത്തായ ഉന്നത യുഎസ് മാര്‍ഷലിനെ വിവരം അറിയിച്ചെന്നും അതോടെയാണ് പ്രതി പിടിയിലായതെന്നുമാണ് ട്രംപ് പറഞ്ഞത്. ഏറ്റവും നല്ല വ്യക്തിയായ കിര്‍ക്കിനെ കൊലപ്പെടുത്തിയ ആള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് തന്റെ ആഗ്രഹമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ' 'ചാര്‍ലി കിര്‍ക്ക് ഏറ്റവും നല്ല വ്യക്തിയായിരുന്നു, അദ്ദേഹത്തിന് ഇത് അര്‍ഹിച്ചില്ല,' അദ്ദേഹം കഠിന പ്രയത്‌നം നടത്തുന്ന ആളായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു' ട്രംപ് പറഞ്ഞു.

പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് ഉട്ടാ ഗവര്‍ണര്‍ സ്‌പെന്‍സര്‍ കോക്‌സിന്റെയും താല്‍പര്യമെന്നും ട്രംപ് സൂചിപ്പിച്ചു. വ്യാഴാഴ്ചയാണ് ചാര്‍ലി കിര്‍ക്ക് യൂട്ടാ വാലി യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന പരിപാടിക്കിടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 31 വയസുളള കിര്‍ക്ക് ട്രംപിന്റെ അടുത്ത അനുയായിയായിരുന്നു.

സംഭവം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് കണ്ടെടുത്ത ആയുധത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍, ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങള്‍ ആലേഖനം ചെയ്ത വെടിയുണ്ടകള്‍ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ചാര്‍ലി കിര്‍ക്കിനെ കൊലപ്പെടുത്തിയ ശേഷം പ്രതി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി അടുത്തുള്ള ഒരു പ്രദേശത്തേക്ക് ഓടി മറയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിരുന്നു. ഏകദേശം 200 വാര അകലെ നിന്നാണ് കിര്‍ക്കിന് വെടിയേറ്റത്. ഇതിന് പിന്നാലെ പ്രതിയെ കണ്ടെത്താനായി പോലീസ് വ്യാപകമായ തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.


Tags:    

Similar News