'ആഭരണങ്ങളുണ്ടായിട്ടും തൊട്ടിട്ടില്ല; അക്രമി ശ്രമിച്ചത് കുട്ടിയെ കൈക്കലാക്കാന്‍'; ചെറുത്തതിന് സെയ്ഫിനെ ആവര്‍ത്തിച്ചു കുത്തിയെന്നും കരീനയുടെ മൊഴി; സെയ്ഫിനെ ആക്രമിച്ച പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഛത്തീസ്ഗഡില്‍ പിടിയില്‍; ദുര്‍ഗില്‍ നിന്നും പിടികൂടിയത് ജ്ഞാനേശ്വരി എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ; സിസിടിവി ദൃശ്യങ്ങളിലെ അക്രമിയുമായി സാമ്യം
സെയ്ഫിനെ ആക്രമിച്ച പ്രതിയെന്ന് സംശയിക്കുന്നയാള്‍ മധ്യപ്രദേശില്‍ പിടിയില്‍
ഭോപാല്‍: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ബാന്ദ്രയിലെ വസതിയില്‍വെച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെന്ന് സംശയിക്കുന്നയാളെ ഛത്തീസ് ഗഡില്‍നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. അകാശ് കൈലാസ് ഖനോജിയ എന്നയാളെ ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുമാണ് പിടികൂടിയത്. മുംബൈ - ഹൗറ ജ്ഞാനേശ്വരി എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ജനറല്‍ കമ്പാര്‍ട്ട് മെന്റില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് പിടികൂടിയത്. അകാശിനെ ചോദ്യം ചെയ്തു വരികയാണ്.
പ്രതി ജ്ഞാനേശ്വരി എക്‌സ്പ്രസ് ട്രെയിനില്‍ സഞ്ചരിക്കുന്നെന്ന വിവരം ലഭിച്ച ബാന്ദ്ര പൊലീസ് റോയില്‍വേ പൊലീസിന് കൈമാറിയിരുന്നു. പ്രതിയെ ട്രെയിനില്‍നിന്ന് ഇറക്കി പിടികൂടുകയായിരുന്നുവെന്നാണ് വിവരം. പൊലീസ് പുറത്തുവിട്ട പ്രതിയുടെ സിസിടിവി ദൃശ്യവുമായി ഇയാള്‍ക്ക് സാമ്യമുണ്ടെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീഡിയോ കോളില്‍ മുംബൈ പോലീസ് പിടികൂടിയ അകാശ് കൈലാസുമായി സംസാരിച്ചു. മുംബൈയില്‍ നിന്നും അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ദുര്‍ഗിലെക്ക് തിരിച്ചതായാണ് വിവരം. എട്ട് മണിയോടെ അന്വേഷണ സംഘം ദുര്‍ഗിലെത്തും.
ടിക്കറ്റില്ലാതെയാണ് അകാശ് കൈലാസ് ട്രെയിനില്‍ യാത്ര ചെയ്തതെന്നാണ് വിവരം.പിടികൂടിയപ്പോല്‍ നാഗ്പൂരിലെക്ക് യാത്ര ചെയ്യുന്നുവെന്നായിരുന്നു ആദ്യ പ്രതികരണം. പിന്നീട് വിലാസ്പുരിലേക്ക് എന്ന് കൈലാസ് മാറ്റിപ്പറഞ്ഞു. എന്നാല്‍ ഇയാള്‍ തന്നെയാണോ സെയ്ഫിനെ ആക്രമിച്ചതെന്ന കാര്യത്തില്‍ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. പ്രതി എക്‌സ്പ്രസ് ട്രെയിനില്‍ സഞ്ചരിക്കുന്നതായി മുംബൈ പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ സുരക്ഷാസേനയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടയാളുമായി സമാനതകളുള്ള ആളാണ് പിടിയിലായത്.
നേരത്തെ കേസില്‍ പ്രതിയെന്നു സംശയിച്ച് കസ്റ്റഡിയിലെടുത്ത മറ്റൊരാളെ പൊലീസ് വിട്ടയച്ചിരുന്നു. കേസുമായി ബന്ധമില്ലെന്നും ഇയാള്‍ നിരപരാധിയാണെന്നും പൊലീസ് പറഞ്ഞു. സെയ്ഫിന്റെ ശരീരത്തില്‍ നിന്നും പുറത്തെടുത്ത കത്തിയുടെ ഭാഗം കൈപ്പറ്റിയതായും ബാക്കി ഭാഗത്തിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുള്ളതായും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് 54കാരനായ സെയ്ഫിനെ അക്രമി കുത്തി പരിക്കേല്‍പ്പിച്ചത്.
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചയാളെ ഇന്ന് വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ നല്‍കിയ മൊഴികളിലുണ്ടായ സംശയത്തെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ഇതുവരെ ഇരുപതിലധികം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. സെയ്ഫ് അലിഖാന്റെ വീട്ടിലെ ജീവനക്കാരുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തിയിരുന്നു.
ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച് കയറിയ ആളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സെയ്ഫ് അലി ഖാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. നടന്‍ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നടന്റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് ഇന്നലെ മാറ്റിയിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
അടിയന്തര ആവശ്യത്തിനായുള്ള സ്റ്റെയര്‍കേസുവഴി 11-ാം നിലയിലെത്തിയ അക്രമി ഇവിടെ മോഷണം നടത്താനുള്ള ശ്രമം നടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സെയ്ഫിന് ആറ് തവണ കുത്തേറ്റതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു. കുത്തേറ്റ സെയ്ഫ് അലി ഖാനെ കുടുംബാംഗങ്ങളും ജോലിക്കാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അക്രമിക്കു വേണ്ടിയുള്ള അന്വേഷണത്തിനിടെ മുപ്പതോളം സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. കെട്ടിടത്തിലെ ആറാം നിലയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് അക്രമിയെ തിരിച്ചറിയാനായത്.
ബാന്ദ്ര വെസ്റ്റില്‍, നിരവധി ബോളിവുഡ് താരങ്ങളുടെ താമസസ്ഥലമായ 12 നില കെട്ടിടത്തിലാണ് സെയ്ഫ് അലി ഖാന്‍, ഭാര്യ കരീന കപൂര്‍, മക്കള്‍ എന്നിവര്‍ താമസിക്കുന്നത്. നാല് നിലകളിലായാണ് സെയ്ഫിന്റെ വസതി. ഇതിന്റെ തൊട്ടടുത്ത കെട്ടിടം വഴിയാണ് ആക്രമി കയറിയതെന്ന് പൊലീസ് പറയുന്നു. കോമ്പൗണ്ടിനകത്ത് കയറിയ അക്രമി, സ്റ്റെയര്‍കേസ് വഴി സെയ്ഫിന്റെ വസതിയുടെ പിന്‍വശത്ത് എത്തി. പിന്നീട് ഫയര്‍ എക്‌സിറ്റ് വഴി അകത്ത് കടക്കുകയായിരുന്നു.
അക്രമി ഫ്‌ലാറ്റില്‍ മോഷണം നടത്തിയിട്ടില്ലെന്നും ഒന്നും നഷ്ടമായിട്ടില്ലെന്നും നേരത്തെ കരീന കപൂര്‍ ബാന്ദ്ര പൊലീസിനു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. കുട്ടിയെ ആക്രമിക്കാനാണ് അതിക്രമിച്ചു കടന്നയാള്‍ ശ്രമിച്ചതെന്ന് കരീന കപൂര്‍ പറയുന്നു. സെയ്ഫ് ഒറ്റയ്ക്കാണ് അക്രമിയെ നേരിട്ടത്. സംഭവത്തിനു ശേഷം സഹോദരി കരിഷ്മ കപൂറെത്തിയാണ് തന്നെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയതെന്നും കരീന വെളിപ്പെടുത്തി.
കരീനയുടെ വാക്കുകള്‍: ''അക്രമി വീട്ടില്‍ നിന്നും ഒന്നും മോഷ്ടിച്ചിട്ടില്ല. ആഭരണങ്ങള്‍ തുറന്നിരിക്കുകയായിരുന്നു. അതു പോലും തൊട്ടിട്ടില്ല. കുട്ടിയെ കൈക്കലാക്കാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍. സെയ്ഫ് അപ്പോള്‍ തന്നെ കുട്ടിയേയും നാനിയേയും പന്ത്രണ്ടാം നിലയിലേക്ക് കയറ്റിവിട്ടു. ജെയെ പിടികൂടാന്‍ പറ്റാത്തതിലുള്ള ദേഷ്യത്തില്‍ അക്രമി സെയ്ഫിനെ ആവര്‍ത്തിച്ചു കുത്തുകയായിരുന്നു. അത് കണ്ടുകൊണ്ടു നില്‍ക്കാനേ പറ്റിയുള്ളൂ. എത്രയും പെട്ടെന്ന് പോവുകയും ചെയ്തു.''