'കേന്ദ്ര ബജറ്റില്‍ ആദ്യം സഹായം നല്‍കുന്നത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക്; കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ കിട്ടും'; സംസ്ഥാന സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മുന്‍ഗണന അനുസരിച്ച് എയിംസ് അനുവദിക്കും; ബജറ്റില്‍ കേരളത്തിനെ തഴഞ്ഞെന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
'കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ കിട്ടും'
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ആദ്യം സഹായം നല്‍കുന്നത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ സഹായം നല്‍കാമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കേന്ദ്ര ബജറ്റില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന് സഹായം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ജോര്‍ജ് കുര്യന്റെ മറുപടി.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യകാര്യങ്ങളില്‍ കേരളം പിന്നാക്കമാണെന്ന് പറയട്ടെ. അപ്പോള്‍ കമ്മിഷന്‍ പരിശോധിിച്ച് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. നിലവില്‍ കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളുടെ വികസനത്തിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. എയിസ് ബജറ്റില്‍ അല്ല പ്രഖ്യാപിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കി കഴിഞ്ഞാല്‍ മുന്‍ഗണന അനുസരിച്ച് എയിംസ് അനുവദിക്കുമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
'പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് കൊടുക്കുന്നത്. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ, അപ്പോള്‍ കിട്ടും. ഞങ്ങള്‍ക്ക് റോഡില്ല, ഞങ്ങള്‍ക്ക് വിദ്യാഭ്യാസമില്ല, ഞങ്ങള്‍ക്ക് അങ്ങനെയുള്ള കാര്യമില്ല എന്ന് കേരളം പ്രഖ്യാപിച്ചാല്‍, മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സമൂഹികപരമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ പിന്നാക്കമാണ് എന്ന് പറഞ്ഞാല്‍ അത് കമ്മീഷന്‍ പരിശോധിക്കും. പരിശോധിച്ചുകഴിഞ്ഞാല്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് കൊടുക്കും. അങ്ങനെയാണ് തീരുമാനിക്കുക. അല്ലാതെ ഗവണ്‍മെന്റ് അല്ലല്ലോ'.- ജോര്‍ജ് കുര്യന്‍ പറഞ്ഞു.
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച ബ്ജറ്റില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ബ്ജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ നിരാകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനും കുറ്റപ്പെടുത്തിയിരുന്നു.
കേന്ദ്ര ബജറ്റ് സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജും വിഴിഞ്ഞത്തിന് ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കും വിധമുള്ള പരിഗണനയും ആവശ്യപ്പെട്ടിരുന്നു.
എയിംസ്, റെയില്‍വേ കോച്ച് നിര്‍മ്മാണശാല തുടങ്ങിയ നിരന്തരമായ ആവശ്യങ്ങളൊക്കെ ഈ ബജറ്റിലും നിരാകരിച്ചു. വന്‍കിട പദ്ധതികളുമില്ല. 25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി നീക്കിവയ്ക്കുമ്പോള്‍ ഏതാണ്ട് 40,000 കോടി പോലും കേരളത്തിനു ലഭിക്കാത്ത നിലയാണുള്ളത്. വിദ്യാഭ്യാസരംഗത്തിലടക്കം കേരളം നേടിയ പുരോഗതി മുന്‍നിറുത്തി കേരളത്തെ ശിക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ കേന്ദ്രബജറ്റില്‍ കേരളത്തെ അവഗണിച്ചതായി എല്‍.ഡി.എഫ്, യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചിരുന്നു.