നേരം വെളുത്തപ്പോള്‍ നദിയിലെ ജലത്തിന്റെ നിറം രക്തം കലര്‍ന്നപോലെ ചുവപ്പായി; കടുത്ത ദുര്‍ഗന്ധവും; അര്‍ജന്റീനയിലെ നദിയുടെ നിറം മാറിയതില്‍ ആശങ്കയോടെ നാട്ടുകാര്‍; ചിത്രങ്ങളും വീഡിയോയും പങ്കുവച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച

അര്‍ജന്റീനയിലെ നദിയുടെ നിറം മാറിയതില്‍ ആശങ്കയോടെ നാട്ടുകാര്‍

Update: 2025-02-09 11:23 GMT

ബ്യൂണസ് ഐറിസ്: രാത്രിയില്‍ ഒന്നുറങ്ങി എണീറ്റപ്പോള്‍ വീടിന് സമീപത്തെ നദിയില്‍ ചുവപ്പ് നിറത്തിലുള്ള വെള്ളം ഒഴുകുന്നത് കണ്ടതിന്റെ ഞെട്ടലിലാണ് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ജനങ്ങള്‍. പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയത് സാരന്ദി കനാലിലെ വെള്ളത്തിന്റെ നിറമാണ്. ചുവപ്പ് നിറത്തിലുള്ള വെള്ളമാണ് ഈ കനാലിലൂടെ ഒഴുകുന്നത്. ഒപ്പം സഹിക്കാനാകാത്ത ദുര്‍ഗന്ധവുമുണ്ട്. രക്തം പോലെ ഒഴുകുന്ന കനാലിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തു.

രാവിലെ ഈ ദുര്‍ഗന്ധം പരന്നതോടെയാണ് തങ്ങള്‍ ഉണര്‍ന്നതെന്നും പിന്നീടാണ് കനാലിലെ വെള്ളം ചുവപ്പ് നിറത്തിലായത് ശ്രദ്ധിച്ചതെന്നും റിയോ ഡി ലാ പ്ലാറ്റ മേഖലയിലെ പ്രദേശവാസികള്‍ ലോക്കല്‍ ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി. ഇതിന് പിന്നിലെ യഥാര്‍ഥ കാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല.

ബ്യൂണസ് ഐറിസിന്റെ പ്രാന്തപ്രദേശത്തു കൂടി ഒഴുകുന്ന നദിയിലെ ജലത്തിന്റെ നിറമാണു പൊടുന്നനെ ചുവപ്പുനിറമായി മാറിയത്. കിലോമീറ്ററുകളോളം നദിയിലെ ജലം ചുവപ്പുനിറമായി മാറിയതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വസ്ത്രങ്ങള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന ചുവപ്പ് കെമിക്കല്‍ ഡൈ വെള്ളത്തില്‍ കലര്‍ന്നതാകാം നിറം മാറ്റത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിരവധി ടെക്സ്‌റ്റൈല്‍ ഫാക്ടറികള്‍ കനാലിന് സമീപത്തുണ്ട്. ഇവയ്ക്ക് പുറമെ ചെരുപ്പും ബാഗുമെല്ലാം നിര്‍മിക്കുന്ന ഫാക്ടറികളുമുണ്ട്. ഇവയില്‍ നിന്ന് പുറന്തള്ളിയ കെമിക്കല്‍ മാലിന്യങ്ങളും നിറംമാറ്റത്തിന് കാരണമായിട്ടുണ്ടാകാമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ജലത്തിന്റെ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

നേരത്തേയും മാലിന്യങ്ങള്‍ കാരണം ഈ കനാലിലെ വെള്ളത്തിന്റെ നിറം മാറിയിരുന്നു. പച്ചയും നീലയും നിറങ്ങളിലും വെള്ളം കണ്ടിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ആദ്യമായാണ് ചുവപ്പ് നിറത്തില്‍ കാണപ്പെടുന്നത്. നേരത്തെ മഞ്ഞ നിറത്തിലായ സമയത്ത് ദുര്‍ഗന്ധം കാരണം പലര്‍ക്കും അസുഖമുണ്ടായെന്നും പ്രദേശവാസികള്‍ പറയുന്നു.

അര്‍ജന്റീനയ്ക്കും യുറഗ്വായ്ക്കും ഇടയിലുള്ള പ്രധാന ജലാശയമായ റിയോ ഡി ലാ പ്ലാറ്റയിലേക്കു ഒഴുകുന്ന നദിയാണു സാരന്ദി. നദിയുടെ തീരത്തുള്ള വ്യവസായ ശാലകളില്‍നിന്നും രാസവസ്തുക്കള്‍ ധാരാളമായി നദിയിലേക്കു ഒഴുക്കിവിടാറുണ്ടെന്നു പരിസരവാസികള്‍ ആരോപിക്കുന്നുണ്ട്. ശക്തമായ ദുര്‍ഗന്ധം വന്നതോടെയാണു നദിയിലെ ജലത്തിന്റെ നിറം മാറിയതായി ശ്രദ്ധയില്‍പ്പെട്ടതെന്നും പരിസരവാസികള്‍ പറയുന്നു. സാരന്ദി നദിയിലെ ജലം ചുവപ്പ് നിറമായതോടെ പരിശോധനയ്ക്കായി ജലസാമ്പിളുകള്‍ ശേഖരിച്ചതായി ബ്യൂണസ് ഐറിസ് പ്രവിശ്യയിലെ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി 4ന് പെറുവിന്റെ തലസ്ഥാനമായ ലിമയിലെ റിമാക് നദിയിലെ ജലവും ചുവപ്പ് നിറമായി മാറിയിരുന്നു. സംഭവത്തില്‍ മെട്രോപൊളിറ്റന്‍ മുനിസിപ്പാലിറ്റി ഓഫ് ലിമ നടത്തിയ അന്വേഷണത്തില്‍ വിഷ മാലിന്യം നദിയിലേക്കു തള്ളിയതാണു നിറമാറ്റത്തിനു കാരണമെന്നു കണ്ടെത്തിയിരുന്നു.

Tags:    

Similar News