കടമുറി വാടകയ്ക്ക് എന്ന് പരസ്യം; അതു കണ്ട് ടിന്റു ശേഖര്‍ നല്‍കിയത് ഒരു ലക്ഷം; മ്യൂസിയം പോലീസിന്റെ കൈയ്യത്തും ദൂരത്ത് നടന്നത് സമാനതകളില്ലാത്ത തട്ടിപ്പ്; എല്ലാ തന്ത്രവും പയറ്റി പണം അടിച്ചെടുത്ത ആ ദമ്പതികള്‍ ആര്? തട്ടിപ്പുകാരെ കണ്ടെത്താന്‍ പോലീസിന് താല്‍പ്പര്യമില്ലാത്തൊരു പരാതിക്കഥ

Update: 2025-02-12 06:22 GMT

തിരുവനന്തപുരം: കടമുറി വാടകയ്ക്കെന്ന് പരസ്യം നല്‍കി പണം തട്ടിയതായി പരാതിയുണ്ടായിട്ടും പൊലീസ് കേസെടുക്കാത്തത് പ്രതികള്‍ക്ക് ഉന്നതരുമായുള്ള ബന്ധം കാരണമെന്ന് ആരോപണം. ഒഎല്‍എക്സിലൂടെയാണ് പരസ്യം നല്‍കിയിരുന്നത്. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിലായിരുന്നു കടമുറി. പരസ്യം കണ്ട് ടിന്റു ശേഖര്‍ കടമുറിയുടെ ഉടമസ്ഥരെന്ന് അവകാശപ്പെട്ടവരെ ബന്ധപ്പെട്ടു. തുടര്‍ന്ന് 1 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയ ശേഷമാണ് കടമുറി മൂന്ന് മാസം മുന്‍പ് മറ്റൊരാള്‍ക്ക് നല്‍കിയതായി മനസിലാകുന്നത്. പലതവണകളായാണ് ആരോപണവിധേയര്‍ പരാതിക്കാരനില്‍ നിന്നും പണം കൈപ്പറ്റിയത്. തിരുവനന്തപുരം സ്വദേശിയായ ടിന്റു ശേഖറാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

വൈദ്യുത കണക്ഷനും, വെള്ള കണക്ഷന്‍ ഉള്‍പ്പെടെ ഉണ്ടെന്നായിരുന്നു പരസ്യത്തില്‍ പറഞ്ഞിരുന്നത്. ടിന്റു ശേഖറും കൂട്ടാളിയും ചേര്‍ന്നാണ് കടമുറി വാടകയ്ക്ക് എടുക്കാന്‍ അഡ്വാന്‍്‌സ് നല്‍കിയത്. എഗ്രിമെന്റും എഴുതി. എന്നാല്‍ കട കിട്ടിയില്ല. കഴിഞ്ഞ നവംബര്‍ 8നാണ് കടമുറിയുടെ അഡ്വാന്‍സായി 40000 രൂപ ഉടമസ്ഥര്‍ എന്ന് അവകാശപ്പെട്ടവരുടെ അക്കൗണ്ടില്‍ അയച്ചു കൊടുക്കുന്നത്. ബാക്കി തുക എഗ്രിമെന്റ് ആയതിന് ശേഷം നല്‍കാമെന്നും ധാരണയായിരുന്നു. തുടര്‍ന്ന് അതേമാസം 27ന് 50000 രൂപ കൂടി നല്‍കിയതായും പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപയായിരുന്നു അഡ്വാന്‍സായി പറഞ്ഞിരുന്നത്. ആദ്യ രണ്ട് മാസം 1000 രൂപയും പിന്നീട് 1500 രൂപ നല്‍കാമെന്നും ധാരണയായതായിരുന്നു. എന്നാല്‍ നഗരസഭ നല്‍കിയ കടമുറി ക്രയവിക്രിയം ചെയ്യാനുള്ള അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍ പരസ്യം നല്‍കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവര്‍ കടമുറി രണ്ട് സ്ത്രീകള്‍ക്ക് വാടയ്ക്ക് നല്‍കിയിരുന്നു.

ടിന്റു കടമുറി കാണാന്‍ വരുന്ന ദിവസം സ്ത്രീകളെ തന്ത്രപൂര്‍വം കടയില്‍ നിന്നും മാറ്റാനും തട്ടിപ്പ് നടത്തിയവര്‍ക്കായി. അറ്റകുറ്റ പണികള്‍ ചെയ്യുന്നതിനായി ഒരാഴ്ചത്തേക്ക് കട ഒരാഴ്ചത്തേക്ക് തുറക്കാന്‍ പാടില്ലെന്നും, പണികള്‍ ചെയ്യാനായി തൊഴിലാളികള്‍ വരുമെന്നും ഇവര്‍ സ്ത്രീകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കടമുറി അടച്ചിട്ടിരുന്ന ദിവസമാണ് ടിന്റു സന്ദര്‍ശനത്തിനെത്തിയത്. കടയില്‍ ക്യാമറ സ്ഥാപിക്കണമെന്ന് ടിന്റു ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ അഡ്വാന്‍സിന്റെ ബാക്കി തുകയായ 10000 രൂപ ക്യാമറ സ്ഥാപിക്കാന്‍ വരുന്നവര്‍ക്ക് നല്‍കാന്‍ ദമ്പതികള്‍ ആവശ്യപ്പെട്ടു. അപ്പോഴും കടമുറിയുടെ എഗ്രിമെന്റ് ടിന്റുവിന് ഇവര്‍ നല്‍കിയിരുന്നില്ല. ആവശ്യപ്പെട്ടപ്പോള്‍ എടുക്കാന്‍ മറന്ന് പോയതാണെന്ന് ആയിരുന്നു മറുപടി.

തുടര്‍ന്ന് അടുത്ത ദിവസം കടയുടെ എഗ്രിമെന്റ് വാട്‌സാപ്പിലൂടെ അയച്ചു നല്‍കിയതായും പരാതിയില്‍ പറയുന്നു. എന്നാല്‍ ഉടമസ്ഥരെന്ന് പറഞ്ഞ് ബന്ധപ്പെട്ടവരുടെ പേരിലായിരുന്നില്ല കടമുറി. ചോദിച്ചപ്പോള്‍ അമ്മയുടേതാണെന്നായിരുന്നു മറുപടി. അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കുന്നതിനായി കടമുറി തുറന്ന് നല്‍കണമെന്ന് ടിന്റു ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താക്കോല്‍ കളഞ്ഞ് പോയെന്ന് പറഞ്ഞ ഇവര്‍ ടിന്റുവിനോട് പൂട്ട് പൊളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ ടിന്റു ഇതിനു മുതിര്‍ന്നില്ല. ഇവരുടെ ആവശ്യപ്രകാരം പരാതിക്കാരന്‍ പുതിയ പൂട്ടും വാങ്ങി നല്‍കി. ഉടമസ്ഥരെന്ന് അവകാശപ്പെട്ടവര്‍ കടമുറിയുടെ പൂട്ട് പൊളിച്ച് പുതിയ പൂട്ട് ഇടാന്‍ ശ്രമിച്ചതോടെയാണ് തട്ടിപ്പ് പുറത്ത് വരുന്നത്. പൂട്ട് പൊളിക്കുന്ന സമയത്ത് കടമുറി വാടകയ്ക്ക് എടുത്ത സ്ത്രീകള്‍ സ്ഥലത്തുണ്ടായിരുന്നു.

കടമുറി മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഉടമസ്ഥര്‍ സ്ത്രീകള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നതായി പുറത്ത് വരുന്നത്. കൃത്യമായി വാടകയും ഇവര്‍ നല്‍കിയിരുന്നു. വലിയ തട്ടിപ്പാണ് ഉടമസ്ഥര്‍ നടത്തിയതെന്നാണ് ആരോപണം. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെ ടിന്റു ഉടമസ്ഥരില്‍ നിന്നും പണം തിരികെ ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഇവര്‍ ഉന്നതരുമായി ബന്ധമുള്ളവരായതിനാലാണ് പൊലീസ് നടപടി സ്വീകരിക്കാത്തതെന്നാണ് പറത്തിക്കാരന്‍ പറയുന്നത്. പണം തട്ടിയവര്‍ പരാതിക്കാരെ ഭീക്ഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. പരാതി നല്‍കിയിട്ട് നാല് മാസം പോലീസിന്റെ ഭാഗത്ത് നിന്നും അന്വേഷണം ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.

ടിന്റു ശേഖര്‍

Similar News