'വിദ്യാഭ്യാസ മേഖല കച്ചവടം ചെയ്യാന്‍ ഹേ മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി നിങ്ങള്‍ക്കും റബ്ബിനും എത്രകോടി കിട്ടി'; അന്ന് എസ്എഫ്‌ഐ നേതാവ് വിജന്‍ തെരുവില്‍ കത്തിക്കയറിയത് ഇങ്ങനെ; അന്ന് എതിര്‍ത്ത സ്വകാര്യ യൂണിവേഴ്‌സിറ്റി ബില്ലില്‍ ഇനി നിയമസഭയില്‍ എംഎല്‍എ വിജിന്‍ അനുകൂലിച്ചു വോട്ടു ചെയ്യണം; എസ്.എഫ്.ഐയുടെ ഇരട്ടത്താപ്പ് സൈബറിടത്തില്‍ ചര്‍ച്ചയില്‍
'വിദ്യാഭ്യാസ മേഖല കച്ചവടം ചെയ്യാന്‍ ഹേ മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി നിങ്ങള്‍ക്കും റബ്ബിനും എത്രകോടി കിട്ടി'
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് പുരോഗമനപരമായ എന്തെങ്കിലും കാര്യം വന്നാല്‍, അതിനെ എതിര്‍ക്കുക എന്നത് എസ്എഫ്‌ഐയുടെ സ്ഥിരം പരിപാടിയാണ്. എന്നാല്‍, കാലങ്ങള്‍ കഴിയുമ്പോള്‍ അന്ന് എതിര്‍ത്ത കാര്യത്തെ പിന്തുണക്കുന്നതും പതിവാണ്. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകളെ കുറിച്ച് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു പോയപ്പോള്‍ അതിനെ എതിര്‍ത്ത് രംഗത്തുവന്നത് ഈ വിദ്യാര്‍ഥി പ്രസ്ഥാനമായിരുന്നു. എന്നാല്‍, ഇപ്പോള്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ സ്വകാര്യ യുണിവേഴ്‌സിറ്റി ബില്‍ നിയമസഭയില്‍ കൊണ്ടുവരാനിരിക്കയാണ്. ഇതോടെ എസ്എഫ്‌ഐക്ക് മിണ്ടാട്ടം മുട്ടി.
അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ സ്വകാര്യ ബില്ലിനെ എതിര്‍ത്ത എസ്എഫ്‌ഐ നേതാക്കളില്‍ പലരും ഇപ്പോള്‍ നിയമസഭയില്‍ എഎല്‍എമാരായുണ്ട്. അന്ന് എസ്എഫ്‌ഐ നേതാവായിരുന്ന വിജിനാണ് ഇതില്‍ ഒരാള്‍. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി പോകുന്നതും വിജിന്റെ പ്രസംഗമാണ്. കേരളത്തിലെ വിദ്യാഭ്‌യാസ മേഖലയെ കച്ചവടം ചെയ്യാനാണ് ശ്രമമെങ്കില്‍, ഹേ മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി നിങ്ങള്‍ക്കും അബ്ദുറബ്ബിനും എത്ര കോടി കിട്ടി എന്നു ചോദിച്ചാണ് വിജിന്‍ അന്ന് കത്തിക്കയറിയത്. അതേ വിജിന്‍ അടുത്ത ദിവസങ്ങളില്‍ നിയമസഭയില്‍ ഈ സ്വകാര്യ സര്‍വകലാശാല ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്യണം. സോഷ്യല്‍ മീഡിയയില്‍ വിജിനെ പരിഹസിച്ചും എസ്എഫ്‌ഐയുടെ മുന്കാല തിയറി അനുസരിച്ച് എത്രകോടി പിണറായി വാങ്ങിക്കാണും എന്ന പരിഹാസ്യ ചോദ്യം ഉയര്‍ന്നുണ്ട്.
അതേസമയം എസ്എഫ്‌ഐയുടെ പ്രസ്താവനയും സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ചു കൊണ്ടാണ്. സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹികനീതിയും മെറിറ്റും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കണമെന്ന് എസ്എഫ്‌ഐ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്‍ഷം വാര്‍ഷിക ബജറ്റില്‍ സ്വകാര്യ സര്‍വകലാശാല പ്രഖ്യാപനം നടത്തിയ സമയത്ത് തന്നെ അതിനെ പറ്റിയുള്ള ആശങ്കയും അഭിപ്രായവും എസ്എഫ്‌ഐ പ്രസ്താവനയിലൂടെ പൊതുസമൂഹത്തിന് മുമ്പില്‍ പങ്കുവെച്ചിരുന്നതാണ്.
അന്ന് എസ്എഫ്‌ഐ ഉയര്‍ത്തിയ ആശങ്കകളും അഭിപ്രായങ്ങളും സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചിട്ടുണ്ട് എന്നാണ് സ്വകാര്യ സര്‍വ്വകലാശാല ബില്ലിനെ സംബന്ധിച്ചുള്ള വാര്‍ത്തകളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തില്‍ സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹിക നീതിയും മെറിറ്റും ഉറപ്പ് വരുത്താന്‍ കേരളത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാമൂഹിക നീതിയും മെറിറ്റും പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് വിദ്യാര്‍ത്ഥികളുടെയും, അദ്ധ്യാപകരുടെയും, ജീവനക്കാരുടെയും ജനാധിപത്യ അവകാശങ്ങള്‍. സ്വകാര്യ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും, ജീവനക്കാര്‍ക്കും സംഘടനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്താനും വിദ്യാര്‍ത്ഥി യൂണിയന്‍ ഉള്‍പ്പെടെയുള്ള ജനാധിപത്യ വേദികള്‍ ഉറപ്പ് വരുത്താനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.
ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വലിയ വേട്ടയാടലുകളാണ് സ്വകാര്യ - സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടക്കുന്നത്. ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ സ്വകാര്യ സര്‍വകലാശാലകളില്‍ ഇന്റേണല്‍ മാര്‍ക്കിനെ സംബന്ധിച്ചുള്ള പരാതി പരിഹാര സമിതിയില്‍ വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്താനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.
പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവുമുണ്ടാവണം. വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് വരുന്ന ആശങ്കകള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചും, വിദ്യാര്‍ത്ഥി സംഘടനകളോട് ചര്‍ച്ച ചെയ്തും മാത്രമേ സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കാന്‍ പാടുള്ളൂ എന്ന് സംസ്ഥാന സര്‍ക്കാരിനോട് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.