ഏഷ്യാനെറ്റ് ന്യൂസിന്റെ സ്‌കൂള്‍ യുവജനോല്‍സവ റിപ്പോര്‍ട്ടിങ്ങിനായി ചീഫ് സെക്രട്ടറി ഡബിള്‍ ഡക്കര്‍ ബസിനു മുകളില്‍ അപകടകരമായി നൃത്തം ചെയ്തതിനെതിരെ പരാതി; കോടതിയെ വെല്ലുവിളിച്ചെന്ന് ആരോപണം; ബസ് ടോപ്പിലെ നൃത്തം; ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ കുടുങ്ങുമോ?
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ സ്‌കൂള്‍ യുവജനോല്‍സവ റിപ്പോര്‍ട്ടിങ്ങിനായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഡബിള്‍ ഡക്കര്‍ ബസിനു മുകളില്‍ അപകടകരമായി നൃത്തം ചെയ്തതിനെതിരെ ഗതാഗത മന്ത്രിക്കും ഗതാഗത കമ്മിഷണര്‍ക്കും നിരവധി പരാതികള്‍. ചീഫ് സെക്രട്ടറിയുടെ നൃത്തം ഏഷ്യാനെറ്റില്‍ ലൈവായി സംപ്രേഷണം ചെയ്തിരുന്നു. കെ എസ് ആര്‍ ടി സി ഡബിള്‍ ഡക്കര്‍ ബസ് വാടകയ്ക്ക് എടുത്താണ് ഏഷ്യാനെറ്റ് സ്‌കൂള്‍ യുവജനോല്‍സവ കവറേജിന് ഉപയോഗിച്ചത്.
ബസുകള്‍ ഡാന്‍സ് ഫ്‌ലോറാക്കി മാറ്റരുതെന്ന ഹൈക്കോടതി ഉത്തരവാണ് സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി അധ്യക്ഷ കൂടിയായ ചീഫ് സെക്രട്ടറി ലംഘിച്ചത്. കേരള മോട്ടോര്‍ വാഹന ചട്ടങ്ങള്‍ ലംഘിച്ചാണ് കെ എസ് ആര്‍ടിസി ബസുകളെ ഡബിള്‍ ഡക്കറായി രൂപമാറ്റം വരുത്തുന്നത്. ചെറിയ കുറ്റങ്ങള്‍ ആരോപിച്ച് സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കുമ്പോഴാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നഗ്‌നമായ നിയമലംഘനം നടത്തിയത്.
കെ എസ് ആര്‍ ടി സി ചട്ടവിരുദ്ധമായി രൂപമാറ്റം വരുത്തിയ ബസിനു മുകളില്‍ നൃത്തം ചെയ്ത ചീഫ് സെക്രട്ടറിയുടെ നടപടി ഗുരുതരമായ നിയമ ലംഘനമാണെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു. ഡിസ്‌കോ ഫ്‌ലോറായി ഗതാഗത വാഹനങ്ങളെ മാറ്റുന്നതില്‍ ഹൈക്കോടതി ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച ശേഷമായിരുന്നു ശാരദ മുരളീധരന്റെ നൃത്തച്ചുവടുകള്‍ എന്നത് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെയും അല്‍ഭുതപ്പെടുത്തി.
ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ചീഫ് സെക്രട്ടറിക്കെതിരെ കേസെടുക്കുന്ന വിചിത്രമായ സാഹചര്യമാണ് നിലവില്‍. കൊടതി ഉത്തരവ് നഗ്‌നമായി ലംഘിച്ചതിനാല്‍ കോടതി അലക്ഷ്യ നടപടികളിലേക്കും നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.