ട്രംപിന്റെ തിട്ടൂരത്തില്‍ ഭയന്നു ഗൂഗിള്‍! ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ പേര് ഗള്‍ഫ് ഓഫ് അമേരിക്ക എന്നാക്കി മാറ്റി ഗൂഗിള്‍ മാപ്പ്; ജിയോഗ്രാഫിക് നെയിംസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അടിസ്ഥാനപ്പെടുത്തിയുള്ള പേരുമാറ്റമെന്ന് വിശദീകരണം

ഗള്‍ഫ് ഓഫ് അമേരിക്ക എന്നാക്കി മാറ്റി ഗൂഗിള്‍ മാപ്പ്

Update: 2025-02-12 08:24 GMT

ന്യൂയോര്‍ക്ക്: ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ പേര് ഗള്‍ഫ് ഓഫ് അമേരിക്ക എന്നാക്കി മാറ്റി ഗൂഗിള്‍ മാപ്പ്സ്. പേര് മാറ്റാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. മെക്‌സിക്കോയുടെ കിഴക്കന്‍ തീരത്തും അമേരിക്കയുടെ തെക്കന്‍ ഭാഗത്തുമായി വ്യാപിച്ചുകിടക്കുന്ന കടലാണ് ഗള്‍ഫ് ഓഫ് മെക്സിക്കോ. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയുടെ ജിയോഗ്രാഫിക് നെയിംസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അടിസ്ഥാനപ്പെടുത്തിയാണ് പേര് മാറ്റിയതെന്നാണ് ഇതിന് ഗൂഗിള്‍ നല്‍കുന്ന വിശദീകരണം. ട്രംപിന്റെ നയത്തിന് അനുശ്രുതമായാണ് നയംമാറ്റമെന്നാണ് സൂചന.

അമേരിക്കയിലെ ഉപഭോക്താക്കള്‍ക്ക് മാപ്പില്‍ ഗള്‍ഫ് ഓഫ് അമേരിക്ക എന്നാണ് കാണാനാവുക. അതേസമയം മെക്സിക്കോയിലുള്ളവര്‍ക്ക് യഥാര്‍ഥ പേര് തന്നെ കാണാം. രണ്ട് രാജ്യങ്ങള്‍ക്കും പുറത്തുള്ളവര്‍ക്ക് യാഥാര്‍ഥ പേരിനൊപ്പം ബ്രാക്കറ്റിലായി ഗള്‍ഫ് ഓഫ് അമേരിക്ക എന്നും കാണിക്കും. അതേസമയം, ആപ്പിളിന്റെ മാപ്‌സില്‍ പേരുമാറ്റം വന്നിട്ടില്ല. ഗള്‍ഫ് ഓഫ് മെക്സിക്കോയെ ഗള്‍ഫ് ഓഫ് അമേരിക്ക എന്ന് പുനര്‍നാമകരണം ചെയ്യുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഞായറാഴ്ചയാണ് ഒപ്പുവച്ചത്.

ഫെബ്രുവരി ഒമ്പത് ഗള്‍ഫ് ഓഫ് അമേരിക്ക ദിനമായും അദ്ദേഹം പ്രഖ്യാപിച്ചു. ട്രംപ് ഭരണകൂടവും മെക്‌സിക്കോയും തമ്മിലുള്ള പോര് രൂക്ഷമായ സാഹചര്യത്തിലാണ് പേരുമാറ്റല്‍. മെക്സിക്കോയില്‍നിന്നുള്ള ചരക്കുകള്‍ക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് അടുത്തിടെ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍, 10,000 സൈനികരെ അതിര്‍ത്തിയിലേക്ക് അയയ്ക്കാന്‍ മെക്സികോ സമ്മതിച്ചതിനെത്തുടര്‍ന്ന് ഈ നടപടി താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്.

ഗള്‍ഫ് ഓഫ് മെക്സികോ എന്ന പേര് നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നതാണ് അതാണിപ്പോള്‍ ട്രംപ് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. കൂടാതെ വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ അലാസ്‌കയിലെ ഡെനാലി പര്‍വതത്തിന്റെ പേര് മക്കിന്‍ലി പര്‍വതം എന്നാക്കിയിട്ടുണ്ട്. നേരത്തേ ഗൂഗിളിനോട് മെക്സിക്കോ ഇത്തരത്തില്‍ പേര്മാറ്റം നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമേരിക്കയുടെ

മഹത്വം വീണ്ടെടുക്കാനാണ് ഇത്തരത്തില്‍ പേരുമാറ്റങ്ങള്‍ നടത്തുന്നതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

അമേരിക്കയുടെ തന്ത്രപ്രധാനവും നിര്‍ണായകവുമായി ഭാഗമായത് കൊണ്ടാണ് ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ പേര് മാറ്റിയതെന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം. അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡും ഇപ്പോള്‍ ഗള്‍ഫ് ഓഫ് അമേരിക്ക എന്ന് പേരുമറ്റം നടത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത വേളയിലാണ് ട്രംപ് ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ പേരുമാറ്റം പ്രഖ്യാപിച്ചത്.

Tags:    

Similar News