പുലര്‍ച്ചെ മൂന്നു മുതല്‍ ഉച്ചത്തില്‍ കൂവുന്നു, ഉറക്കം തടസപ്പെടുന്നു; അയല്‍വാസിയുടെ പരാതിയില്‍ ഇടപെട്ട് ആര്‍ഡിഓ; പ്രതി പൂവന്‍കോഴിയെ മാറ്റി പാര്‍പ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു; 14 ദിവസത്തിനകം കൂവല്‍ പ്രശ്നം പരിഹരിക്കണമെന്ന് ഉത്തരവില്‍

ശല്യമായ പൂവന്‍കോഴിയെ മാറ്റി പാര്‍പ്പിക്കാന്‍ ഉത്തരവ്

Update: 2025-02-17 16:53 GMT

പത്തനംതിട്ട: പൂവന്‍കോഴിയെ പ്രതിയാക്കി തനിക്ക് മുന്നില്‍ വന്ന കേസ് അടൂര്‍ ആര്‍.ഡി.ഒ ഇടപെട്ട് പരിഹരിച്ചു. കോഴിയുടെ കൂട് മാറ്റി സ്ഥാപിക്കാന്‍ ഉത്തരവ് ഇട്ടു കൊണ്ടാണ് അയല്‍വാസിയുടെ പരാതി പരിഹരിച്ചത്.

പള്ളിക്കല്‍ വില്ലേജില്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണനാണ് പരാതിക്കാരന്‍. രാധാകൃഷ്ണന്റെ അയല്‍വാസിയായ കൊച്ചുതറയില്‍ അനില്‍ കുമാറിന്റെ വീട്ടിലെ കോഴിയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം.

പുലര്‍ച്ചെ മൂന്നിന് പൂവന്‍ കോഴി കൂവുന്നത് മൂലം ഉറങ്ങാന്‍ പറ്റുന്നില്ലെന്നും സൈ്വര ജീവിതത്തിന് തടസമുണ്ടാക്കുന്നുവെന്നും കാണിച്ചായിരുന്നു രാധാകൃഷ്ണക്കുറുപ്പ് അടൂര്‍ ആര്‍.ഡി.ഒ.ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ഇരുകക്ഷികളെയും വിളിച്ച് പ്രശ്നങ്ങള്‍ കേട്ടറിഞ്ഞ ശേഷം ആര്‍.ഡി.ഒ സ്ഥലത്ത് പരിശോധനയും നടത്തി. വീടിന്റെ മുകള്‍നിലയില്‍ വളര്‍ത്തുന്ന കോഴികളുടെ കൂവല്‍ പ്രായമായ, രോഗിയായ തന്റെ ഉറക്കത്തെ ബാധിക്കുന്നതായുള്ള പരാതിക്കാരന്റെ വാദം ശരിയാണെന്ന് ബോധ്യപ്പെട്ടു.സുകള്‍നിലയില്‍ വളര്‍ത്തുന്ന കോഴികളുടെ കൂവല്‍ പ്രായമായ, രോഗിയായ തന്റെ ഉറക്കത്തെ ബാധിക്കുന്നതായുള്ള പരാതിക്കാരന്റെ വാദം ശരിയാണെന്ന് ബോധ്യപ്പെട്ടു.

പ്രശ്നപരിഹാരമായി അനില്‍ കുമാറിന്റെ വീടിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട് മാറ്റാനാണ് അടൂര്‍ ആര്‍.ഡി.ഒ ബി. രാധാകൃഷ്ണന്‍ ഉത്തരവിട്ടത്. കോഴിക്കൂട് വീടിന്റെ തെക്കു ഭാഗത്തേക്ക് മാറ്റണമെന്നും നിര്‍ദേശമുണ്ട്. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനകം കോഴിക്കൂട് മാറ്റണമെന്നും ഉത്തരവിലുണ്ട്.

Tags:    

Similar News