വീശിയടിച്ച കാറ്റിൽ ആടിയുലഞ്ഞ് വിമാനം; ലാൻഡിങ്ങിനായി താഴ്ന്നപ്പോൾ കൊടും മഞ്ഞിൽ കാഴ്ച മറഞ്ഞു; റൺവേ പോലും കാണാൻ പറ്റാത്ത അവസ്ഥ; പൈലറ്റ് 'യോക്കി'ൽ നിന്നും കൈയ്യെടുക്കാതെ പരമാവധി കൺട്രോൾ ചെയ്യാൻ ശ്രമിച്ചിട്ടും ഭീമൻ മറിഞ്ഞു; ദുരന്തത്തിൽ പരിക്കേറ്റവരുടെ എണ്ണം 19 ആയി; പലരുടെയും നില ഗുരുതരം തന്നെ; ടൊറോന്റോയിൽ 'ഡെൽറ്റ' എയർലൈൻസിന് സംഭവിച്ചത്!

Update: 2025-02-18 11:07 GMT

ഒട്ടാവ: കഴിഞ്ഞ ദിവസമാണ് കാനഡയെ ഞെട്ടിച്ചുകൊണ്ട് വിമാനാപകടം ഉണ്ടായത്. വലിയൊരു ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്കാണ് യാത്രക്കാർ എല്ലാവരും രക്ഷപ്പെട്ടത്. പക്ഷെ പലരുടെയും പരിക്ക് ഗുരുതരമെന്നും റിപ്പോർട്ടുകൾ ഉണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് 3.30നായിരുന്നു സംഭവം നടന്നത്. മഞ്ഞുമൂടിയ റൺവേയിലാണ് വിമാനം തലകീഴായി മറിഞ്ഞത്. 'ഡെൽറ്റ' എയർലൈൻസാണ് അപകടത്തിൽപ്പെട്ടത്. ഇപ്പോഴിതാ, അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

കാനഡയിലെ ടൊറോന്‍റോയിൽ വിമാനാപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 19 ആയിട്ടുണ്ട്. പരിക്കേറ്റ 60 വയസ്സായ ഒരു പുരുഷന്റെയും 40 വയസ്സുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മഞ്ഞുമൂടിയ റൺവേയിലാണ് വിമാനം തലകീഴായി മറിഞ്ഞത്. കനത്ത കാറ്റിനെ തുടർന്നാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. നാല് കാബിൻ ക്രൂ അടക്കം 80 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഞ്ഞുവീഴ്ച മൂലം വിമാനത്താവളത്തിലെ കാഴ്ചപരിധിയും കുറവായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഹെലികോപ്റ്ററും ആംബുലൻസുകളും ഉപോയഗിച്ച് പരുക്കേറ്റവരെ എത്രയും വേഗം സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.

അതേസമയം, വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരന്‍ പകര്‍ത്തിയ വിമാനത്തിൽ നിന്നും ആളുകളെ രക്ഷപ്പെട്ടുത്തുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വൈറലായി. ജോൺ നെൽസൺ എന്ന യാത്രക്കാരനാണ് താന്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടുവെന്ന കുറിപ്പോടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുന്നതും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. വിമാനത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിലൂടെ യാത്രക്കാർ നടന്നു നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.

'ജീവിച്ചിരിക്കുന്നതില്‍ ഇന്ന് വല്ലാത്ത സന്തോഷം തോന്നുന്നു' എന്നാണ് മറ്റൊരു യാത്രക്കാരി വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. പീറ്റ് കുക്കോവ് എന്ന യാത്രക്കാരി തന്റെ മൊബൈലിൽ പകർത്തിയ ചിത്രങ്ങളാണ് എക്സിലും ഇൻസ്റ്റ​ഗ്രാമിലുമടക്കം വൈറലായിരുന്നു. വിമാനം തകർന്നതിനെ തുടർന്ന് വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തിയതിന്‍റെ വീഡിയോ ആണ് യുവതി പോസ്റ്റ് ചെയ്തത്. ഫയർ എഞ്ചിന് പുറത്തേക്ക് വെള്ളം ശക്തമായി ഒഴിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.

ശക്തമായ കാാറ്റില്‍ വിമാനം ആടിയുലഞ്ഞതാവാം അപകട കാരണം എന്നാണ് ഇപ്പോള്‍ അനുമാനിക്കുന്നത്. യാത്രക്കാരുടെ അനുഭവവും ഇത്തരമൊരു സാധ്യതയെയാണ് ശരി വയ്ക്കുന്നത്. ബൊംബാര്‍ഡിയര്‍ സി ആര്‍ 900 വിമാനം എന്‍ഡെവര്‍ എയര്‍ എന്ന ഒരു പ്രാദേശിക വിമാനക്കമ്പനിയായിരുന്നു പ്രവര്‍ത്തിപ്പിച്ചിരുന്നത്. മിനപോലിസ് ആസ്ഥാനമായുള്ള ഡെല്‍റ്റ എയര്‍ ലൈന്‍സിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. 76 യാത്രകാരും നാല് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

സെയിന്റ് പോളില്‍ നിന്നും ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലേക്കുള്ള എന്‍ഡേവര്‍ 4819 വിമാനം അപകടത്തില്‍ പെട്ടതായി ഡെല്‍റ്റ എയര്‍ലൈന്‍സും സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും, വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അവ പരസ്യപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു. വിമാനം ക്രാഷ് ലാന്‍ഡിംഗ് നടത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും തന്നെ നിര്‍ത്തിവെച്ചിരുന്നു.

Tags:    

Similar News