തിരുവനന്തപുരത്തുനിന്നും കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി, ലൊക്കേഷന്‍ എടുത്തപ്പോള്‍ കുപ്രസിദ്ധ ഗുണ്ടയ്‌ക്കൊപ്പം ബംഗളുരുവില്‍; എംഡിഎംഎ കൊടുത്തു പീഡിപ്പിച്ചു; വര്‍ക്കല ബീച്ച് കാണാന്‍ 26കാരനൊപ്പം പോയ 12കാരിക്കും സമാന അനുഭവം; രാമനാട്ടുകരയില്‍ ലഹരി കടത്തിന് പിടിയിലായത് ബിബിഎ വിദ്യാര്‍ത്ഥി; പത്താം ക്ലാസുകാരുടെ യാത്രയയപ്പിന് കഞ്ചാവ്; ലഹരിയില്‍ 'മുങ്ങി' കേരളം എങ്ങോട്ട്?

ലഹരിയില്‍ 'മുങ്ങി' കേരളം എങ്ങോട്ട്?

Update: 2025-02-28 15:45 GMT

തിരുവനന്തപുരം: കേരളത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളിലും യുവാക്കളിലും മാരകമായ പുതുതലമുറ ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നതായാണ് സമീപകാലത്ത് രജിസ്റ്റര്‍ ചെയ്ത ഒട്ടേറെ കേസുകള്‍ തെളിയിക്കുന്നത്. കേരളം ഇത്തരം ലഹരിമരുന്നുകളുടെ വലിയ മാര്‍ക്കറ്റായി മാറുകയാണ് എന്നാണ് എക്സൈസ് അധികൃതരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തിരുവനന്തപുരത്തെ പ്രമുഖ സര്‍ക്കാര്‍ സ്‌കൂളിലെ 14 വയസുള്ള പെണ്‍കുട്ടി അപ്രത്യക്ഷമായതിനെ തുടര്‍ന്ന് അമ്മയുടെ പരാതി പ്രകാരം പോലീസ് ലൊക്കേഷന്‍ എടുത്തപ്പോള്‍ കുട്ടി നില്‍ക്കുന്നത് ബംഗളുരു നഗരത്തില്‍. പെണ്‍കുട്ടിയൂടെ കൂടെ നഗരത്തിലെ കുപ്രസിദ്ധ  ഗുണ്ടയും. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് മാത്രമല്ല എംഡിഎംഎ ബംഗളുരുവില്‍ നിന്നും ട്രെയിനില്‍ കൊണ്ടുവരാനായി അവളെ കാരിയറായി ഉപയോഗിക്കുയും ചെയ്തു.

12 വയസ്സുള്ള പെണ്‍കുട്ടി നേരിട്ടതും സമാനമായ അനുഭവം. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട 26 കാരന്റെ കൂടെ വര്‍ക്കല ബീച്ച് കാണാന്‍ പോയി. നഗരൂരുള്ള അവന്റെ വീട്ടില്‍ കൊണ്ടുപോയി 12 കാരിക്ക് എംഡിഎംഎ കൊടുത്തു അവളെ ബലാത്സംഗം ചെയ്തു. ഇടയ്ക്ക് ആവശ്യം വന്നപ്പോള്‍ വീണ്ടും ഇത് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. തിരുവനന്തപുരം നഗരത്തില്‍ തന്നെ സ്‌കൂള്‍ മതിലിന് പുറത്തുനിന്ന് പെണ്‍കുട്ടികള്‍ക്ക് പൊതി എറിഞ്ഞു കൊടുക്കുന്നത് . ആരോ വീഡിയോ എടുത്തപ്പോള്‍ പോലീസ് നടപടി ഉണ്ടായി. 12 വയസ്സുള്ള പെണ്‍കുട്ടി മുതല്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കള്‍ വരെ ലഹരിക്കടിമയായതായാണ് വിവരം.

തിരുവനന്തപുരം ജില്ലയില്‍ മാത്രം 61 ഷെല്‍ട്ടര്‍ ഹോമുകള്‍ ഉണ്ട് സിഡബ്ലുസി വക .18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നത്. അവരെ പരിപാലിക്കുന്നവരാണ് ഇനി സംസാരിക്കേണ്ടത്. അവര്‍ക്ക് ഒരുപാട് കഥകള്‍ അറിയാം. പലതും നമ്മള്‍ കേട്ടാല്‍ ഇങ്ങനെയും മനുഷ്യര്‍ ജീവിക്കുന്നുണ്ടോ എന്ന് തോന്നും. ഇങ്ങനെ പോയാല്‍ കുറച്ചു കാലം കഴിയുമ്പോള്‍ കുട്ടികളുടെ അവസ്ഥ എന്താവും നാളെ നല്ല പൗരന്മാര്‍ ഉണ്ടാകുമോ? ശരിക്കും ഭയക്കേണ്ടുന്ന ഒരു അവസ്ഥയിലൂടെ ആണ് കടന്നുപോകുന്നത്. ലഹരി കൊലകള്‍ വര്‍ദ്ധിച്ചു.

ലഹരി കടത്തുന്ന ബിബിഎ വിദ്യാര്‍ത്ഥി

കോഴിക്കോട് രാമനാട്ടുകരയില്‍ ലഹരിവേട്ടയില്‍ പിടിയിലായത് ബിബിഎ വിദ്യാര്‍ത്ഥിയായിരുന്നു. മലപ്പുറം മോങ്ങം സ്വദേശി ശ്രാവണ്‍ സാഗര്‍ ആണ് കാറില്‍ എംഡിഎംഎ കടത്തിയത്. വാഹന പരിശോധനയ്ക്കിടെയാണ് ഡാന്‍സാഫും ഫറോഖ് പൊലീസും ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. രാമനാട്ടുകര ഫ്‌ലൈ ഓവറിന് സമീപത്തുവച്ചായിരുന്നു ലഹരിവേട്ട. രാമനാട്ടുകാര, ഫറോഖ് മേഖലകളില്‍ ചില്ലറ വില്‍പ്പന നടത്തുന്ന കണ്ണിയിലെ പ്രധാനിയാണ് ശ്രാവണ്‍ എന്ന് പൊലീസ് അറിയിച്ചു. മലപ്പുറത്ത് നിന്നും കാറില്‍ കൊണ്ടുവന്ന് ലഹരി കച്ചവടം നടത്തി ആര്‍ഭാടജീവിതം നയിച്ചു വരുകയായിരുന്നു പ്രതി. എട്ടുമാസക്കാലമായി ലഹരിക്കടത്തു നടത്തുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി.

യാത്രയയപ്പിന് കഞ്ചാവ്

കാസര്‍കോട് നഗരത്തിലെ പ്രധാന വിദ്യാലയത്തിലെ പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങില്‍ കഞ്ചാവ് വിതരണം ചെയ്യപ്പെട്ട വാര്‍ത്തയും ഇതിനിടെ വന്നു. കഞ്ചാവ് ഉപയോഗിച്ച് പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ പൊലീസ് പിടികൂടി. ഇതിനിടെ പിടിക്കാനെത്തിയ പൊലീസുകാരന്റെ കൈ തിരിച്ചൊടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കഞ്ചാവ് വില്‍പനക്കാരന്‍ കളനാട് സ്വദേശി കെ.കെ. സമീറിനെ പൊലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തു.

സഹപാഠികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കുട്ടികളില്‍ പലരും കഞ്ചാവ് ഉപയോഗിച്ചെന്നും പൊലീസ് കണ്ടെത്തി. ഇവരുടെ സാമൂഹിക സാഹചര്യം സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. യാത്രയയപ്പ് പാര്‍ട്ടിക്കിടെ കുട്ടികള്‍ ലഹരി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ നിര്‍ദേശപ്രകാരം ജില്ലയിലെ സ്‌കൂളുകളില്‍ പൊലീസ് കര്‍ശന നിരീക്ഷണം നടത്തിയിരുന്നു. ഡിവെഎസ്പി സി.കെ. സുനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐ എം.പി. പ്രദീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വനിതാ പൊലീസുകാരുടെ സഹായത്തോടെ സ്‌കൂളുകളില്‍ പരിശോധന നടത്തിയത്. പിടിയിലായ കുട്ടികള്‍ നല്‍കിയ മൊഴിയിലാണ് സമീര്‍ കുടുങ്ങിയത്.

ലഹരിശൃംഖലയിലെ കണ്ണികള്‍

വിദ്യാര്‍ത്ഥികള്‍ അകപ്പെട്ടുപോകുന്ന ആദ്യ ലഹരിക്കേസുകളല്ല ഇവയൊന്നും. സ്ലീപ്പര്‍ സെല്ലുകളായി ഒളിഞ്ഞിരിക്കുന്ന ഡ്രഗ് ഡീലര്‍മാര്‍ എന്ന ഇരപിടുത്തക്കാര്‍ ഗ്രാമ - നഗര വ്യത്യാസമില്ലാതെ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ കണ്ണിചേര്‍ക്കുകയാണ്. നിലവില്‍ ലഹരിശൃംഖലയിലെ ഏറ്റവും താഴേ തട്ടിലുള്ള ഉപഭോക്താക്കള്‍, ചെറുകിട ഡീലര്‍മാര്‍ എന്നീ നിലകളിലാണ് വിദ്യാര്‍ത്ഥികള്‍ കണ്ണികളാക്കപ്പെടുന്നത്. സ്‌കൂള്‍ പരിസരത്തും വീടിനടുത്ത പ്രദേശങ്ങളിലുമുള്ള ചെറു പോക്കറ്റുകളില്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെക്കുന്ന ലഹരി സംഘത്തിലെ കണ്ണികള്‍, സ്‌കൂളിന്റെ സമീപ പ്രദേശങ്ങളിലെ കടകള്‍ എന്നിവയൊക്കെയാണ് കുട്ടികളിലേക്ക് ചെറുതും മാരകവുമായ ലഹരി പദാര്‍ത്ഥങ്ങള്‍ വന്നുചേരുന്ന വഴികള്‍. ലഹരി വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുക എന്നതിനപ്പുറത്തേക്ക് ഏതാനും കുട്ടികളില്‍ നിന്ന് ഒരുപാട് കുട്ടികളിലേക്ക് ലഹരി ഉപഭോഗം പടര്‍ത്തിവിടുക, അതുവഴി ഒരു തലമുറയെ മുഴുവന്‍ ലഹരിക്കടത്തിന്റെ കണ്ണികളാക്കുക എന്നതാണ് ലഹരി കച്ചവടക്കാരുടെ ലക്ഷ്യമെന്ന് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, എക്‌സൈസ് പോലീസ് കേസുകള്‍, എന്നിവ വിശകലനം ചെയ്താല്‍ വ്യക്തമാകും.

'ന്യൂജെന്‍' ഡ്രഗുകള്‍

മുമ്പ്? കഞ്ചാവുവരെയുള്ള ലഹരി ഉല്‍പന്നങ്ങളുടെ പേരുകള്‍ മാത്രമായിരുന്നു നമുക്ക് പരിചിതമെങ്കില്‍ ഇന്ന് കഞ്ചാവ് പുകയില പോലെ സാധാരണമായി. തുടക്കക്കാരെന്ന നിലയില്‍ മാത്രമാണ് പലരും കഞ്ചാവ് ഉപയോഗിക്കുന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന മെറ്റാഫിറ്റാമിന്‍, ആല്‍ഫെറ്റാമിന്‍, എല്‍.എസ്. ഡി.എ തുടങ്ങിയ ന്യൂ ജെന്‍ ഡ്രഗുകളാണ് വിദ്യാര്‍ത്ഥികളിലേക്കെത്തുന്നതില്‍ ഭൂരിഭാഗവും. ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എ പുതുതലമുറയ്ക്കിടയില്‍ ഐസ് മെത്ത്, കല്ല്, പൊടി, കല്‍ക്കണ്ടം , ക്രിസ്റ്റല്‍ മെത്ത്, ഷാബു, ക്രിസ്റ്റല്‍, ഗ്ലാസ്, ഷാര്‍ഡ്, ബ്ലൂ, ഐസ്, ക്രിസ്റ്റല്‍, സ്പീഡ് തുടങ്ങിയ ഓമനപ്പേരുകളിലാണ് അറിയപ്പെടുന്നത്. ഇത്തരം ലഹരി വസ്തുക്കള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ലക്ഷങ്ങളും, രാജ്യാന്തര വിപണിയില്‍ കോടികളുമാണ് മതിപ്പുവില.

സ്‌കീസോഫ്രീനിയ അല്ലെങ്കില്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ പോലുള്ള ന്യൂറോ പ്രശ്‌നങ്ങളുള്ളവര്‍ പലപ്പോഴും വളരെയധികം വൈബ്രന്റായിരിക്കും. ബഹളം വെയ്ക്കുക, അലറിക്കരയുക, ആത്മഹത്യാ പ്രവണത കാണിക്കുക തുടങ്ങിയ അവസ്ഥയിലുള്ള രോഗികളുടെ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന ചില മരുന്നുകള്‍ ന്യൂറോ ഡവലപ്‌മെന്റ്‌സിനെ നിയന്ത്രിക്കുന്നതിനായി നാഡീകളെ ചെറുതായി തളര്‍ത്തുന്ന സ്വാഭാവമുള്ളവയായിരിക്കും. അത്തരം മരുന്നുകള്‍ കഴിച്ചാല്‍ രോഗി മിക്കവാറും മയക്കത്തിലായിരിക്കും.

ഒരു സമയത്ത് ചില മെഡിക്കല്‍ ഷോപ്പുകള്‍ വഴി ലഹരി ഇടപാട് നടന്നിരുന്നെങ്കിലും പിന്നീട് എം.സി.ആര്‍.ബിയുടെ ഇടപെടലിനെ തുടര്‍ന്ന് സൈക്യാട്രിക്? മരുന്ന് ഡോകടറുടെ പ്രിസ്‌ക്രിപ്ഷനില്ലാതെ മെഡിക്കള്‍ ഷോപ്പുകളില്‍നിന്ന് ഇപ്പോള്‍ ലഭ്യമല്ല. എന്നിട്ടും ഇത്തരം സൈക്യാട്രിക് മരുന്നുകളുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന എസ്സന്‍സുകള്‍ അല്ലെങ്കില്‍ അസംസ്?കൃതവസ്?തുക്കളാണ് പലപ്പോഴും പുതുതലമുറ ലഹരികളായി ലഭ്യമാവുന്നത്. ലഹരി കടന്നുവരുന്ന പുതിയ വഴികളെക്കുറിച്ച് നിയമം ഇനിയും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്നാണ് ഇത് കാണിക്കുന്നത്.

ലഹരി ഒഴുകും വഴി

ആന്ധ്രയില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം വന്ന ചെന്നൈയില്‍ അല്ലെങ്കില്‍ ബാംഗ്ലൂരില്‍ ഇറങ്ങി ഇങ്ങോട്ടേക്ക് ഡ്രഗ്സ്സ് കൊണ്ടുവരുന്നത് ചിലതൊക്കെ അറസ്റ്റില്‍ ആയിട്ടുണ്ട്. വഴിയില്‍ ഒരു ചെക്കിങ് പോലുമില്ല. ആര്‍ക്കും യഥേഷ്ടം കടത്താം. നിലവില്‍ ഇത് അന്വേഷിക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് എല്ലാം തന്നെ ഈ ലഹരികള്‍ എല്ലാം തന്നെ കണ്ടാല്‍ തിരിച്ചറിയുമോ ? പരിശീലനം ലഭിച്ചിട്ടുണ്ടോ? കഠിനംകുളം പോലീസ് MDMA യുമായി അറസ്റ്റ് ചെയ്ത പ്രതി 110 ദിവസം ജയിലില്‍ കിടന്ന് വീണ്ടും മറ്റൊരു ഗുണ്ട യൂടെ കൂടെ വീണ്ടും MDMA യും ആയി ജയിലിലായി. കോളേജുകളിലും സ്‌കൂളുകളിലും ഇയാള്‍ സപ്ലയര്‍ ആണത്രേ. സ്വാധീനമുള്ളവരെ നിയന്ത്രിക്കാന്‍ കുറച്ചു പാടാണ്. കേരളത്തെ പൂര്‍വ്വസ്ഥിതിയില്‍ ആക്കണമെങ്കില്‍ കുറച്ചു ഏറെ മെനക്കെടേണ്ടിയിരിക്കുന്നു.

ഇന്ന് തിരുവനന്തപുരം നഗരത്തില്‍ ഒരു സീരിയല്‍ നടിയുടെ അമ്മ അലഞ്ഞു നടപ്പുണ്ട്. 17 വയസ്സുള്ളപ്പോള്‍ സീരിയലില്‍ അഭിനയിക്കാന്‍ പോയതാണ് ഇപ്പോള്‍ സീരിയല്‍ ക്യാമറമാന്റെ കൂടെ ജീവിക്കുകയാണ്. അവന്‍ എംഡി എം എ അഡിക്ട് ആണ്. ലഹരി ഉപയോഗം കാരണം അവരെചാനലുകള്‍ പുറത്താക്കി. നടിയും ലഹരിക്ക് അടിമയായി. അബ്‌നോര്‍മല്‍ ആയാണ് പെരുമാറുന്നത്. അമ്മയുടെ അടുത്തേക്കും തിരിച്ചുവരുന്നില്ല. അതേ സീരിയല്‍ ക്യാമറാമാന്‍ നാല് സ്ത്രീകളുടെ ജീവിതം നശിപ്പിച്ചു.

കുട്ടികള്‍ക്കിടയിലെ 'പാപ്പി'

വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇതര സംസ്ഥാനത്തൊഴിലാളി ഇതിനിടെ പെരുമ്പാവൂരില്‍ പൊലീസ് പിടിയിലായി. ഒഡീഷ നരസിങ്ങ്പൂര്‍ സ്വദേശി സമര്‍കുമാര്‍ ത്രിപതി (41) യെയാണ് പെരുമ്പാവൂര്‍ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇയാളില്‍ നിന്ന് 600ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പാപ്പി എന്ന പേരിലാണ് കഞ്ചാവ് വില്‍പ്പനക്കാരന്‍ അറിയപ്പെട്ടിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെക്കുറിച്ച് രക്ഷകര്‍ത്താക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ത്രിപതി പൊലീസ് നിരീക്ഷണത്തിലായി.

ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങിയ പതിനെട്ടുകാരനായ വിദ്യാര്‍ത്ഥിയെ പൊലീസ് പിടികൂടി. വിദ്യാര്‍ത്ഥിയില്‍ നിന്ന് കഞ്ചാവും കണ്ടെടുത്തു. തുടര്‍ന്നാണ് പള്ളിക്കവല ഭാഗത്ത് നിന്ന് കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളിയെ കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് വില്‍പ്പനയ്ക്കായി ചെറിയ പൊതികളിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. 500 രൂപ നിരക്കില്‍ ചെറിയ പാക്കറ്റുകളില്‍ ആക്കിയായിരുന്നു വില്‍പ്പന.

ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിക്കുന്ന കഞ്ചാവ് ഇവിടെ പാക്കറ്റുകളില്‍ ആക്കി വില്‍പ്പന നടത്തിവരികയായിരുന്നു. ഉറപ്പ് @സ്‌ക്കൂള്‍ പദ്ധതിയുടെ ഭാഗമായി സ്‌ക്കൂള്‍ പരിസരങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാണ്.


കേസുകളില്‍ വന്‍വര്‍ധന

പരിശോധനകള്‍ കര്‍ശനമാക്കുമ്പോഴും സംസ്ഥാനത്ത് ലഹരി ഇടപാടുകളില്‍ വര്‍ധന. 2016 മുതല്‍ 2022 വരെയുള്ള കണക്കുകളില്‍ ലഹരിക്കേസുകളില്‍ 360 ശതമാനം വര്‍ധനയാണ് കേരളത്തില്‍ ഉണ്ടായത്. 2021-ല്‍ 25,000-ത്തോളം പേരാണ് ലഹരിക്കേസില്‍ അറസ്റ്റിലായതെങ്കില്‍ 2022-ല്‍ അത് 27,545 ആയി. 2022-ല്‍ രാജ്യത്തെ മൊത്തം എന്‍.ഡി.പി.എസ്. അറസ്റ്റുകളുടെ 29.4 ശതമാനവും കേരളത്തിലായിരുന്നു. 2023-ല്‍ അറസ്റ്റിലായവരുടെ എണ്ണം 30,000 കടക്കുകയും ചെയ്തിട്ടുണ്ട്.

അതിര്‍ത്തി കടന്നുള്ള ലഹരിക്കടത്ത് കൂടിയതോടെയാണ് കേരളം ലഹരിമാഫിയയുടെ പിടിയിലമര്‍ന്നത്. കോളേജ് വിദ്യാര്‍ഥികള്‍, യുവതീ യുവാക്കള്‍, സിനിമ, ഐ.ടി. മേഖലകളിലുള്ളവര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് ലഹരിമാഫിയയുടെ പ്രവര്‍ത്തനം. വിദേശത്തുനിന്ന് അതിര്‍ത്തി കടത്തിയാണ് നേരത്തേ രാസലഹരി രാജ്യത്തേക്ക് എത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഗോവ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ ലഹരിനിര്‍മാണ കേന്ദ്രങ്ങള്‍ ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തുതന്നെ ആദ്യമായി ഹൈദരാബാദില്‍ രാസലഹരി നിര്‍മാണ കേന്ദ്രം കണ്ടെത്തി ഉടമയെ അറസ്റ്റ് ചെയ്തത് കേരളത്തില്‍ നിന്നുള്ള പോലീസ് സംഘമായിരുന്നു. തൃശ്ശൂരില്‍ എം.ഡി.എം.എ. പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ മയക്കുമരുന്ന് നിര്‍മാണ കേന്ദ്രം പോലീസ് കണ്ടെത്തിയത്.

Tags:    

Similar News