ഓവല്‍ ഓഫീസില്‍ അടിച്ചുപിരിഞ്ഞതിന് പിന്നാലെ, ട്രംപ് യുക്രെയിന് സൈനിക സഹായം നിര്‍ത്തി വയ്ക്കുമോ എന്ന് ആശങ്ക; അമേരിക്കയുടെയും ട്രംപിന്റെയും പിന്തുണ നിര്‍ണായകമെന്ന് നന്ദി പറഞ്ഞ് സെലന്‍സ്‌കിയുടെ പോസ്റ്റ്; ധാതുവിഭവ കരാര്‍ ഒപ്പുവയ്ക്കാന്‍ യുക്രെയിന്‍ സന്നദ്ധം; ജനതയുടെ സമാധാനത്തിനായി നയതന്ത്ര ശ്രമങ്ങള്‍ക്കായി സെലന്‍സ്‌കി ബ്രിട്ടനില്‍
ട്രംപ് യുക്രെയിന് സൈനിക സഹായം നിര്‍ത്തി വയ്ക്കുമോ എന്ന് ആശങ്ക
കീവ്: വൈറ്റ് ഹൗസ് ഓവല്‍ ഓഫീസിലെ കൂടിക്കാഴ്ചയ്ക്കിടെ അടിച്ചുപിരിഞ്ഞെങ്കിലും യുദ്ധകാലത്ത് അമേരിക്ക നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുടെ എക്‌സിലെ പോസ്റ്റ്. ധാതുവിഭവ കരാര്‍ അമേരിക്കയുമായി ഒപ്പിടാന്‍ യുക്രെയിന്‍ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. 'സുരക്ഷാ ഉറപ്പുകള്‍ കിട്ടുന്നതിനുള്ള ആദ്യ ചുവടുവയ്പായിരിക്കും അത്. എന്നാല്‍, അതുമാത്രം മതിയാവില്ല. ഞങ്ങള്‍ക്ക് അതിലുമേറെ വേണം. സുരക്ഷാ ഉറപ്പുകളില്ലാതെയുള്ള വെടിനിര്‍ത്തല്‍ യുക്രെയിന് അപകടകരമായിരിക്കും' എന്നും സെലന്‍സ്‌കി പറഞ്ഞു.
' ഞങ്ങള്‍ മൂന്നുവര്‍ഷമായി പോരാടുകയാണ്. അമേരിക്ക ഞങ്ങളുടെ പക്ഷത്തുണ്ടെന്ന് യുക്രെയിന്‍ ജനതയ്ക്ക് അറിയണം. ഇക്കാര്യത്തില്‍ ട്രംപിന്റെ പിന്തുണ നിര്‍ണായകമാണ്'- സെലന്‍സ്‌കി പറഞ്ഞു.
അമേരിക്കയുടെ സഹായം വാങ്ങിയിട്ട് നന്ദി കാട്ടിയില്ലെന്ന ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെയും പ്രസ്താവനകള്‍ക്ക് മറുപടിയായാണ് വിഷയം തണുപ്പിച്ച് കൊണ്ടുള്ള സെലന്‍സ്‌കിയുടെ പോസ്റ്റ്. ' ഞങ്ങള്‍ യുഎസിന്റെ പിന്തുണയില്‍ വളരെ നന്ദിയുള്ളവരാണ്. പ്രസിഡന്റ് ട്രംപിനോട് ഞാന്‍ നന്ദി പറയുന്നു. യുഎസ് കോണ്‍ഗ്രസിന്റെ ഉഭയകക്ഷി പിന്തുണയ്ക്കും അമേരിക്കന്‍ ജനതയുടെ പിന്തുണയ്ക്കും നന്ദി പറയുന്നു. ഈ മൂന്നുവര്‍ഷത്തെ പൂര്‍ണതോതിലുളള റഷ്യന്‍ അധിനിവേശത്തില്‍, വിശേഷിച്ചും, അമേരിക്കയുടെ പിന്തുണയെ യുക്രെയിന്‍കാര്‍ വിലമതിക്കുന്നു', സെലന്‍സ്‌കി തന്റെ പോസ്റ്റില്‍ പറഞ്ഞു.
' അമേരിക്കന്‍ പ്രസിഡന്റുമായുള്ള ഞങ്ങളുടെ ബന്ധം രണ്ടുനേതാക്കള്‍ക്കും അതീതമാണ്. അത് ചരിത്രപരമാണ്. ജനങ്ങള്‍ തമ്മിലുള്ള ഉറച്ച ബന്ധമാണ്. അതുകൊണ്ടാണ് അമേരിക്കയോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഞാന്‍ എപ്പോഴും വാക്കുകള്‍ തുടങ്ങാറുളളത്', യുക്രെയിന്‍ പ്രസിഡന്റ് പറഞ്ഞു.
' അമേരിക്കന്‍ ജനതയാണ് ഞങ്ങളുടെ ജനങ്ങളെ രക്ഷിക്കാന്‍ സഹായിച്ചത്. മനുഷ്യര്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കുമാണ് പ്രഥമപരിഗണന. അമേരിക്കയുമായി ഞങ്ങള്‍ക്ക് ശക്തമായ ബന്ധം വേണം. അതുഞങ്ങള്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു, സെലന്‍സ്‌കി പറഞ്ഞു.
'ഞങ്ങള്‍ക്ക് സമാധാനം വേണം. അതുകൊണ്ടാണ് ഞാന്‍ അമേരിക്കയിലേക്ക് വന്നതും പ്രസിഡന്റ് ട്രംപിനെ കണ്ടതും. സമാധാനത്തിലേക്ക് അടുക്കാനും സുരക്ഷാ ഉറപ്പുകള്‍ കിട്ടാനുമുള്ള ആദ്യ ചുവട് വയ്പ് മാത്രമാണ് ധാതുവിഭവ കരാര്‍. ഞങ്ങളുടെ സാഹചര്യം കടുപ്പമേറിയതാണ്. പക്ഷേ, ഞങ്ങള്‍ക്ക് പോരാട്ടം അവസാനിപ്പിക്കാനാവില്ല. പുടിന്‍ നാളെ വീണ്ടും ആക്രമിക്കുമെന്ന് സുരക്ഷാ ഉറപ്പില്ലാതെ പറയാനും ആവില്ല'
' റഷ്യയുടെ കാര്യത്തില്‍ യുക്രെയിന്റെ നിലപാട് എനിക്ക് മാറ്റാന്‍ സാധിക്കില്ല. റഷ്യാക്കാര്‍ ഞങ്ങളെ കൊല്ലുകയാണ്. റഷ്യ ശത്രുരാജ്യം തന്നെയാണ്. യുക്രെയിന് സമാധാനം വേണം, സ്ഥിരവും, സ്ഥായിയുമായ സമാധാനം. അതിന് വേണ്ടി മധ്യസ്ഥ ചര്‍ച്ചയില്‍ നമ്മള്‍ കരുത്തരായിരിക്കണം. സുരക്ഷാ ഉറപ്പുകള്‍ ഉണ്ടെന്നും നമ്മുടെ സൈന്യം കരുത്തുറ്റതാണെന്നും നമ്മുടെ പങ്കാളികള്‍ നമുക്കൊപ്പം ഉണ്ടെന്നും ഉറപ്പാക്കിയാല്‍ മാത്രമേ സമാധാനം കൈവരു'-സെലസന്‍സ്‌കി പോസ്റ്റില്‍ പറഞ്ഞു.
എന്നാല്‍, അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍കോ റൂബിയോ ആവശ്യപ്പെട്ടത് പോലെ, ഓവല്‍ ഓഫീസ് സംഭവത്തിന്റെ പേരില്‍ മാപ്പ് പറയാന്‍ സെലന്‍സ്‌കി തയ്യാറായിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ്. അതിനിടെ യുക്രെയിന്‍ പ്രസിഡന്റ് ബ്രിട്ടനില്‍ എത്തി. പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഓവല്‍ ഓഫീസിലെ തര്‍ക്കത്തോടെ യൂറോപ്യന്‍ നേതാക്കളുടെ ഇടപെടല്‍ അനിവാര്യമായിരിക്കുകയാണ്. ട്രംപ് യുക്രെയിന് സൈനിക സഹായം നല്‍കുന്നത് നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിടുമോ എന്നും ആശങ്കയുണ്ട്. അതുകൊണ്ട് തന്നെ അമേരിക്കയെയും ട്രംപിനെയും ചേര്‍ത്ത് നിര്‍ത്തി മുന്നോട്ടുപോവുകയല്ലാതെ യുക്രെയിന് മുന്നില്‍ മറ്റുമാര്‍ഗ്ഗങ്ങളില്ല. വിശേഷിച്ചും യുദ്ധം താറുമാറാക്കിയ ഒരു ജനത യുദ്ധം അവസാനിക്കുമെന്നും സമാധാനം കൈവരുമെന്നും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സാഹചര്യത്തില്‍.