മൂന്നു മാസത്തേക്കുള്ള സന്ദര്‍ശക വീസ ഉണ്ടായിരിക്കെ എന്തിനാണ് സൈനികര്‍ കൊലപ്പെടുത്തിയത്? അനി തോമസിന്റെ മരണ വിവരം അറിഞ്ഞത് ആഴ്ചകള്‍ക്ക് ശേഷം; ജോര്‍ദാനിലെ എംബസിയില്‍ നിന്നുളള മെയില്‍ ലഭിച്ച് മണിക്കൂറുകള്‍ക്കകം എഡിസണ്‍ നാട്ടിലെത്തി; അടിമുടി ദുരൂഹതയെന്ന് ബന്ധുക്കള്‍

ജോര്‍ദാനില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ച വിവരം ലഭിച്ചത് ആഴ്ചകള്‍ കഴിഞ്ഞ്

Update: 2025-03-03 13:39 GMT

തിരുവനന്തപുരം: തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേര (അനി തോമസ്) ജോര്‍ദാനില്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. ആദ്യം പാതിവഴിയില്‍ മുടങ്ങിയ ഇസ്രയേല്‍ മോഹം രണ്ടാം തവണ പൂവണിയുമെന്ന പ്രതീക്ഷയിലാണ് അനി തോമസ് ജോര്‍ദ്ദാനിലേക്ക് വിമാനം കയറിയത്. എന്നാല്‍ ജോര്‍ദാനില്‍ വച്ച് സൈന്യത്തിന്റെ വെടിയേറ്റ് ജീവന്‍ നഷ്ടമാകുകയായിരുന്നു.

കഴിഞ്ഞ 10നാണ് അനി തോമസ് ജോര്‍ദാനിലെ കാരക്കില്‍ വെടിയേറ്റു മരിച്ചതായി പറയുന്നത്. ഇതു സംബന്ധിച്ച വിവരം ഭാര്യ ക്രിസ്റ്റീനയ്ക്കു ലഭിക്കുന്നതാകട്ടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും.

10ന് ജോര്‍ദാനില്‍ എത്തിയെന്ന വിവരം അറിയിച്ച അനി തോമസിനെ പിന്നീട് ഫോണില്‍ വിളിച്ചിട്ടു കിട്ടിയില്ല. തുടര്‍ന്ന് ഭര്‍ത്താവിനെ കാണാനില്ലെന്നറിയിച്ച് ക്രിസ്റ്റീന ജോര്‍ദാനിലെ ഇന്ത്യന്‍ എംബസിക്ക് ഇ മെയില്‍ അയച്ചിരുന്നു. ജോര്‍ദാനില്‍ നിന്ന് ഇസ്രയേലിലേക്കു കടക്കുമ്പോള്‍ സൈനികര്‍ വിലക്കിയെന്നും വകവയ്ക്കാതെ നീങ്ങിയതിനാല്‍ വെടിവച്ചെന്നും കൊല്ലപ്പെട്ടുവെന്നും വെള്ളിയാഴ്ച എംബസിയുടെ മറുപടി ലഭിക്കുകയായിരുന്നു. മൃതദേഹം ജോര്‍ദാനിലെ ആശുപത്രി മോര്‍ച്ചറിയിലാണെന്നും വിമാനച്ചെലവ് ഉള്‍പ്പെടെ വഹിച്ചാല്‍ നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കാമെന്നും മറുപടിയിലുള്ളതായി ബന്ധുക്കള്‍ വ്യക്തമാക്കി. എംബസിയില്‍ നിന്നുളള മെയില്‍ ലഭിച്ച് മണിക്കൂറുകള്‍ക്കകമാണ് അനി തോമസിനോടൊപ്പം വെടിയേറ്റ മേനംകുളം സ്വദേശി എഡിസണ്‍ നാട്ടിലെത്തിയത്.

മൂന്നു മാസത്തേക്കുള്ള സന്ദര്‍ശക വീസ ഉണ്ടായിരിക്കെ എന്തിനാണ് സൈനികര്‍ കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കളുടെ ചോദ്യം. വെടിവയ്പ് നടന്ന കാരക് മേഖലയില്‍ നിന്ന് ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് കിലോമീറ്ററുകള്‍ ഉണ്ടെന്നും അനധികൃതമായി കടക്കാന്‍ ശ്രമിച്ചാല്‍ ഇസ്രയേല്‍ സൈന്യമായിരിക്കില്ലേ നേരിടുകയെന്നും ബന്ധുക്കള്‍ സംശയം ഉന്നയിക്കുന്നു. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യമന്ത്രിക്കും ഉള്‍പ്പെടെ പരാതി നല്‍കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

തോമസ് വെടിയേറ്റ് മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ ക്രിസ്റ്റീന മുഖ്യമന്ത്രിക്ക് സങ്കട ഹര്‍ജി നല്‍കി. മൂന്ന് മാസത്തെ സന്ദര്‍ശക വീസ ഉണ്ടെന്നിരിക്കെ ഭര്‍ത്താവിനെ മനപൂര്‍വം വെടിവച്ച് കൊന്നതാണെന്നും മരണവിവരം അറിയിക്കാന്‍ കാലതാമസം ഉണ്ടായെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളായ ഭാര്യയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബമാണ് അനി തോമസിന്റേത്. അഞ്ചുവര്‍ഷം മുമ്പ് കുവൈറ്റില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ അനി തോമസ് ലോണെടുത്ത് വാങ്ങിയ ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തുകയായിരുന്നു. ഗള്‍ഫില്‍ പോയി കിട്ടിയ വരുമാനത്തില്‍ നിന്നുള്ള തുകയും കടവുമൊക്ക വാങ്ങി തുമ്പയില്‍ ചെറിയ വീടുവച്ചു. അതിനിടെയാണ് ജീവിതം പച്ചപിടിപ്പിക്കാനായി മൂന്നുമാസം മുമ്പ് ജോര്‍ദ്ദാനിലേക്ക് പോകുന്നതിനായി നാട്ടിലുള്ള ഏജന്റിനെ സമീപിച്ചത്. ഇതിനായി മൂന്നരലക്ഷത്തോളം രൂപ മുടക്കി. ജോര്‍ദ്ദാനില്‍ വിമാനമിറങ്ങിയെങ്കിലും വിസാനമ്പരില്‍ ഒരക്കം കൂടുതലായി കാണിച്ചതോടെ അനി തോമസിനെ നാട്ടിലേക്ക് തിരികെ അയച്ചു.

അടുത്ത ബാച്ചില്‍ വീണ്ടും ജോര്‍ദ്ദാനിലേക്ക് അയയ്ക്കാമെന്ന് ഏജന്റ് അനി തോമസിന് ഉറപ്പുനല്‍കി. അങ്ങനെയാണ് ഫെബ്രുവരി 5ന് വീണ്ടും തോമസും ബന്ധുവായ എഡിസനും ജോര്‍ദ്ദാനിലേക്ക് പോയത്. പക്ഷേ കുടുംബത്തിന് കേള്‍ക്കേണ്ടിവന്നത് ദുരന്തവാര്‍ത്തയാണ്. കരഞ്ഞുതളര്‍ന്ന നിലയിലാണ് അനി തോമസിന്റെ ഭാര്യ. അസുഖബാധിതരായ അച്ഛനമ്മമാരെ മരണവിവരം അറിയിച്ചിട്ടില്ല. മൃതദേഹം കൊണ്ടുവരണമെങ്കില്‍ ടിക്കറ്റ് ചാര്‍ജ് അടക്കം നല്‍കണമെന്ന എംബസി അധികൃതരുടെ അറിയിപ്പില്‍ എന്തുചെയ്യുമെന്നറിയാതെ പകച്ചിരിക്കുകയാണ് നിര്‍ദ്ധന കുടുംബം.

അനിയുടെ കൂടെ പോയത് ഭാര്യ ക്രിസ്റ്റീനയുടെ പിതൃസഹോദരന്റെ ചെറുമകനും മേനംകുളം സ്വദേശിയുമായ എഡിസന്‍ ചാള്‍സാണ്. ഇദ്ദേഹം കാലിന് വെടികൊണ്ട് തിരികെ നാട്ടിലെത്തി. എന്നാല്‍ സംഭവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തങ്ങളോട് വെളിപ്പെടുത്താന്‍ തക്ക മാനസികാവസ്ഥയിലല്ല എഡിസനെന്നാണ് അനി തോമസിന്റെ ബന്ധുക്കള്‍ പറയുന്നത്.

ജോര്‍ദാനില്‍വെച്ച് സൈന്യത്തിന്റെ വെടിയേറ്റപ്പോള്‍ തന്റെ ബോധം പോയെന്ന് വെടിയേറ്റ് നാട്ടില്‍ തിരിച്ചെത്തിയ എഡിസന്‍. കണ്ണ് തുറന്നു നോക്കിയപ്പോള്‍ താന്‍ സൈനിക ക്യാമ്പിലായിരുന്നു. ബിജു എന്ന സുഹൃത്താണ് തങ്ങളെ ജോര്‍ദാനിലേക്ക് കൊണ്ടു പോയത്. ജോര്‍ദാനില്‍ തങ്ങിയശേഷം ഇസ്രയേലിലേക്കുള്ള വിസ അടിക്കാമെന്നായിരുന്നു കരാര്‍. ഫെബ്രുവരി 9-ന് ജോര്‍ദാനിലെത്തി. അബുദാബി വഴിയാണ് ജോര്‍ദാനിലെത്തിയത്.

അഞ്ച് ദിവസം ജോര്‍ദാനില്‍ തങ്ങി. പിന്നീട് രാത്രിയാണ് ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിച്ചത്. കടല്‍ത്തീരം വഴി ഓടിയും നടന്നുമാണ് നീങ്ങിയത്. ഇതിനിടെയാണ് സൈന്യം വെടിവെച്ചത്.നാട്ടില്‍ നിന്നും ബന്ധുക്കള്‍ വിമാന ടിക്കറ്റ് എടുത്തു നല്‍കിയതുകൊണ്ടാണ് തനിക്ക് തിരികെ വരാനായതെന്നും എഡിസന്‍ പറയുന്നു.

''ആദ്യം വെടിയേറ്റത് എനിക്കാണ്. എന്റെ തൊടയിലാണ് വെടികൊണ്ടത്. അപ്പോള്‍ തന്നെ ബോധം നഷ്ടമായി. ആശുപത്രിയില്‍ എത്തിയപ്പോഴാണ് പിന്നീട് ബോധം തെളിഞ്ഞത്. കണ്ണു തുറന്നപ്പോള്‍ എന്റെ കാലില്‍നിന്നു ഡോക്ടര്‍മാര്‍ ബുള്ളറ്റ് മാറ്റുന്നതാണ് കണ്ടത്. ചുറ്റും കമാന്‍ഡോകളുണ്ട്. അപ്പോള്‍ അനില്‍ അളിയനെ അവിടെയെങ്ങും കണ്ടില്ല.'' എഡിസന്‍ പറഞ്ഞു.

ഒന്നര ലക്ഷം രൂപ വീതം വാങ്ങിയാണ് തുമ്പ സ്വദേശിയായ ബിജു എന്ന ഏജന്റ് തങ്ങളെ ജോര്‍ദാനില്‍ എത്തിച്ചതെന്ന് എഡിസണ്‍ പറഞ്ഞു. മൂന്നര ലക്ഷം ശമ്പളം വാഗ്ദാനം ചെയ്താണ് കൊണ്ടുപോയത്. തുടര്‍ന്ന് ഇയാള്‍ ഇസ്രയേല്‍ ഗൈഡിന് തങ്ങളെ കൈമാറി. പിന്നീട് ഏജന്റിനെക്കുറിച്ച് അറിവില്ലെന്നും എഡിസണ്‍ പറയുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു ശ്രീലങ്കന്‍ പൗരന്മാര്‍ ഇസ്രയേല്‍ ജയിലില്‍ തടവിലാണെന്നും എഡിസണ്‍ അറിയിച്ചു. ചികിത്സയ്ക്കു ശേഷം ഇസ്രയേലില്‍ തടവിലായിരുന്ന എഡിസണ്‍ കഴിഞ്ഞ മാസം 27നാണ് ജയില്‍മോചിതനായി നാട്ടിലെത്തിയത്. ഇതിനിടെ തോമസിനെ കാണാതായതിനെ കുറിച്ച് എംബസി വഴി അന്വേഷിച്ചപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.

ഫെബ്രുവരി 10ന് ജോര്‍ദാനില്‍ എത്തിയ അനില്‍ തോമസും എഡിസണും മറ്റു രണ്ടുപേരും നടപ്പാത വഴി ഇസ്രയേലിലേക്ക് കടക്കുമ്പോള്‍ ജോര്‍ദാന്‍ സേന തടഞ്ഞെന്നും അതു കണ്ടക്കിലെടുക്കാതെ മുന്നോട്ടു പോകുമ്പോള്‍ സൈന്യം വെടിവച്ചെന്നുമാണ് ഇന്ത്യന്‍ എംബസി അറിയിച്ചത്. പാറക്കിടയില്‍ ഒളിച്ച അനില്‍ തോമസിന്റെ തലയിലും എഡിസന്റെ കാലിലും വെടിയുണ്ട തറച്ചു. അനില്‍ തോമസ് തല്‍ക്ഷണം മരിച്ചു. എഡിസനെ ആശുപത്രിയിലേക്കു മാറ്റി വെടിയുണ്ട മാറ്റിയ ശേഷം തിരികെയയച്ചു.

Tags:    

Similar News