ഇത് മൂന്നാം ലോക രാജ്യത്തെ കാഴ്ചയല്ല; യുകെയിലെ രണ്ടാമത്തെ വലിയ സിറ്റിയില്‍ ഇങ്ങനെയാണ്; എലികള്‍ കയറി നിറങ്ങുന്ന ബിര്‍മ്മിംഗ്ഹാമിന്റെ ഗതികെട്ട അവസ്ഥയുടെ നാണം കേട്ട ദൃശ്യങ്ങള്‍ പുറത്ത്

Update: 2025-03-06 03:44 GMT

ലണ്ടന്‍: വികസിത രാജ്യങ്ങളെ കുറിച്ചുള്ള സങ്കല്‍പങ്ങളെ മുഴുവന്‍ മാറ്റിമറിക്കുന്ന കാഴ്ചയാണ് ബ്രിട്ടനിലെ രണ്ടാമത്തെ വലിയ നഗരമായ ബിര്‍മ്മിംഗ്ഹാമില്‍ കാണാന്‍ കഴിയുക. വലിച്ചെറിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ കളിച്ചു തിമിര്‍ക്കുന്ന എലികളുടെ കൂട്ടം. ചില ഹൊറര്‍ സിനിമകളിലെ പശ്ചാത്തല സംഗീതത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ശബ്ദങ്ങളാണ് അവ പുറപ്പെടുവിക്കുന്നത്. ലേബര്‍ പാര്‍ട്ടി ഭരിക്കുന്ന ബിര്‍മ്മിംഗ്ഹാം കൗണ്‍സില്‍ സാമ്പത്തിക പ്രതിസന്ധിയിലായതോടെ തെളിയുന്ന ദൃശ്യങ്ങളാണിവ.

ബിന്‍ സമരം, പൊതുയിടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്ന പ്രവണത അതുപോലെ എച്ച് എസ് 2 ബില്‍ഡിംഗ് ജോലി എന്നിവയൊക്കെ മൂഷികശല്യം വര്‍ദ്ധിക്കാന്‍ കാരണമായതായി പ്രദേശവാസികള്‍ പറയുന്നു. ചവറു കൂടയ്ക്കുള്ളിലും കാര്‍ ബോണറ്റുകളുടെ അടിയിലുമൊക്കെ മീഷികന്മാര്‍ വാസസ്ഥലമൊരുക്കിയിരിക്കുകയാണ്. ചെറിയ പൂച്ചക്കുട്ടികളുടെ വലിപ്പമുള്ള എലികള്‍ വരെ ഇവിടെയുണ്ടെന്നാണ് ഈ മിഡ്‌ലാന്‍ഡ്‌സ് നഗരത്തിലെ നിവാസികള്‍ പറയുന്നത്.

വീടുകളില്‍ മാത്രമല്ല, കാറുകളിലും ഇവ ശല്യമുണ്ടാക്കുകയാണ്. നിറഞ്ഞ് കവിയുന്ന മാലിന്യ കൂടകള്‍ ഇവയ്ക്ക് പെറ്റുപെരുകാന്‍ ഉതകിയ സാഹചര്യവും തീര്‍ക്കുന്നു. ഒരു പ്രധാന നഗരത്തെ സംബന്ചിച്ച് തീര്‍ത്തും അപമാനകരമായ ഒരു സാഹചര്യമാണിതെന്ന് നഗരവാസികള്‍ പറയുന്നു. ഒരു ദിവസം പോലും എലി ശല്യമില്ലാതെ പോകുന്നില്ലെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്. 2023 ല്‍ തന്നെ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട നഗരസഭ കൗണ്‍സില്‍ ഇപ്പോള്‍ പെസ്റ്റ് കണ്‍ട്രോള്‍ ചാര്‍ജ്ജ് ഈടാക്കാന്‍ തയ്യാറെടുക്കുകയാണ്. നേരത്തെ തീര്‍ത്തും സജന്യമായിട്ടായിരുന്നു ഈ സേവനം നല്‍കിയിരുന്നത്.

എലി നികുതി എന്ന് പരിഹസിക്കപ്പെടുന്ന ഈ ചാര്‍ജ്ജ് ഈടാക്കാനുള്ള കൗണ്‍സിലിന്റെ നിര്‍ദ്ദേശത്തിനെതിരെ വോട്ട് ചെയ്ത വിമത കൗണ്‍സിലര്‍ സാം ഫോര്‍സിത്ത് പറയുന്നത് തനിക്ക് അതല്ലാതെ വേറൊരു വഴിയില്ലായിരുന്നു എന്നാണ്. ഇടിവെട്ടിയവനെ പാമ്പ് കടിച്ചതുപോലെ, മാലിന്യം ശേഖരിക്കുന്ന തൊഴിലാളികള്‍ കൂടുതല്‍ സമരങ്ങള്‍ക്ക് ഒരുങ്ങുകയാണ്. വേതന വര്‍ദ്ധനവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ട് മാര്‍ച്ച് 11 മുതല്‍ ഇവര്‍ സമരം ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

ജനുവരിയിലും ഫെബ്രുവരിയിലും ഇവര്‍ സമരം ചെയ്തപ്പോള്‍ നഗരത്തിലെ പലയിടങ്ങളീലും മാലിന്യ കൂടകള്‍ നിറഞ്ഞ് മാലിന്യം റോഡുകളിലും മറ്റും എത്തുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു. പ്രദേശവാസികള്‍ക്ക് മാത്രമല്ല, നഗരത്തിലെത്തുന്ന സന്ദര്‍ശകര്‍ക്കും മാലിന്യകൂമ്പാരങ്ങള്‍ ഏറെ പ്രശ്നങ്ങല്‍ സൃഷ്ടിക്കുകയാണ്. ബിര്‍മ്മിംഗ്ഹാം വിമാനത്താവളത്തില്‍ വരെ എലിശല്യം ഉണ്ട് എന്നതാണ് അദ്ഭുതകരമായ കാര്യം.

Tags:    

Similar News