വനംവകുപ്പില്‍ 'മരുന്നിനായി' ഉള്ളത് സത്യസന്ധരായ അപൂര്‍വ്വം ഉദ്യോഗസ്ഥര്‍; ആരോപണം അന്വേഷിക്കാന്‍ ഇറങ്ങിയ വനംവകുപ്പിലെ മികച്ച ഉദ്യോഗസ്ഥന് ഒടുവില്‍ കിട്ടിയത് സസ്‌പെന്‍ഷന്‍; വനംമന്ത്രിയുടെ ഓഫീസില്‍ ഭിന്നത രൂക്ഷം; നവകേരളത്തില്‍ സത്യസന്ധര്‍ക്ക് രക്ഷയില്ലേ? എല്ലാം മുഖ്യമന്ത്രിയും അറിയുമ്പോള്‍

Update: 2025-03-07 03:05 GMT

തിരുവനന്തപുരം: ഈ നടപടി കേരള ഭരണ ചരിത്രത്തില്‍ ആദ്യം. പരാതി അന്വേഷിച്ച ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതിനെച്ചൊല്ലി വനംവകുപ്പില്‍ പ്രതിഷേധം. ഉന്നത ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ വി.എസ്.രഞ്ജിത്തിനെ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് സസ്പെന്‍ഡ് ചെയ്തതോടെയാണ് ഭിന്നത രൂക്ഷമായത്. വനം വകുപ്പിലെ ചുരുക്കം ചില സത്യസന്ധരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് രഞ്ജിത്. രഞ്ജിത്തിന്റെ സ്ഥലം മാറ്റത്തിനെതിരെ ഉന്നത ഉദ്യോഗസ്ഥരും റേഞ്ച് ഓഫീസര്‍മാരും ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും സമീപിക്കുമെന്നാണ് വിവരം. നടപടിക്കെതിരെ വകുപ്പിലെ ഉദ്യോഗസ്ഥരും റേഞ്ച് ഓഫീസര്‍മാരുടെ സംഘടനയും രംഗത്തെത്തിയതോടെ മന്ത്രി എ.കെ.ശശീന്ദ്രന്റെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പ്രതിസന്ധിയിലാണ്. സംഭവമെല്ലാം മുഖ്യമന്ത്രി പിണറായി വിജയനും അറിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷനിലുള്ള പരുത്തിപ്പള്ളി, കല്ലാര്‍ റേഞ്ച് ഓഫീസുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട 14 പരാതികളില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വി.എസ്.രഞ്ജിത്തിനെ സസ്പെന്‍ഡ് ചെയ്തത്. ഈ കേസുകളില്‍ കുറ്റാരോപിതയായ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വനിതാ കമ്മിഷനില്‍ നല്‍കിയ പരാതിയിലാണ് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് നടപടിയെടുത്തത്. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥനെ മനപ്പൂര്‍വം കേസില്‍ കുടുക്കുന്നതിനായി പരാതി നല്‍കിയതാണെന്നും പരാതിക്കാരി അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നുമാണ് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ സാഹചര്യത്തില്‍ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടത് മറികടന്നാണ് അഡി.ചീഫ് സെക്രട്ടറി സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. ഇത് മന്ത്രിയുടെ ഓഫീസിലെ ചിലരുടെ ശക്തമായ സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ആരോപണമെന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. വനംവകുപ്പില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതിനെ ചൊല്ലി മന്ത്രി എ.കെ. ശശീന്ദ്രന്റെ ഓഫിസില്‍ ഭിന്നത രൂക്ഷമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിപിയിലെ കലാപം മന്ത്രി ശശീന്ദ്രന്‍ അവസാനിപ്പിച്ചതിന് പിന്നാലെ മറ്റൊരു കുരുക്ക് വകുപ്പില്‍ ഉടലെടുക്കുന്നു. മിക്കവാറും എല്ലാ മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഇത് മന്ത്രിക്ക് വലിയ പ്രതിസന്ധിയായി മാറും.

വനംവകുപ്പിന്റെ തീരുമാനം മറികടന്ന് ഫൈ്‌ലയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ വി.എസ്. രഞ്ജിത്തിനെ മന്ത്രിയുടെ ഓഫിസ് ഇടപെട്ട് സസ്‌പെന്‍ഡ് ചെയ്തുവെന്നാണ് ആരോപണം. ഇതിനിടെ, വിയോജിപ്പ് പരസ്യമാക്കി മന്ത്രിയുടെ ഓഫിസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ രാജിസന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്. തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷനിലുള്ള പരുത്തിപ്പള്ളി, കല്ലാര്‍ റേഞ്ച് ഓഫിസുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഫ്‌ലൈയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ വി.എസ്. രഞ്ജിത്തിനെ സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണത്തിലിരിക്കുന്ന കേസില്‍ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബീറ്റ് ഫോറസ്റ്റ് ഓഫിസറായ ഉദ്യോഗസ്ഥ വനിത കമീഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഓഫിസ് നേരിട്ടിടപെട്ട് സസ്‌പെന്‍ഷന്‍ നടത്തിയത്.

എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥനെ മനഃപൂര്‍വം കേസില്‍ കുടുക്കുന്നതിന് വനിത കമീഷനില്‍ പരാതി നല്‍കിയതാണെന്നാണ് വനംവകുപ്പിന്റെ വാദം. ഈ സാഹചര്യത്തില്‍ സത്യസന്ധനായ ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കരുതെന്നും വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് മറികടന്ന് റേഞ്ച് ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തതോടെയാണ് വലിയ വിവാദത്തിലേക്ക് കാര്യങ്ങളെത്തിയത്. വനംവകുപ്പിന്റെ നിലപാടിന് വിരുദ്ധമായി ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനമെടുത്തത് മന്ത്രി ഓഫിസിലെ ചിലരുടെ സമ്മര്‍ദത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആരോപണമുണ്ട്. ഇതിനെതിരേ വകുപ്പിലെ ഉദ്യോഗസ്ഥരും റേഞ്ച് ഓഫിസര്‍മാരുടെ സംഘടനയും രംഗത്തെത്തി.

ഇതോടെയാണ് മന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന്‍ രാജിസന്നദ്ധത അറിയിച്ചത്. ഇതുസംബന്ധിച്ച കത്ത് മന്ത്രി ശശീന്ദ്രന് ഉദ്യോഗസ്ഥന്‍ കൈമാറിയതായും സൂചനയുണ്ട്. ഈ വിഷയത്തില്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സംഘടന മുഖ്യമന്ത്രിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Tags:    

Similar News