ഒടുവില്‍ നോഹയുടെ പേടകം കണ്ടെത്തിയോ? തുര്‍ക്കിയില്‍ കണ്ടെത്തിയ 5000 വര്‍ഷം പഴക്കം ഉള്ള കപ്പല്‍ അവശിഷ്ടങ്ങള്‍ നോഹയുടെമെന്ന് പേടകത്തിന്റേത് ആകാമെന്ന് ശാസ്ത്രജ്ഞര്‍
മഹാപ്രളയ കാലത്ത് മനുഷ്യര്‍ ഉള്‍പ്പടെയുള്ള ജീവിവംശങ്ങളെ രക്ഷിച്ചത് നോവയുടെ പേടകമാണെന്നാണ് ബൈബിളില്‍ പറയുന്നത്. ആ പ്രളയം ഉണ്ടായി എന്ന് വിശ്വസിക്കപ്പെടുന്ന കാലത്തുനിന്നും 5000 വര്‍ഷങ്ങള്‍ക്കിപ്പുറം ചില ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത് തങ്ങള്‍ നോഹയുടെ പേടകം ഉള്ള സ്ഥലം കണ്ടെത്തി എന്നാണ്. തുര്‍ക്കിയിലെ എരാരത് പര്‍വ്വതനിരകളില്‍ നിന്നും 30 കിലോമീറ്റര്‍ തെക്ക് മാറി കണ്ടെത്തിയ, നൗകയുടെ ആകൃതിയിലുള്ള ചിറ യഥാര്‍ത്ഥത്തില്‍ ഒരു മര നൗകയുടെ ഫോസില്‍ ആണെന്നാണ് അന്താരാഷ്ട്ര ഗവേഷകരുടെ ഒരു സംഘം അവകാശപ്പെടുന്നത്.
ലിമോണൈറ്റ് എന്ന ഇരുമ്പ് അയിരിനാല്‍ രൂപപ്പെട്ട ഏകദേശം 163 മീറ്റര്‍ നീളമുള്ള ഒരു ഭൂഘടനയാണ് ഡുരുപിനാര്‍ ഫോര്‍മേഷന്‍ എന്നറിയപ്പെടുന്ന ഈ ചിറ. ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന നോഹയുടെ പേടകത്തിന്റെ ആകൃതിയുമായി ഇതിന് ഏറെ സാമ്യമുള്ളതിനാല്‍ തന്നെ ഈ ഭൂഘടന ദീര്‍ഘകാലമായി പല ഗവേഷണങ്ങള്‍ക്കും വിധെയമായിട്ടുണ്ട്. ഏറ്റവും അവസാനം ലഭിച്ച തെളിവുകള്‍ പറയുന്നത് ഈ ചിറ 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഒരു മഹാ പ്രളയത്തെ അതിജീവിച്ചിട്ടുണ്ട് എന്നാണ്.
ക്രിസ്തുവിന് മുന്‍പ് 3000 മുതല്‍ 5500 വര്‍ഷങ്ങള്‍ക്കിടയില്‍ ഈ ഭാഗത്ത് മഹാപ്രളയമുണ്ടായി എന്ന ബൈബിള്‍ പരാമര്‍ശത്തെ പിന്താങ്ങുന്ന ഒരു കണ്ടെത്തലാണിത്.ഈ പ്രദേശത്ത് ഒരുകാലത്ത് ജീവജാലങ്ങള്‍ നിലനിന്നിരുന്നു എന്നും പിന്നീട് അവ വെള്ളത്തിനടിയിലായി എന്നുമാണ് തങ്ങളുടെ ഗവേഷണത്തില്‍ കണ്ടെത്താനായതെന്ന് ഗവേഷകര്‍ പറയുന്നു. ഒരു മഹാ പ്രളയം ഉണ്ടായിരിക്കാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും അവര്‍ പറയുന്നു.
തുര്‍ക്കിയില്‍ ഇസ്താംബൂള്‍ യൂണിവേഴ്സിറ്റി, അഗ്രി ഇബ്രാഹിം സെസെന്‍ യൂണിവേഴ്സിറ്റി, അമേരിക്കയിലെ ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റി എന്നിവര്‍ സംയുക്തമായി 2021 മുതല്‍ ഈ പ്രദേശത്ത് പര്യവേഷണം നടത്തുകയാണ്. മൗണ്ട് എരാരത് ആന്‍ഡ് നോഹാസ് ആര്‍ക്ക് റിസര്‍ച്ച് ടീം എന്ന പേരിലാണ് ഇവര്‍ ഗവേഷണം നടത്തുന്നത്. എരാരത് പര്‍വ്വതത്തെയും നോഹയുടെ പേടകത്തെയും സംബന്ധിച്ച ഏഴാമത് അന്താരാഷ്ട്ര സിമ്പോസിയത്തിലാണ് ഗവേഷകര്‍ പുതിയ തെളിവുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. നൗകയുടെ ആകൃതിയിലുള്ള ചിറ യഥാര്‍ത്ഥത്തില്‍ ഒരു പുരാതന നൗക തന്നെയാണെന്നാണ് തെളിവുകള്‍ നിരത്തി അവര്‍ വാദിക്കുന്നത്.
ഡുരുപിനാര്‍ ഫോര്‍മേഷന്‍ എന്നറിയപ്പെടുന്ന ഈ ചിറയില്‍ നിന്നും മണ്ണിന്റെയും പാറക്കഷ്ണങ്ങളുടേതുമായി 30 സാമ്പിളുകളാണ് ഗവേഷകര്‍ ശേഖരിച്ച് ഇസ്റ്റാംബൂള്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പഠനത്തിനായി അയച്ചത്. ഈ സാമ്പിളുകളില്‍ ചെളിക്ക് സമാനമായ പദാര്‍ത്ഥങ്ങള്‍, സമുദ്രാവശിഷ്ടങ്ങള്‍, സമുദ്രജീവികളുടെ അവശിഷ്ടങ്ങള്‍ എന്നിവയുണ്ടെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ഇവയില്‍ നടത്തിയ കാര്‍ബണ്‍ ഡേറ്റിംഗില്‍ തെളിഞ്ഞത് ഈ സാമ്പിളുകള്‍ക്ക് 3500 മുതല്‍ 5500 വര്‍ഷങ്ങള്‍ വരെ പഴക്കമുണ്ട് എന്നാണ്.
അതായത്, ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്ന കാലഘട്ടത്തില്‍ ഡുരുപിനാര്‍ ഫോര്‍മേഷന്റെ ചുറ്റുമുള്ള പ്രദേശത്ത് ജലമുണ്ടായിരുന്നു എന്ന് ചുരുക്കം. നവീന ശിലായുഗത്തിലെ ചാല്‍കോലിഥിക് ഘട്ടത്തിനു ശേഷം ഇവിടെ മനുഷ്യ സാന്നിദ്ധ്യമുണ്ടായിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട് എന്ന് ഗവേഷക സംഘം നേതാവ് പ്രൊഫസര്‍ ഫറുള്‍ കായ പറയുന്നു. ഇത് സത്യമാണെങ്കില്‍ ഡുരുപിനാര്‍ ഫോര്‍മെഷന്‍ യഥാര്‍ത്ഥത്തില്‍ നോഹയുടെ പേടകമാകാനുള്ള സാധ്യത ഇനിയും വര്‍ദ്ധിക്കുകയാണ്.