ശാന്ത സുന്ദരമായ അഗത്തിയിൽ നിന്ന് കൊച്ചിയിലേക്ക് പറക്കാനെത്തിയ എംപി മാർ; ചെക്ക് ഇൻ ചെയ്യാൻ എത്തിയതും ആ ഒരൊറ്റ കാര്യം ചെയ്യില്ലെന്ന് പിടിവാശി; പൈലറ്റ് അടക്കം കുഴങ്ങി നിന്നത് അരമണിക്കൂർ
അഗത്തി: ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകളോട് സഹകരിക്കാൻ വിസമ്മതിച്ച 11 എംപിമാർക്കെതിരെ പരാതി ഉയർന്നു. കൊച്ചിയിലേക്കുള്ള യാത്രക്കെത്തിയ സംഘം സുരക്ഷാ നടപടികൾ തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരുമായി തർക്കത്തിലേർപ്പെടുകയും ചെയ്തതിനെ തുടർന്ന് വിമാനം അരമണിക്കൂറിലേറെ വൈകിയതായി അലയൻസ് എയർ ജീവനക്കാർ കമ്പനി മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് 2:45-ഓടെയാണ് സംഭവം.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം സുരക്ഷാ നടപടികൾ ശക്തമാക്കിയ സാഹചര്യത്തിൽ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (BCAS) നിർദ്ദേശപ്രകാരം ബാഗേജുകൾ ഉൾപ്പെടെയുള്ള കർശന പരിശോധനകളോട് ചില എംപിമാർ തയ്യാറായില്ലെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. നിശ്ചിത സമയത്തേക്കാൾ ഒരു മണിക്കൂറിലധികം വൈകിയാണ് എംപിമാർ ചെക്ക്-ഇൻ ചെയ്യാനെത്തിയത്.
ഉത്തർപ്രദേശിൽ നിന്നുള്ള എംപി ജഗതാംബിക പാൽ ഒരു സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പ്രത്യേകമായി ചൂണ്ടിക്കാട്ടുന്നുണ്ട്. വിമാനത്തിനുള്ളിലെ കടുത്ത ചൂടും യാത്ര വൈകുന്നതിലെ ആശങ്കയും കാരണം സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞു. എംപിമാർ സഹകരിക്കാത്തത് മൂലമാണ് യാത്ര വൈകുന്നതെന്ന് ചില യാത്രക്കാർ ആരോപിച്ചതോടെ തർക്കം രൂക്ഷമായി. ഒടുവിൽ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചേ മതിയാകൂ എന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയതോടെയാണ് പരിശോധനകൾ പൂർത്തിയാക്കാൻ സാധിച്ചത്.
ഈ തർക്കം കാരണം ഏകദേശം ഒരു മണിക്കൂറിലധികം വൈകിയാണ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത്. വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകളിൽ നിന്ന് ജനപ്രതിനിധികൾക്ക് ഇളവുണ്ടോ എന്ന കാര്യത്തിൽ വലിയ ചർച്ചകൾക്ക് ഈ സംഭവം വഴിവെച്ചു. നിലവിലെ സിവിൽ ഏവിയേഷൻ നിയമങ്ങൾ അനുസരിച്ച് നിർദ്ദിഷ്ട വ്യക്തികൾക്കൊഴികെ മറ്റെല്ലാവർക്കും സുരക്ഷാ പരിശോധനകൾ നിർബന്ധമാണ്.
വിഷയത്തിൽ വിമാനത്താവള അധികൃതർ ഔദ്യോഗികമായി റിപ്പോർട്ട് നൽകിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും വിമാനയാത്ര വൈകിപ്പിച്ചതിനും നടപടിയുണ്ടാകുമോ എന്ന് വ്യക്തമല്ല. അതേസമയം, തങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിച്ചുവെന്നാണ് എംപിമാരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.