ദീപക്കിന്റെ ആത്മഹത്യയിൽ ഷിംജിത മുസ്തഫയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; യുവതി മംഗളൂരുവിലേക്ക് കടന്നതായി സംശയം; സ്വകാര്യ ബസ് ജീവനക്കാരിൽ നിന്ന് പോലീസ് മൊഴിയെടുത്തു; പരാതി നൽകാതെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷണ പരിധിയിൽ

Update: 2026-01-21 07:34 GMT

കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ദീപക്കിന്റെ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യം വിടുന്നത് തടയാനാണ് ഈ നടപടി. അതേസമയം, ഷിംജിത കേരളം വിട്ട് മംഗളൂരുവിലേക്ക് കടന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പോലീസിൽ പരാതി നൽകാതെ യുവതി വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷണ പരിധിയിലാണ്. ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന സ്വകാര്യ ബസ് ജീവനക്കാരിൽ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്.

കോഴിക്കോട് ഗോവിന്ദപുരം മണൽത്താഴം സ്വദേശി യു. ദീപക് (42) ആണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ വസ്ത്രനിർമാണ സ്ഥാപനത്തിലെ സെയിൽസ് എക്സിക്യൂട്ടീവായിരുന്ന ദീപക്, ജോലി ആവശ്യത്തിനായി കണ്ണൂർ പയ്യന്നൂരിലെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ട്രെയിനിറങ്ങി ബസ് സ്റ്റാൻഡിലേക്കുള്ള യാത്രയിൽ ബസിൽ വെച്ച് ദീപക് തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചുവെന്ന് ആരോപിച്ച് യുവതി വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഈ ആരോപണം ഉയർന്നതോടെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നും, ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ബന്ധുക്കൾ പറയുന്നു.

ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ഗോവിന്ദപുരത്തെ വീട്ടിലെത്തി പോലീസ് ദീപക്കിന്റെ മാതാപിതാക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ വീഡിയോ വന്നത് മകനെ മാനസികമായി തകർത്തെന്നും, ചെയ്യാത്ത കുറ്റത്തിന് ദീപക്കിനെ അപമാനിക്കുകയായിരുന്നുവെന്നും മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു. ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് അച്ഛൻ മൊഴി നൽകി.

അതിനിടെ, ദീപക്കിന്റെ ആത്മഹത്യ സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മെൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം, ദീപക് പയ്യന്നൂരില്‍ നിന്ന് അല്‍ അമീന്‍ എന്ന സ്വകാര്യ ബസിലാണ് കയറിയതെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതോടെ ഷിംജിതയുടെ വെളിപ്പെടുത്തലുകള്‍ സംശയനിഴലിലായി. ദീപക് ചതിയില്‍പ്പെട്ടതാണെന്ന വാദത്തിന് ബലം നല്‍കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ബസിലെ ഡ്രൈവര്‍ ക്യാബിന് സമീപമുള്ള സിസിടിവിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45-ന് ദീപക് ബസിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്. പുറകില്‍ ബാഗ് തൂക്കി വളരെ സാധാരണ നിലയിലാണ് ദീപക് ബസില്‍ കയറുന്നത്. എന്നാല്‍ ബസില്‍ ദീപക് മോശമായി പെരുമാറിയെന്ന ഷിംജിതയുടെ വീഡിയോയിലെ ആരോപണങ്ങള്‍ ബസ് ജീവനക്കാര്‍ പൂര്‍ണ്ണമായും തള്ളി. ബസിനുള്ളില്‍ അന്ന് അസ്വാഭാവികമായ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നാണ് ജീവനക്കാരുടെ മൊഴി.

ദീപക് അപമര്യാദയായി പെരുമാറിയെന്ന് വീഡിയോയില്‍ ആരോപിച്ച ഷിംജിത, അന്ന് ബസിനുള്ളില്‍ വച്ച് ഇത്തരമൊരു പരാതി ആരോടും പറഞ്ഞിരുന്നില്ലെന്ന് കണ്ടക്ടര്‍ രാമകൃഷ്ണന്‍ വെളിപ്പെടുത്തി. മറ്റൊരു യുവതിയോട് മോശമായി പെരുമാറി എന്നതടക്കമുള്ള ഷിംജിതയുടെ വാദങ്ങള്‍ ബസ് ഉടമയോ ജീവനക്കാരോ അറിഞ്ഞിട്ടുപോലുമില്ല. ബസ് ഉടമ വീഡിയോ കാണിച്ചു തന്നപ്പോഴാണ് ഇങ്ങനെ ഒരു ആരോപണം ഉള്ള കാര്യം പോലും അറിഞ്ഞതെന്ന് ഇവര്‍ പറയുന്നു. ഷിംജിത ബസില്‍ കയറി ഒരു മിനിറ്റിനു ശേഷമാണ് ദീപക് ബസില്‍ കയറുന്നത്. ഇവര്‍ തമ്മില്‍ ബസിനുള്ളില്‍ വച്ച് തര്‍ക്കങ്ങളോ ബഹളങ്ങളോ നടന്നതായി ദൃക്സാക്ഷികളുമില്ല.

ദീപക്കിന്റെ ആത്മഹത്യയില്‍ ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി മെഡിക്കല്‍ കോളജ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. പത്തു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്. ദീപക്കിന്റെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഷിംജിതയുടെ സോഷ്യല്‍ മീഡിയ വിചാരണയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമാണ് നിരപരാധിയായ ഒരു യുവാവിന്റെ ജീവനെടുത്തതെന്ന വികാരം ശക്തമാണ്. വരും ദിവസങ്ങളില്‍ ബസിലുണ്ടായിരുന്ന കൂടുതല്‍ യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തുന്നതോടെ ഷിംജിതയ്ക്ക് മേലുള്ള കുരുക്ക് ഇനിയും മുറുകും.

ബസില്‍ അന്നുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ മൊഴികള്‍ കൂടി രേഖപ്പെടുത്തുന്നതോടെ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പോലീസ് അറിയിച്ചു. നിരപരാധിത്വം തെളിയിക്കാന്‍ പോലും അവസരം നല്‍കാതെ നടത്തിയ സൈബര്‍ വിചാരണയാണ് ദീപക്കിനെ മരണത്തിലേക്ക് തള്ളിയിട്ടതെന്ന പ്രതിഷേധം ശക്തമാണ്. നിലവില്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍ പ്രകാരം പോലീസ് ഷിംജിതയെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. അതീവ ഗുരുതരമായ വകുപ്പാണ് ഷിംജിതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ പത്ത് വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാം.

സിസിടിവി ദൃശ്യങ്ങള്‍ ഷിംജിതയുടെ വാദങ്ങളെ പൊളിക്കുന്നതാണ്. ബസില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന ജീവനക്കാരുടെ മൊഴിയും ഷിംജിതയ്ക്ക് കോടതിയില്‍ വലിയ തിരിച്ചടിയാകും. ഷിംജിതയുടെ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ബസില്‍ പ്രശ്‌നമുണ്ടായി എന്ന് വീഡിയോയില്‍ പറയുന്ന ഷിംജിത അന്ന് ബസിനുള്ളില്‍ വച്ച് പരാതി നല്‍കുകയോ ബഹളം വെക്കുകയോ ചെയ്തില്ലെന്നത് ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരു നിരപരാധിയെ സമൂഹമധ്യത്തില്‍ അപമാനിക്കാന്‍ മനഃപൂര്‍വ്വം നടത്തിയ നീക്കമാണിതെന്നാണ് സൈബര്‍ ലോകത്തുയരുന്ന ആക്ഷേപം.

Tags:    

Similar News