പണം ലഭിച്ചത് ട്രസ്റ്റിന്, വ്യക്തിപരമായി ബന്ധമില്ലെന്നും വാദം; പാതിവില തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നുവെന്ന് പൊലീസും; ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; സായി ട്രസ്റ്റ് ചെയര്‍മാന്‍ കസ്റ്റഡിയില്‍; വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി
ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; പോലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസില്‍ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാര്‍ കസ്റ്റഡിയില്‍. തിരുവന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആനന്ദകുമാറിന്റെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ചികിത്സയിലാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
പകുതി വില തട്ടിപ്പില്‍ കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആനന്ദകുമാറിനെ പ്രതി ചേര്‍ത്തിട്ടുണ്ട്. മൂവാറ്റുപുഴയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും ഇയാള്‍ മുഖ്യ പ്രതിയാകുമെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് ആനന്ദകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടിയത്.
ജാമ്യഹര്‍ജിയില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. തന്റെ അക്കൗണ്ടില്‍ വന്ന പണമെല്ലാം ട്രസ്റ്റിന് ലഭിച്ചതാണെന്നും ഇത് വ്യക്തിപരമായി കിട്ടിയതല്ലെന്നും രേഖാമൂലം നികുതി അടച്ച പണമാണെന്നും അത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ തയാറാണെന്നും ആനന്ദ കുമാര്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ ബോധ്യം ആനന്ദ കുമാറിന് ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് റിപ്പോര്‍ട്ട് ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് അഞ്ചു തവണ മാറ്റിവെച്ച കേസില്‍ തിങ്കളാഴ്ച കോടതി വാദം കേള്‍ക്കുകയായിരുന്നു.
കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ കണ്ണൂര്‍ എസ്പിയെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി ഫയല്‍ചെയ്തിരുന്നത്. കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറി പള്ളിക്കുന്ന് എടച്ചേരി മാനസം ഹൗസില്‍ എ മോഹനന്‍ നല്‍കിയ പരാതിയിലാണ് ആനന്ദകുമാര്‍ അടക്കം ഏഴുപേരെ പ്രതികളാക്കി പൊലീസ് കേസെടുത്തത്. പ്രതികള്‍ക്കെതിരെ വിശ്വാസവഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കണ്ണൂര്‍ സീഡ് സൊസൈറ്റിയിലെ വനിതാ അംഗങ്ങള്‍ക്ക് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് അന്‍പത് ശതമാനം നിരക്കില്‍ ഇരുചക്രവാഹനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് 2,96,40,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ആനന്ദ കുമാര്‍ കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി അനന്തുകൃഷ്ണനാണ്. ഡോ ബീന സെബാസ്റ്റ്യന്‍, ഷീബാ സുരേഷ്, സുമ കെ പി, ഇന്ദിര, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് എന്നിവരടക്കം ഏഴുപേരാണ് കേസിലെ പ്രതികള്‍.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി 15നാണ് ഓഫര്‍ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്. സായി ഗ്രാമം ട്രസ്റ്റ് ചെയര്‍മാനായ കെ.എന്‍ ആനന്ദകുമാര്‍ ആജീവനാന്ത ചെയര്‍മാനായ ട്രസ്റ്റില്‍ 5 അംഗങ്ങള്‍ ആണുള്ളത്. പ്രതി അനന്തു കൃഷ്ണന്‍, ബീന സെബാസ്റ്റ്യന്‍, ഷീബ സുരേഷ്, ജയകുമാരന്‍ നായര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. തട്ടിപ്പില്‍ പങ്കില്ലെന്നും പണമിടപാട് അടക്കം എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തത് അനന്തു കൃഷ്ണനാണെന്നുമായിരുന്നു കെ.എന്‍ ആനന്ദകുമാറിന്റെ വാദം.
ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ കൈമാറിയെന്ന് അനന്തു കൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു. ആനന്ദകുമാറാണ് എന്‍ജിഒ കോണ്‍ഫഡറേഷന്‍ ചെയര്‍മാനെന്ന് പകുതി വില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണന്‍ പറഞ്ഞിരുന്നു. ആനന്ദകുമാര്‍ ഉറപ്പ് നല്‍കിയ സിഎസ്ആര്‍ ഫണ്ട് കൃത്യമായി ലഭിച്ചില്ലെന്നും അനന്തു കൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.