ബാങ്ക് ഓഫ് കാനഡയുടെ ഗവര്‍ണറായി പ്രവര്‍ത്തിച്ച 59-കാരൻ; ഗോള്‍ഡ്മാന്‍ സാക്‌സിലെ മുന്‍ ഉദ്യോഗസ്ഥന്‍; ആഗോള സാമ്പത്തികമാന്ദ്യത്തില്‍ രാജ്യത്തെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ച വ്യക്തിത്വം; ട്രംപിനെ വരെ നേരിടാന്‍ കെൽപ്പുള്ള ആൾ; കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാർക്ക് കാർണി ചുമതലയേറ്റു; ആവേശത്തിൽ ജനങ്ങൾ!
ഒട്ടാവ: കാനഡയിലെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പടിയിറങ്ങിയതിന് പിന്നാലെ കനേഡിയന്‍ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണി ചുമതലയേറ്റു. ഇതോടെ കാനഡയുടെ 24മാത് പ്രധാനമന്ത്രിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 59 കാരനായ മാര്‍ക്ക് കാര്‍ണി ബാങ്ക് ഓഫ് കാനഡയുടെ മുന്‍ ഗവര്‍ണറായിരുന്നു. ഒട്ടാവയിലെ പാര്‍ലമെന്റ് സമുച്ചയത്തില്‍ നടന്ന സ്ഥാനാരോഹണച്ചടങ്ങില്‍ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ അധ്യക്ഷത വഹിച്ചു. അമേരിക്കയുമായുള്ള കാനഡയുടെ നികുതി തര്‍ക്കം ശക്തമാകുന്നതിനിടെയാണ് കടുത്ത ട്രംപ് വിരോധി കൂടിയായ മാര്‍ക്ക് കാര്‍ണി ചുമതലയേല്‍ക്കുന്നത്. കാനഡയിലെ ജനങ്ങൾ വരെ ട്രംപിനെ നേരിടാന്‍ കെൽപ്പുള്ള ആൾ എന്നാണ് വിശേഷിപ്പിക്കുന്നത്. വലിയ ജനപ്രീതിയാണ് കാനഡയിൽ അദ്ദേഹത്തിന് ഉള്ളത്.
കാനഡ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അദ്ദേഹത്തിന്റെ രാജി ഔദ്യോഗികമായി സമര്‍പ്പിച്ചെങ്കിലും സ്ഥാനാരോഹണച്ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. 24 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മാര്‍ക്ക് കാര്‍ണിയുടെ മന്ത്രി സഭ. ട്രൂഡോ മന്ത്രിസഭയിലെ 17 മന്ത്രിമാരെ പുറത്താക്കിയാണ് പുതിയ മന്ത്രിസഭ രൂപികരിച്ചിരിക്കുന്നത്. ട്രൂഡോ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയായ മെലനി ജോളി, അന്താരാഷ്ട്ര വ്യാപാര വകുപ്പ് ഡൊമിനിക് ലെ ബ്ലാങ്ക് എന്നിവരെ മന്ത്രിസഭയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ വംശജയായ അനിത ആനന്ദിനെ മിനിസിറ്റര്‍ ഓഫ് ഇന്നോവേഷന്‍ സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രിയായും കമല്‍ ഖേരയെ ആരോഗ്യ വകുപ്പ് മന്ത്രിയായും നിയമിച്ചിട്ടുണ്ട്.
ലിബറല്‍ പാര്‍ട്ടി നേതാവായി മാര്‍ക്ക് കാര്‍ണിയെ തിരഞ്ഞെടുത്തത്. ഇതോടെ ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി മാര്‍ക്ക് കാര്‍ണി കാനഡയുടെ പ്രധാനമന്ത്രിയാകും. ഒന്നരലക്ഷത്തോളം പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ മാര്‍ക്ക് കാര്‍ണിക്ക് 86 ശതമാനത്തോളം വോട്ട് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡിനെയാണ് കാര്‍ണി പരാജയപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ലിബറല്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായിരുന്ന ജസ്റ്റിന്‍ ട്രൂഡോ തന്റെ രാജി പ്രഖ്യാപിച്ചത്. ഒമ്പതുവര്‍ഷത്തിലേറെ ഭരണത്തിലിരുന്നശേഷമായിരുന്നു ട്രൂഡോ സ്ഥാനമൊഴിഞ്ഞത്. ഇതിനുപിന്നാലെയാണ് ട്രൂഡോയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ ലിബറല്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് നടത്തിയത്. ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവര്‍ണറായി പ്രവര്‍ത്തിച്ചയാളാണ് 59-കാരനായ മാര്‍ക്ക് കാര്‍ണി.
2008-ലെ ആഗോള സാമ്പത്തികമാന്ദ്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ കാനഡയെ സഹായിച്ചതിലൂടെ ഗോള്‍ഡ്മാന്‍ സാക്‌സിലെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന കാര്‍ണിയുടെ പ്രശസ്തി വര്‍ധിച്ചു. നിലവില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിടാന്‍ ഏറ്റവും യോഗ്യനായ രാഷ്ട്രീയക്കാരനെന്നാണ് വിവിധ സര്‍വേകളില്‍ കാര്‍ണിയെ കാനഡക്കാര്‍ വിശേഷിപ്പിക്കുന്നത്.
ലിബറല്‍ പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മാര്‍ക്ക് കാര്‍ണി സാമൂഹികമാധ്യമമായ എക്‌സിലൂടെ ഏവര്‍ക്കും നന്ദി അറിയിച്ചു. ഐക്യപ്പെടുമ്പോഴാണ് നമ്മള്‍ കൂടുതല്‍ ശക്തരാകുന്നതെന്നും നിങ്ങള്‍ക്ക് നന്ദിയെന്നുമാണ് മാര്‍ക്ക് കാര്‍ണി എക്‌സില്‍ കുറിച്ചു. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍ണി പ്രധാനമന്ത്രി പദത്തിലേക്കെത്തിയത്. ലിബറല്‍ പാര്‍ട്ടിയിലെ 86 ശതമാനത്തോളം പേരാണ് കാര്‍ണിയെ പിന്തുണച്ചത്.
മാര്‍ക്ക് കാര്‍ണി 131,674 വോട്ടുകള്‍ നേടിയാണ് നേതൃത്വ മത്സരത്തില്‍ വിജയിച്ചത്. അദ്ദേഹത്തിന്റെ എതിരാളികളായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് 11,134 വോട്ടുകളും, കരീന ഗൗള്‍ഡ് 4,785 വോട്ടുകളും ഫ്രാങ്ക് ബെയ്ലിസ് 4,038 വോട്ടുകളും നേടി. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനും തനിക്ക് സാധിക്കുമെന്ന് കാര്‍ണി മുമ്പ് പറഞ്ഞിരുന്നു. കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത 59കാരനായ കാര്‍ണി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഓഫ് കാനഡയുടെയും മുന്‍ ഗവര്‍ണറായിരുന്നു.
2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് 59-കാരനായ അദ്ദേഹം ബാങ്ക് ഓഫ് കാനഡയുടെ എട്ടാമത്തെ ഗവര്‍ണറായി സേവനം അനുഷ്ഠിക്കുകയും. തങ്ങളുടെ പുതിയ പ്രധാനമന്ത്രിയെ വലിയ കൈയ്യടികളോടെയും ആർപ്പുവിളികളോടെയുമാണ് ജനങ്ങൾ വരവേറ്റത്. ഇതോടെ രാജ്യത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. അതുപോലെ കടുത്ത ട്രംപ് വിരോധി കൂടിയായ മാർക്ക് ഇനി വരും ദിവസങ്ങളിൽ അമേരിക്കയുമായി എന്തൊക്കെ ഇടപെടൽ നടത്തുന്നു എന്നതും നിർണായകമാണ്.