ആ നാലു കനേഡിയന്‍ പൗരന്മാരെ വിഷം കുത്തി വച്ചു കൊന്നോ? അതോ വെടിവച്ചു വകവരുത്തിയോ? മയക്കുമരുന്ന് കേസില്‍ കുടുങ്ങിയ നാല് കാനഡക്കാര്‍ക്ക് ചൈനയില്‍ വധശിക്ഷ; അപലപിച്ച കാനഡയെ ശാസിച്ച് ചൈന; വീണ്ടും വധശിക്ഷാ ചര്‍ച്ചയില്‍ ലോകം

Update: 2025-03-21 03:59 GMT

യക്കുമരുന്ന് കേസില്‍ നാല് കനേഡിയന്‍ പൗരന്‍മാരെ ചൈനയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കി. കാനഡ സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വധിക്കപ്പെട്ട നാലുപേരും ഇരട്ടപൗരത്വമുള്ളവരാണെന്നും ഇവരുടേക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കിവെച്ചിരിക്കുകയാണെന്നും കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. അവരുടെ കുറ്റകൃത്യങ്ങള്‍ക്ക് ശക്തവും മതിയായതുമായ തെളിവുകള്‍ ഉണ്ടെന്നും നിയമപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇത് സംബന്ധിച്ച് കാനഡ നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും ചൈന ആരോപിച്ചു.

കനേഡിയന്‍ പൗരന്മാരുമായി ബന്ധപ്പെട്ട് ഈ കേസ് മാസങ്ങളായി തങ്ങള്‍ നിരീക്ഷിച്ചിരുന്നുവെന്നും മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പെടെയുള്ളവര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് വധശിക്ഷ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും മെലാനി ജോളി പറഞ്ഞു. മയക്കുമരുന്ന്, അഴിമതി, ചാരവൃത്തി എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കാണ് ചൈനയില്‍ വധശിക്ഷ വിധിക്കുന്നത്. അതേസമയം, ചൈനയില്‍ വധശിക്ഷകളുടെ എണ്ണം രഹസ്യമാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വധശിക്ഷാ നിരക്കുള്ള രാജ്യങ്ങളില്‍ ഒന്നാണ് ചൈനയെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. 2023 ല്‍ മാത്രം ആയിരക്കണക്കിന് ആളുകളേയാണ് ചൈനയില്‍ വധശിക്ഷക്ക് വിധേയരാക്കിയതെന്ന് സംഘടന കുറ്റപ്പെടുത്തി.

ഇത് സംബന്ധിച്ച കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും സംഘടന വ്യക്തമാക്കി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാനഡ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റ കാനഡയിലെ പ്രതിനിധി കെറ്റിനിവ്യാ ബന്‍ഡി ചൂണ്ടിക്കാട്ടി. ചൈനയില്‍ ഓരോ വര്‍ഷവും നിരവധി പേരെയാണ് ഇത്തരം കുറ്റങ്ങള്‍ക്ക് വധശിക്ഷക്ക് വിധേയമാക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഒരു വാര്‍ത്തകളും പുറത്തു വരാറില്ല. എല്ലാ കാര്യങ്ങളും രഹസ്യമായി സൂക്ഷിക്കുന്നതാണ് ചൈനയുടെ രീതി എന്നത് കൊണ്ടാണ് ഇതൊന്നും ലോകം അറിയാതെ പോകുന്നത്. പരമ്പരാഗതമായി വെടിവെച്ചു കൊല്ലുന്നതാണ് ചൈനയിലെ വധശിക്ഷാ രീതി എങ്കിലും കുറേ നാളായി വിഷം കുത്തിവെച്ചു കൊല്ലുന്നതും ഇവരുടെ രീതിയാണ്. സംഭവത്തെ ശക്തമായി അപലപിക്കുന്നതായി കാനഡ വിദേശകാര്യമന്ത്രി മെലാനി ജോളി വ്യക്തമാക്കി.

വ്യക്തിപരമായി തന്നെ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടു എന്നും കൊല്ലപ്പെട്ടവരെല്ലാം ഇരട്ടപൗരത്വം ഉള്ളവര്‍ ആയിരുന്നു എന്നും അവര്‍ വെളിപ്പെടുത്തി. വധിക്കപ്പെട്ട നാല് പേരുടേയും വ്യക്തിപരമായ വിശദാംശങ്ങള്‍ പുറത്തു വിടില്ലെന്നും മെലാനി ജോളി അറിയിച്ചു. മാധ്യമങ്ങളോട് അവരുടെ സ്വകാര്യത പുറത്തു വിടരുതെന്നും കാനഡ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. അത് സമയം മയക്കുമരുന്ന് കള്ളക്കടത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കാനഡക്കാരനായ റോബര്‍ട്ട് ഷെല്ലന്‍ബെര്‍ഗിന് വേണ്ടി കാനഡ സര്‍ക്കാര്‍ ദയാഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. വധശിക്ഷക്ക് ഇപ്പോള്‍ വിധേയരായവരുടെ പട്ടികയില്‍ ഷെല്ലന്‍ബര്‍ഗിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. കാനഡയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്് നിലവില്‍ 100 ഓളം കാനഡ പൗരന്‍മാര്‍ ഇപ്പോള്‍ ചൈനയിലെ വിവിധ ജയിലുകളില്‍ കഴിയുകയാണ്. ഇവരില്‍ പലരും മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെട്ടവരാണ്.

എന്നാല്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങള്‍ക്കും തങ്ങള്‍ കഠിനമായ ശിക്ഷയാണ് നല്‍കുന്നതെന്നാണ് ചൈനയുടെ ന്യായീകരണം. കാനഡ നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും ചൈന ആവശ്യപ്പെട്ടു. ഒക്ടോബറില്‍ ചൈനീസ് നിര്‍മ്മിത ഇലക്ട്രിക് വാഹനങ്ങള്‍ക്കും സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്കും കാനഡ തീരുവ ചുമത്തിയതിനെത്തുടര്‍ന്ന്, ഈ മാസം ആദ്യം ചില കനേഡിയന്‍ കാര്‍ഷിക, ഭക്ഷ്യ ഇറക്കുമതികള്‍ക്ക് ചൈനയും തീരുവ ചുമത്തിയിരുന്നു. 2007 മുതല്‍ ഓരോ വര്‍ഷവും ചൈനയില്‍ എണ്ണായിരം പേരെ എങ്കിലും വധശിക്ഷക്ക് വിധേയരാക്കുന്നു എന്നാണ് കണക്ക്.

Similar News