നിര്‍മാണത്തിലിരുന്ന അംബര ചുംബിയായ കെട്ടിടം നിമിഷ നേരം കൊണ്ട് നിലംപൊത്തുന്ന ഭയാനക ദൃശ്യങ്ങള്‍; ഭൂചലനത്തില്‍ വിറങ്ങലിച്ച് മ്യാന്‍മറും തായ്ലന്‍ഡും; നൂറുകണക്കിന് പേര്‍ മരിച്ചതായി സ്ഥിരീകരണം; നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നടിഞ്ഞു; ദുരന്തകാല അടിയന്തിരാവസ്ഥ; ഹെല്‍പ് ലൈന്‍ തുറന്ന് ഇന്ത്യന്‍ എംബസി
ഭൂചലനത്തില്‍ വിറങ്ങലിച്ച് മ്യാന്‍മറും തായ്ലന്‍ഡും
നീപെഡോ: മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ നൂറുകണക്കിന് പേര്‍ മരിച്ചതായി സ്ഥിരീകരണം. മ്യാന്‍മറിലും അയല്‍ രാജ്യമായ തായ്‌ലന്റിലും നിരവധിപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മ്യാന്‍മറില്‍ നൂറിലധികം പേര്‍ മരിച്ചയാണ് റിപ്പോര്‍ട്ട്. രാജ്യത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. പാലങ്ങളും കെട്ടിടങ്ങളും തകര്‍ന്നു. തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കിലും വലിയ നാശനഷ്ടങ്ങളുണ്ട്. നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണ് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. രണ്ട് രാജ്യങ്ങളിലും സര്‍ക്കാറുകള്‍ ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെ തകര്‍ന്നടിഞ്ഞു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആറ് പ്രവിശ്യകളില്‍ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രധാന ദേശീയ പാതകള്‍ പലതും മുറിഞ്ഞു മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാന്‍മാറിലുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് 12.50 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാന്റ്‌ലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ കണ്ടെത്തി. തായ്‌ലാന്‍ഡിലും പ്രകമ്പനമുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
ഭൂചലനം നടന്ന സാഹചര്യത്തില്‍ ബാങ്കോക്കിലും ചൈനയിലെ യുനാന്‍ പ്രവിശ്യയിലും മെട്രോ, റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതേ സമയം ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നിര്‍മാണത്തിലിരുന്ന ബഹുനിലകെട്ടിടം, വീടുകള്‍ തുടങ്ങിയവ നിലം പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ആളുകള്‍ നിലവിളിച്ച് ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം.
ബാങ്കോക്കില്‍ നിരവധി വലിയ കെട്ടിടങ്ങള്‍ തകര്‍ന്നുവീണതായും ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ജോലിസ്ഥലങ്ങളില്‍ നിന്നും ഒഴിപ്പിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. കെട്ടിടങ്ങള്‍ തകരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മ്യാന്‍മറില്‍ കാര്യമായ നാശനഷ്ടങ്ങള്‍ തന്നെ ഭൂചലനം കാരണം ഉണ്ടായെന്നാണ് ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരും അറിയിച്ചത്.
മ്യാന്‍മര്‍ തലസ്ഥാന നഗരത്തിലെ 1000 കിടക്കകളുള്ള വലിയ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് പുറത്ത് മുറിവേറ്റവരുടെ നീണ്ടനിര തന്നെ രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവിധ വാഹനങ്ങളില്‍ നിരവധിപ്പേടെ ആശുപത്രികളിലേക്ക് എത്തിച്ചുകൊണ്ടുവരികയാണ്. ആശുപത്രിക്കും ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായി. രണ്ട് രാജ്യങ്ങളില്‍ നിന്നുമുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്നതേയുള്ളൂ...
മണ്ടാലെ നഗരത്തിലെ ഒരു പള്ളി തകര്‍ന്നു വീണാണ് കൂടുതല്‍ മരണം സംഭവിച്ചത്. പ്രാര്‍ഥന നടക്കുന്നതിനിടെയാണു പള്ളി തകര്‍ന്നു വീണത്. അവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്.
നിര്‍മാണത്തിലിരിക്കുന്ന 30 നില കെട്ടിടം തകര്‍ന്നു വീഴുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. കെട്ടിടത്തിനുള്ളില്‍ 43 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടം തകര്‍ന്നു വീഴുന്നതിന് പിന്നാലെ കെട്ടിടത്തിന് സമീപമുണ്ടായിരുന്ന ഒട്ടേറെപ്പേര്‍ ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം.
തായ്ലന്‍ഡിലും മ്യാന്‍മറിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര സഹായം തേടുകയും ചെയ്തിട്ടുണ്ട്. ദുരിതബാധിതര്‍ക്ക് എല്ലാവിധ സഹായങ്ങള്‍ നല്‍കാനും ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ അറിയിച്ചു.
ഹെല്‍പ് ലൈന്‍
തായ്‌ലന്റിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ തുറന്നു. തായ്‌ലന്റിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ +66 618819218 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. ബാങ്കോക്ക് എംബസിയിലെയും ചിയാങ്മയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെയും ജീവനക്കാര്‍ സുരക്ഷിതരാണെന്നും എംബസി എക്‌സില്‍ പോസ്റ്റ് ചെയ്ത അറിയിപ്പില്‍ പറയുന്നു.