രാവിലെ ആയിരം രൂപ വായ്പ നല്‍കിയാല്‍ 12 മണിക്കൂര്‍ കഴിയുമ്പോള്‍ നൂറു രൂപ അധികം വാങ്ങുന്ന കൊള്ളപ്പലിശ; മൈക്രോ ഫിനാന്‍സുകാരും ബ്ലേഡ് പലിശയില്‍ പിഴിയുന്നത് ചെറുകിട കച്ചവടക്കാരെ; ഇനി ആയിരം രൂപയ്ക്ക് ദിവസം ഒരു രൂപ മാത്രം അധികം നല്‍കിയാല്‍ വായ്പ; ചന്തകളില്‍ ഏകദിന വായ്പയ്ക്ക് റീകൂപ്പ് പദ്ധതി; സഹകരണ വിപ്ലവം വീണ്ടും

Update: 2025-03-28 02:20 GMT

തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ കുറഞ്ഞ പലിശയ്ക്ക് ചന്തയില്‍ തന്നെ വായ്പ നല്‍കുന്ന രീതിയുണ്ടാക്കിയാല്‍ അതൊരു വിപ്ലവമായി കേരളത്തില്‍ മാറും. കൊള്ളപ്പലിശയാണ് ബ്ലേഡുകാര്‍ ഈടാക്കാറ് എന്ന തിരിച്ചറിവില്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. ചന്തകളില്‍ ഏകദിന വായ്പയൊരുക്കാന്‍ റീകൂപ്പ് പദ്ധതിയുമായി സഹകരണ വകുപ്പ് എത്തുമ്പോള്‍ സാധാരണ കച്ചവടക്കാര്‍ക്ക് ചൂഷണങ്ങളില്‍ നിന്നുള്ള മോചനം കൂടിയാകും.

നേരിട്ട് പരിചയമുള്ള കച്ചവടക്കാര്‍ക്കും വഴിയോരവില്‍പ്പനക്കാര്‍ക്കും റീകൂപ്പര്‍മാര്‍ക്ക് പണം എളുപ്പം നല്‍കാനും തിരിച്ചുവാങ്ങാനുമാകും. രാവിലെ സാധനങ്ങള്‍ വാങ്ങാനുള്ള പണം റീകൂപ്പര്‍മാരില്‍നിന്ന് വാങ്ങുകയും അത് വിറ്റുകിട്ടുന്ന പണംകൊണ്ട് തിരിച്ചടയ്ക്കുകയും ചെയ്യുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. പിണറായി സര്‍ക്കാരിന്റെ കീഴിലെ കൈയ്യടി നേടുന്ന പദ്ധതിയായി ഇത് മാറുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ആ ഗൗരവത്തിലുള്ള ആസൂത്രണവും ചര്‍ച്ചകളുമാണ് ഈ ഘട്ടത്തില്‍ നടക്കുന്നത്. പദ്ധതിയ്ക്ക് അന്തിമ രൂപമായ ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

ഒരു രൂപ പലിശ നല്‍കിയാല്‍ ആയിരം രൂപ ഒരുദിവസത്തേക്ക് ചന്തയില്‍ നിന്നുതന്നെ നല്‍കുന്ന തത്സമയ വായ്പപദ്ധതിയാണിത്. അതായത് രാവിലെ ആയിരം രൂപ വായ്പയായി നല്‍കിയാല്‍ വൈകിട്ട് ആയിരത്തൊന്ന് രൂപ പലിശ സഹിതം കൊടുക്കണം. ദിവസവും കച്ചവടത്തിന് കൊള്ളപ്പലിശയ്ക്ക് കടം വാങ്ങുന്നവരുണ്ട്. ആയിരം രൂപയ്ക്ക് ദിവസം നൂറു രൂപ പലിശ വാങ്ങുന്നവരാണ് കൊള്ളപ്പലിശക്കാരില്‍ കൂടുതലും. ഇവരുടെ ചൂഷണം സഹകരണ ബാങ്കിന്റെ പുതിയ പദ്ധതിയിലൂടെ കുറയും. കേരളത്തിലെ പ്രധാന ചന്തകളിലെല്ലാം ഇത്തരം വായ്പകളുമായി വട്ടിപ്പലിശക്കാരുണ്ട്. നൂറുരൂപയ്ക്ക് പത്തുരൂപവരെയാണ് ഇതിനുള്ള ദിവസപലിശ.

മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും വലിയ പലിശയീടാക്കി പണം നല്‍കുന്നുണ്ട്. ഈ ചൂഷണം തടഞ്ഞ് ചെറുകിട-വഴിയോര കച്ചവടക്കാരെയടക്കം സഹായിക്കാനാണ് സഹകരണ ബാങ്കുകളുടെ ഫണ്ട് ഉപയോഗിച്ച് റീകൂപ്പര്‍മാര്‍ വായ്പ നല്‍കുക. സഹകരണ കണ്‍സോര്‍ഷ്യം രീതിയിലാണ് പദ്ധതി. പ്രത്യേകം മൊബൈല്‍ ആപ്പ് ഉപയോഗിച്ചായിരിക്കും തത്സമയവായ്പ നല്‍കുക. ഒരോ പ്രദേശത്തും പ്രത്യേകം റീകൂപ്പര്‍മാരെ (വായ്പ വിതരണത്തിന് നിയോഗിക്കുന്ന വ്യക്തികള്‍) നിയോഗിക്കും. നിക്ഷേപ-വായ്പ പിരിവുകാരെയും ഇതിന് ഉപയോഗിക്കുന്നതും പരിഗണനയിലാണ്.

ഓരോ ആയിരം രൂപയ്ക്കും അതിന്റെ പലിശയായി കണക്കാക്കുന്ന ഒരു രൂപ ആദ്യമേ നല്‍കണം. മുതല്‍ ഇനത്തിലുള്ള തുക അന്നുതന്നെ തിരിച്ചടയ്ക്കണം. വായ്പവിതരണത്തിനുള്ള തടസ്സങ്ങളും നടപടിക്രമങ്ങളും ഒഴിവാക്കാനും കഴിയും. നൂലാമാലകളില്ലാത്ത വായ്പയാണ് ലക്ഷ്യം. തിരിച്ചടവ് സുരക്ഷ ഉറപ്പാക്കാനുള്ള ആലോചനകള്‍ സഹകരണ വകുപ്പില്‍ നടക്കുന്നുണ്ട്. വായ്പ നല്‍കുന്നയാള്‍ക്ക് തന്നെ തിരിച്ചടവ് ഉത്തരവാദിത്വവും നല്‍കാനാകും തീരുമാനം വരിക.

Tags:    

Similar News