റമദാന്‍ ആഘോഷമാക്കാന്‍ ഒരു യാത്ര ആയാലോ; റമദാന്‍ മാസത്തില്‍ ഒരു യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയത്ത് പോകാന്‍ ഏറ്റവും അനുയോജ്യമായ കുറച്ച് സ്ഥലങ്ങള്‍ ഇതാ

ഇസ്ലാമിക വിശ്വാസികൾക്കായി വ്രതശുദ്ധിയുടെയും ആരാധനയുടെയും ഒരു മാസമാണ് റമദാൻ. ഇസ്ലാമിക കലണ്ടറിലെ ഒമ്പതാം മാസമായ റമദാൻ, ഉപവാസം, ദാനധർമ്മം, ആത്മപരിശോധന എന്നിവയ്ക്കായി പ്രത്യേകം പതിപ്പിക്കപ്പെട്ടതാണ്. ലോകമെമ്പാടുമുള്ള മുസ്ലിംകൾ ആഴത്തിലുള്ള ഭക്തിയോടെയും സമർപ്പണഭാവത്തോടെയും ഈ മഹാനിരക്കമുള്ള മാസത്തെ ആചരിക്കുന്നു.
കുടുംബസമേതം നോമ്പ് അനുഷ്ഠിക്കുകയും പ്രാർത്ഥനയിൽ മനസ്സ് കേന്ദ്രീകരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടം ആത്മീയ ഉണർവിന്റെയും ശുദ്ധീകരണത്തിന്റെയും സമയമാണെന്ന് വിശ്വാസികൾ വിശ്വസിക്കുന്നു. പുലർച്ചെ സെഹരി (സുഹൂർ) കഴിച്ച് നോമ്പ് ആരംഭിക്കുകയും വൈകുന്നേരം പ്രാർത്ഥനയോടെ ഇഫ്താറോടെ അവസാനിപ്പിക്കുകയും ചെയ്യുന്നു.
റമദാനിൽ വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്കും ആത്മപരിശോധനയ്ക്കും അനുയോജ്യമായ വിവിധതരം യാത്രാ ലക്ഷ്യസ്ഥാനങ്ങൾ ഉണ്ട്. ഈ വർഷം ഒരു പുതിയ അനുഭവത്തിനായി ഇവിടങ്ങളിൽ ഒന്ന് സന്ദർശിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുകയാണ്.
സൗദി അറേബ്യ
റമദാന്‍ കാലത്ത് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. മഹത്തായ ഇസ്ലാമിക പാരമ്പര്യമുള്ള നാട്. അതുകൊണ്ടു തന്നെ ഈ കാലയളവില്‍ അവിടേക്ക് യാത്ര പോകുന്നവര്‍ ഇവിടുത്തെ സംസ്‌കാരത്തെക്കുറിച്ചും വസ്ത്രധാരണ രീതിയെക്കുറിച്ചുമെല്ലാം കൃത്യമായ ധാരണയോടെ വേണം പോകാന്‍. രാജ്യത്തിന്റെ ചരിത്രവും സംസ്‌കാരവും പ്രദര്‍ശിപ്പിക്കുന്ന നൈറ്റ് മാര്‍ക്കറ്റുകളുടെ അനുഭവം അവിസ്മരണീയമാണ്. കൂടാതെ പ്രാര്‍ത്ഥനാ നിറവിലുള്ള ആരാധനാലയങ്ങളും മോസ്‌കുകളും സന്ദര്‍ശിക്കാവുന്നതാണ്. പരമ്പരാഗതമായ ഇഫ്താര്‍ വിരുന്നുകളും സാംസ്‌കാരിക പരിപാടികളും റമദാന്‍ നാളില്‍ സൗദിയുടെ പ്രത്യേകതയാണ്.
ദുബായ്, അബുദാബി
പുണ്യമാസമായ റമദാന്‍ നാളില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ ഇടങ്ങളില്‍ ഒന്നാണ് യുഎഇയിലെ ദുബായിയും അബുദാബിയും. ലൈവ് മ്യൂസികും പ്രാര്‍ത്ഥനകളും തുടങ്ങി ദുബായിക്ക് റമദാന്‍ നാളില്‍ വേറൊരു മുഖമാണ്. പരമ്പരാഗത ഭക്ഷണം നല്‍കുന്ന റമദാന്‍ ടെന്റുകളും ഈ സമയത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. രാത്രികാലങ്ങളില്‍ നിരവധി വിനോദ പരിപാടികളും നഗരത്തെ സജീവമാക്കുന്നു. പ്രധാനപ്പെട്ട മാളുകള്‍ ഉള്‍പ്പെടെയുള്ളവ റമദാന്‍ നാളില്‍ രാത്രി വൈകിയും തുറന്നു പ്രവര്‍ത്തിക്കുമെന്ന പ്രത്യേകതയും ഉണ്ട്.
ഇസ്താംബുള്‍
റമദാന്‍ കാലത്തെ അവധിക്കാലം ചെലവഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് തുര്‍ക്കിയിലെ ഇസ്താംബുള്‍. മഹത്തായ ഇസ്ലാമിക പാരമ്പര്യവും മോസ്‌കുകളും വിശ്വാസികള്‍ക്കും സഞ്ചാരികള്‍ക്കും ഇസ്താന്‍ബുള്‍ ഒരുപോലെ ആകര്‍ഷകമാക്കുന്നു. പരമ്പരാഗത ഇഫ്താര്‍ വിരുന്നുകള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍, തെരുവ് ഭക്ഷണശാലകള്‍ എന്നിവയും ഈ സമയത്ത് ഇസ്താംബുളിന്റെ പ്രത്യേകതയാണ്. പകല്‍ ഉപവാസസമയമാണെങ്കിലും ഇവിടെ മിക്ക കഫേകളും റസ്റ്ററന്റുകളും തുറന്ന് പ്രവര്‍ത്തിക്കും.
മൊറോക്കോ
ഇസ്ലാം മതവിശ്വാസികളാണ് മൊറോക്കയില്‍ കൂടുതലും. അതുകൊണ്ട് തന്നെ റമദാന്‍ മാസം അതിന്റെ എല്ലാവിധ ആചാരങ്ങളോടെയും അനുഷ്ഠാനങ്ങളോടെയുമാണ് ഇവിടെ ആഘോഷിക്കുന്നത്. മൊറോക്കോയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് മാറക്കേഷ്. റമദാന്‍ നാളില്‍ ഇവിടം സന്ദര്‍ശിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും. നോമ്പ് തുറക്കേണ്ടതിനാല്‍ വൈകുന്നേരം കടകളെല്ലാം നേരത്തെ അടയ്ക്കാന്‍ സാധ്യതയുണ്ട്. അത് മുന്‍കൂട്ടി കണ്ടുകൊണ്ട് വേണം ഇവിടം സന്ദര്‍ശനം നടത്താന്‍. പ്രശസ്തമായ മസ്ജിദുകള്‍ക്ക് ഒപ്പം തന്നെ തിരക്കേറിയ സൂക്കുകളും മൊറോക്കയുടെ പ്രത്യേകതയാണ്.
ഈജിപ്ത്
റമദാന്‍ നാളില്‍ അതിന്റെ പരമ്പരാഗതമായ ആഘോഷങ്ങള്‍ക്ക് വളരെ പ്രസിദ്ധമായ നാടാണ് ഈജിപ്ത്. ഇഫ്താറും രാത്രിയിലെ തറാവീഹ് പ്രാര്‍ത്ഥനകളും അതില്‍ പ്രധാനപ്പെട്ടതാണ്. നിരവധി ചരിത്രപ്രധാനമായ സ്ഥലങ്ങളും ഈജിപ്തിലുണ്ട്. ഇവിടെ കാണേണ്ട കാഴ്ചകളില്‍ രാജാക്കന്‍മാരുടെ താഴ് വരയും ഗിസയിലെ പിരമിഡുകളും കാണേണ്ടത് തന്നെയാണ്. റമദാന്‍ മാസത്തിലും രാജ്യത്തെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. റമദാന്‍ നാളിലെ തിരക്കേറിയ മാര്‍ക്കറ്റുകളും കാണേണ്ട കാഴ്ചകളില്‍ ഒന്നാണ്. ചിലയിടങ്ങളില്‍ സമയം നോമ്പുമായി ബന്ധപ്പെടുത്തി ക്രമീകരിച്ചിരിക്കും.
റമദാന്‍ ആയതിനാല്‍ തന്നെ മിക്ക സ്ഥലങ്ങളിലും സമയം സംബന്ധിച്ച് പുതിയ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നതും അടയ്ക്കുന്നതുമായ സമയങ്ങളില്‍ ചെറിയ വ്യത്യാസം ഉണ്ടായിരിക്കും. നിങ്ങളുടെ യാത്രാ ഏജന്റുമായി സംസാരിച്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നത് സുഗമമായ യാത്രയ്ക്ക് സഹായിക്കും.