'ആ ദിവസം ചുവന്ന നിറത്തിലെ അടിവസ്ത്രം മാത്രമേ ധരിക്കാവൂ..; ചിലയിടത്ത് മുന്തിരികൾ എണ്ണി കഴിക്കുന്ന ആളുകൾ; കൂട്ടുകാരുടെ വീടിന്റെ വാതിലിൽ പോയി പ്ലേറ്റുകൾ എറിഞ്ഞുടയ്ക്കണം..'; നമ്മൾ കാണാത്ത ചില വിചിത്ര 'ന്യൂഇയർ' ആചാരങ്ങൾ
ലോകം മുഴുവൻ പുതുവർഷത്തെ ആഹ്ളാദത്തോടെ വരവേൽക്കാൻ വെടിക്കെട്ടുകളും പാർട്ടികളും ഒരുങ്ങുമ്പോൾ, യൂറോപ്പിലെ പല രാജ്യങ്ങളിലും നൂറ്റാണ്ടുകളായി കൈമാറിവരുന്ന വിചിത്രവും എന്നാൽ രസകരവുമായ ആചാരങ്ങളുണ്ട്. ഭാഗ്യം, സ്നേഹം, ഐശ്വര്യം എന്നിവ ലക്ഷ്യമിട്ട് തലമുറകളായി ആളുകൾ പിന്തുടരുന്ന ഈ അനുഷ്ഠാനങ്ങൾ പലപ്പോഴും പുറത്തുനിന്നുള്ളവർക്ക് അത്ഭുതമായി തോന്നാം.
യൂറോപ്പിലെ ചില പ്രധാന പുതുവർഷാചാരങ്ങൾ അറിയാം..
സ്പെയിൻ: സ്പെയിനിൽ, പുതുവർഷ രാവിൽ അർദ്ധരാത്രി 12 മണിയാകുമ്പോൾ ക്ലോക്ക് ഓരോ തവണ അടിക്കുമ്പോഴും ഓരോ മുന്തിരി വീതം കഴിക്കുന്നത് നിർബന്ധമാണ്. 'ലാസ് ഡോസ് ഉവാസ് ഡി ലാ സുയെർട്ടെ' (Las doce uvas de la suerte) എന്നറിയപ്പെടുന്ന ഈ ആചാരം, വരാനിരിക്കുന്ന വർഷത്തിലെ 12 മാസങ്ങളിലെ ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഈ സമയം മുന്തിരി കഴിക്കാനുള്ള തിടുക്കം പലപ്പോഴും ചിരിക്കും തമാശയ്ക്കും വഴിമാറാറുണ്ട്.
ഡെന്മാർക്ക്: ഡെന്മാർക്കിൽ, പുതുവർഷത്തെ വരവേൽക്കുന്നത് ശബ്ദായമാനമായ രീതിയിലാണ്. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും വീട്ടുവാതിലിന് മുന്നിൽ പഴയ പ്ലേറ്റുകളും പാത്രങ്ങളും എറിഞ്ഞുടയ്ക്കുന്നത് സ്നേഹത്തിന്റെയും ഭാഗ്യത്തിന്റെയും അടയാളമായി അവിടെ കണക്കാക്കുന്നു. ഒരാളുടെ വീട്ടുവാതിൽക്കൽ എത്രയധികം പാത്രക്കഷ്ണങ്ങൾ കാണുന്നുവോ, അത്രയധികം സുഹൃത്തുക്കളും ഭാഗ്യവും ആ വ്യക്തിക്കുണ്ടെന്നാണ് വിശ്വാസം.
ഇറ്റലി: ഇറ്റലിയിൽ പുതുവർഷം ഭാഗ്യകരമാകാൻ ചുവന്ന നിറത്തിലുള്ള അടിവസ്ത്രം ധരിക്കണമെന്ന വിശ്വാസമുണ്ട്. പ്രാചീന റോമൻ വിശ്വാസമനുസരിച്ച് ചുവപ്പ് കരുത്തിന്റെയും ചൈതന്യത്തിന്റെയും നിറമാണ്. പ്രണയവും ഐശ്വര്യവും ആഗ്രഹിക്കുന്ന ഇറ്റലിക്കാർ ഡിസംബർ 31-ന് ചുവന്ന അടിവസ്ത്രം തിരഞ്ഞെടുക്കുന്നു.
ഗ്രീസ്: ഗ്രീസിൽ, അർദ്ധരാത്രിയാകുമ്പോൾ വീട്ടുവാതിൽക്കൽ മാതളനാരങ്ങ എറിഞ്ഞുടയ്ക്കുന്ന ആചാരമുണ്ട്. പഴം ഉടയുമ്പോൾ വിത്തുകൾ എത്രത്തോളം ദൂരേക്ക് ചിതറുന്നുവോ, അത്രത്തോളം ഐശ്വര്യം ആ വർഷം കുടുംബത്തിന് ലഭിക്കുമെന്നാണ് ഗ്രീക്കുകാരുടെ വിശ്വാസം.
ജർമ്മനി: ജർമ്മനിയിൽ 'ബ്ലീഗീബെൻ' എന്നൊരു ആചാരമുണ്ട്. ഉരുക്കിയ ഈയം തണുത്ത വെള്ളത്തിലേക്ക് ഒഴിക്കുകയും, അത് വെള്ളത്തിൽ വീഴുമ്പോൾ ഉണ്ടാകുന്ന രൂപം നോക്കി ഭാവി പ്രവചിക്കുകയും ചെയ്യുന്നു.
സ്കോട്ട്ലൻഡ്: സ്കോട്ട്ലൻഡിൽ 'ഫസ്റ്റ് ഫൂട്ടിംഗ്' എന്നൊരു ആചാരവും പുതുവർഷത്തിന്റെ ഭാഗമാണ്.
ലോകത്തിന്റെ വിവിധ കോണുകളിൽ, ഓരോ ദേശവും തനതായ രീതിയിൽ പുതുവർഷത്തെ വരവേൽക്കുമ്പോൾ, ഈ ആചാരങ്ങൾ അവിടുത്തെ ജനങ്ങളുടെ പ്രതീക്ഷകളെയും സാംസ്കാരിക പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്നു.
