പരിശുദ്ധന്റെ അനുഗ്രഹം തേടി ആയിരങ്ങള്‍ മഞ്ഞനിക്കരയിലേക്ക്; പദയാത്രാ സംഘങ്ങളെ സ്വീകരിച്ച് ദയറാ തലവന്‍ മോര്‍ അത്താനാസ്യോസ് ഗീവര്‍ഗീസ് മെത്രാപ്പോലിത്ത; കബര്‍ വണങ്ങി വിശ്വാസി സംഗമം

പരിശുദ്ധന്റെ അനുഗ്രഹം തേടി ആയിരങ്ങള്‍ മഞ്ഞനിക്കരയിലേക്ക്

Update: 2026-02-13 14:05 GMT

മഞ്ഞിനിക്കര: ദയറായില്‍ കബറടങ്ങിയിരിക്കുന്ന മോര്‍ ഏലിയാസ് തൃതീയന്‍ ബാവായുടെ അനുഗ്രഹം തേടി ആയിരങ്ങള്‍ കബറിങ്കലെത്തി. നാടിന്റെ നാനാഭാഗത്തു നിന്നും വന്ന കാല്‍ നട തീര്‍ത്ഥയാത്രാ സംഘങ്ങള്‍ പരിശുദ്ധ കബറിങ്കലെ അനുഗ്രഹം പ്രാപിച്ച് മടങ്ങി. വ്യാഴാഴ്ച രാത്രി മുതല്‍ കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി തീര്‍ത്ഥാടകര്‍ എത്തിച്ചേര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വടക്കന്‍ മേഖലാ തീര്‍ത്ഥയാത്രാ സംഘത്തെ ദയറാ തലവന്‍ മോര്‍ അത്താനാസ്യോസ് ഗീവര്‍ഗീസ് മെത്രാപ്പോലിത്ത കബറിങ്കലേക്ക് സ്വീകരിച്ച് ആനയിച്ചു.

ബര്‍സൗമോ റമ്പാന്‍, ബേസില്‍ റമ്പാന്‍, ഫാ. ജോണി തുരുത്തിയില്‍, ഫാ. ബിനു സ്‌കറിയ, ഫാ. ബിനു മാത്യു റാന്നി എന്നിവര്‍ പങ്കെടുത്തു. രാവിലെ നടന്ന മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മോര്‍ ക്രിസോസ്റ്റമോസ് മര്‍ക്കോസ്, മോര്‍ ഗീവര്‍ഗീസ് സ്തേഫാനോസ് എന്നീ മൊത്രാപ്പോലിത്തമാര്‍ സഹകാര്‍മ്മികത്വം വഹിച്ചു.




ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ ഹൈറേഞ്ച് റാന്നി മേഖലയില്‍ നിന്നും തുമ്പമണ്‍ ഭദ്രാസനത്തിലെ കിഴക്കന്‍ മേഖല, തെക്കന്‍ മേഖലയിലെ കൊല്ലം ഭദ്രാസനത്തില്‍ നിന്നുമുള്ള തീര്‍ത്ഥാടകരെ ഓമല്ലൂര്‍ കുരിശിങ്കലും സ്വീകരിച്ചു.

മഞ്ഞനിക്കര മോര്‍ സ്തേഫാനോസ് പള്ളി, സമീപ ഇടവകകള്‍,ദയറാ എന്നിവയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഫാ എബി സ്റ്റീഫന്‍, ഫാ. ജോണ്‍ പുന്നമറ്റം, ഫാ ജോണ്‍ കുര്യാക്കോസ്, രാജന്‍ ജോര്‍ജ്, അജിത്ത് കുരുവിള, അലക്സാണ്ടര്‍ കാരക്കാട് തുടങ്ങിയവര്‍ ഓമല്ലൂര്‍ കുരിശങ്കല്‍ പങ്കെടുത്തു. സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് ശേഷം നടന്ന തീര്‍ത്ഥാടക സംഗമം ശേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്തു.

വിവിധ അവാര്‍ഡ് വിതരണവും നടത്തി. സമ്മേളനാനന്തരം തീര്‍ത്ഥയാത്ര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ മോറാന്റെ കബറിങ്കല്‍ അഖണ്ഡ പ്രാര്‍ത്ഥന നടന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് മഞ്ഞിനിക്കര മോര്‍ സ്തേഫാനോസ് കത്തീഡ്രലില്‍ മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ദയറാ കത്തീഡ്രലില്‍ 5.15 ന് പ്രഭാത പ്രാര്‍ത്ഥനയും, 5.45ന് മോര്‍ തീമോത്തിയോസ് തോമസ് (പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി), മോര്‍ ഒസ്ത്താത്തിയോസ് ഐസക് (മൈലാപ്പൂര്‍ ഭദ്രാസനം), മോര്‍ യൂലിയോസ് ഏലിയാസ് (അങ്കമാലി ഭദ്രാസനം, കോതമംഗലം മേഖല) എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് 8.30ന് യല്‍ദോ മോര്‍ തീത്തൂസ് മെത്രാപ്പോലിത്തയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും പരിശുദ്ധ മോറാന്റെ കബറിങ്കലും മോര്‍ യൂലിയോസ് യാക്കോബ്, മോര്‍ ഒസ്ത്താത്തിയോസ് ബെന്യാമീന്‍ ജോസഫ്, മോര്‍ യൂലിയോസ് കുര്യാക്കോസ് എന്നി മെത്രാപ്പോലീത്താമാരുടെ കബറിടങ്ങളിലും ധുപ പ്രാര്‍ത്ഥനയും 10.30ന് സമാപന റാസായും നേര്‍ച്ച വിളമ്പും നടക്കും .

Tags:    

Similar News