വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ ഫ്യൂസൂരാനായി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ വീട്ടിനുള്ളില്‍ നിന്നും ദയനീയ ശബ്ദം; വെള്ളത്തിനായി കേണ് അമ്മ; വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഗുരുതരാവസ്ഥയില്‍ അമ്മയെയും ചേതനയറ്റ് മകനെയും; ഒന്നിച്ചു മരിക്കാന്‍ തീരുമാനിച്ചതെന്ന് മൊഴി
കൊല്ലത്ത് അമ്മയെ കൊല്ലാന്‍ ശ്രമിച്ച മകന്‍ ജീവനൊടുക്കി
കൊല്ലം: അമ്മയെ കൊല്ലാന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കടുത്ത സാമ്പത്തിക ബാധ്യതയും അമ്മയുടെ രോഗവുമാണ് ഇരുവരും ഒരുമിച്ച് മരിക്കാന്‍ തീരുമാനം എടുത്തതെന്നാണ് വിവരം. കൊല്ലം ജില്ലയിലെ ആയൂരിലാണ് സംഭവം. ഇളമാട് സ്വദേശി രഞ്ജിത്ത് (35) ആണ് മരിച്ചത്. അമ്മ സുജാത (58) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സുജാതയുടെ ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോഴാണ് രഞ്ജിത്തിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്.
സുജാതയും രഞ്ജിത്തും ചേര്‍ന്ന് ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. കടുത്ത സാമ്പത്തിക ബാധ്യതയും സുജാതയുടെ പ്രമേഹരോഗവുമാണ് കാരണം. പഴുപ്പ് കയറിയതിനെ തുടര്‍ന്ന് സുജാതയുടെ കാല് മുറിച്ചുമാറ്റേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ഇരുവരും അമിതമായി ഗുളികകള്‍ കഴിച്ചു. തുടര്‍ന്ന് രഞ്ജിത്ത് അമ്മ സുജാതയെ ഷാള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി. ഇതോടെ സുജാത ബോധരഹിതയായി വീണു. അമ്മ മരിച്ചുവെന്ന് കരുതിയ രഞ്ജിത്ത് പിന്നീട് സീലിങ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.
അമ്മയ്ക്ക് അമിത അളവില്‍ ഗുളികകള്‍ നല്‍കിയ ശേഷം മകന്‍ ഷാള്‍ ഉപയോഗിച്ച് അമ്മയുടെ കഴുത്ത് ഞെരിച്ചു. ബോധരഹിതയായി വീണ അമ്മ മരിച്ചെന്നു കരുതിയ രഞ്ജിത്, പിന്നാലെ തൂങ്ങി മരിക്കുകയായിരുന്നു.
വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഫ്യൂസൂരാനായി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടിലെത്തി. ഈ സമയത്ത് വെള്ളം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സുജാതയുടെ ദയനീയമായ ശബ്ദമാണ് ഇവര്‍ വീടിനകത്തുനിന്ന് കേട്ടത്. ഉടന്‍ ഇവര്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് വാതില്‍ തുറന്നു. ഗുരുതരാവസ്ഥയില്‍ കിടക്കുന്ന സുജാതയേയും തൂങ്ങിമരിച്ച നിലയിലുള്ള രഞ്ജിത്തിനേയുമാണ് ഇവര്‍ വീട്ടിനകത്ത് കണ്ടത്. ഉടന്‍ തന്നെ സുജാതയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ താന്‍ തന്നെയാണ് മകനോട് പറഞ്ഞതെന്നാണ് ആശുപത്രിയില്‍ ചികിത്സയിലുള്ള സുജാതയുടെ മൊഴി. ഇവര്‍ക്ക് മറ്റ് ബന്ധുക്കളാരും ഉണ്ടായിരുന്നില്ല.