വര്‍ഷങ്ങളായി പാപ്പയ്‌ക്കൊപ്പമുള്ള നഴ്‌സ് മാസിമിലിയാനോ സ്ട്രാപ്പെറ്റി ''എല്ലാ വഴിക്കും ശ്രമിക്കൂ; കൈവിടരുത്'' എന്ന സന്ദേശമയച്ചതോടെ സാധ്യമായ സകല ചികിത്സകളും മരുന്നുകളും പരീക്ഷിച്ചു; ഫെബ്രുവരി 28ന് മരണത്തിന്റെ വക്കോളമെത്തിയ പോപ്പ്; ആ ചികില്‍സാ അത്ഭുതം ഡോക്ടര്‍ വെളിപ്പെടുത്തുമ്പോള്‍
വത്തിക്കാന്‍ സിറ്റി: ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചു ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഫെബ്രുവരി 28ന് മരണത്തിന്റെ വക്കോളമെത്തിയെന്ന് വെളിപ്പെടുത്തല്‍. ന്യുമോണിയബാധിതനായി 38 ദിവസം റോമിലെ ജെമെല്ലി ആശുപത്രിയില്‍ക്കഴിയവേ ഫ്രാന്‍സിസ് മാര്‍പാപ്പ മരണത്തിന്റെ വക്കിലെത്തിയിരുന്നുവെന്ന് ഡോക്ടര്‍ സെര്‍ജിയോ ആല്‍ഫിയേരിയാണ് വിശദീകരിക്കുന്നത്. ചികിത്സനിര്‍ത്തി അദ്ദേഹത്തെ സമാധാനത്തോടെ മരിക്കാന്‍വിടുന്ന കാര്യം ഡോക്ടര്‍മാര്‍ ആലോചിച്ചിരുന്നെന്നും ആല്‍ഫിയേരി പറഞ്ഞു. ഇറ്റലിയിലെ കൊറിയേറെ ഡെല്ല സെറ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് പാപ്പയെ ചികിത്സിച്ച സംഘത്തിന്റെ തലവനായിരുന്ന ആല്‍ഫിയേരി മനസ്സുതുറന്നത്.
ഛര്‍ദിക്കുമ്പോള്‍ ശ്വാസംകിട്ടാതെവരുന്നത് പതിവായതോടെ മാര്‍പാപ്പ അതിജീവിക്കില്ലെന്നു കരുതി. എന്നാല്‍, വര്‍ഷങ്ങളായി പാപ്പയ്‌ക്കൊപ്പമുള്ള നഴ്‌സ് മാസിമിലിയാനോ സ്ട്രാപ്പെറ്റി ''എല്ലാ വഴിക്കും ശ്രമിക്കൂ; കൈവിടരുത്'' എന്ന സന്ദേശമയച്ചതോടെ സാധ്യമായ സകല ചികിത്സകളും മരുന്നുകളും പരീക്ഷിച്ചു. വൃക്കകളും മജ്ജയുംവരെ തകരാറിലാക്കാനിടയുള്ളത്രയും തീവ്രമായ മരുന്നുകളാണ് 88-കാരനായ പാപ്പയ്ക്കു നല്‍കിയത്. വൈകാതെ, അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ചു. ന്യുമോണിയ ബാധിച്ച രണ്ടു ശ്വാസകോശങ്ങളിലെയും അണുബാധ കുറഞ്ഞു. ചികിത്സയില്‍ക്കഴിഞ്ഞിരുന്ന പത്താംനിലയിലെ മുറിയില്‍നിന്ന്, പുറത്തുനില്‍ക്കുന്ന വിശ്വാസികളെ അഭിവാദ്യംചെയ്യാന്‍ വെള്ളക്കുപ്പായമിട്ട് വീല്‍ച്ചെയറില്‍ പുറത്തേക്കുനീങ്ങുന്ന മാര്‍പാപ്പയെ കണ്ട നിമിഷത്തില്‍ താന്‍ വികാരാധീനനായെന്ന് ആല്‍ഫിയേരി പറഞ്ഞു. ഞായറാഴ്ചയാണ് മാര്‍പാപ്പ ആശുപത്രിയില്‍നിന്ന് വത്തിക്കാനിലേക്കു മടങ്ങിയത്. രണ്ടുമാസംകൂടി അദ്ദേഹത്തിന് വിശ്രമവും ചികിത്സയും ആവശ്യമുണ്ട്.
ഛര്‍ദിയെ തുടര്‍ന്നുള്ള ശ്വാസതടസ്സമാണ് മാര്‍പാപ്പയുടെ ആരോഗ്യനില മോശമാകാന്‍ ഇടയാക്കിയതെന്നും അന്നത്തെ രാത്രി അദ്ദേഹം അതിജീവിക്കില്ലെന്ന തോന്നലുണ്ടായെന്നും ഡോക്ടര്‍ പറഞ്ഞു. ഫെബ്രുവരി 14നാണ് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ആശുപത്രി വിട്ട മാര്‍പാപ്പയ്ക്ക് 2 മാസത്തെ പരിപൂര്‍ണ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, ഏപ്രില്‍ 8ന് വത്തിക്കാനിലെ വസതിയില്‍ ബ്രിട്ടനിലെ ചാള്‍സ് രാജാവിന് കൂടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചിരുന്നെങ്കിലും സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുള്ള സാഹചര്യത്തില്‍ ചാള്‍സ് രാജാവ് കൂടിക്കാഴ്ച റദ്ദാക്കി. അതിനിടെ ഗസ്സയിലെ ഇസ്രായേലി ആക്രമണങ്ങള്‍ ഉടനടി അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള സംഭാഷണങ്ങള്‍ പുനരാരംഭിക്കാനും നിര്‍ണായകമായ വെടിനിര്‍ത്തല്‍ നടപ്പിലാക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു.
'ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതില്‍ ഞാന്‍ ദുഃഖിതനാണ്, നിരവധി പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആയുധങ്ങള്‍ ഉടനടി നിശബ്ദമാക്കണമെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ഒരു നിശ്ചിത വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ കഴിയുന്ന തരത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും ആവശ്യപ്പെടുന്നു. ഗസ്സയിലെ മാനുഷിക സാഹചര്യം വീണ്ടും വളരെ ഗുരുതരമായിരിക്കുകയാണ്, സംഘര്‍ഷത്തിലുള്ള കക്ഷികളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും അടിയന്തര പ്രതിബദ്ധത ഇതിന് ആവശ്യമാണ്' അദ്ദേഹം പറഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും മാര്‍പാപ്പയ്ക്ക് രണ്ടുമാസത്തെ വിശ്രമം അനിവാര്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസം 14നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി ചാപ്പലില്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന്റെ ഒരു ചിത്രം കഴിഞ്ഞാഴ്ച പുറത്തുവിട്ടിരുന്നു. എല്ലാ ഞായറാഴ്ചയും സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പൊതുവേദിയിലെത്തി വിശ്വാസികളെ അനുഗ്രഹിച്ചിരുന്ന മാര്‍പാപ്പ ഫെബ്രുവരി 9നാണ് അവസാനം ഈ ചടങ്ങില്‍ പങ്കെടുത്തത്.
അതേസമയം ഗസ്സ പൂര്‍ണമായും പിടിച്ചെടുത്ത് സൈനിക ഭരണം ഏര്‍പ്പെടുത്താനാണ് ഇസ്രായേല്‍ നീക്കം. ഇസ്രായേല്‍ സംഘം അമേരിക്കയിലെത്തി പദ്ധതി ട്രംപ് ഭരണകൂടവുമായി ചര്‍ച്ച ചെയ്യും. അതിനിടെ ഗസ്സയിലെ നാസര്‍ ആശുപത്രിയില്‍ ഇസ്രായേല്‍ ബോംബിട്ടു. മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്മാഈല്‍ ബര്‍ഹൂമും 16 വയസുള്ള കുട്ടിയും കൊല്ലപ്പെട്ടു. ഇവരടക്കം ഇന്ന് മാത്രം 16 പേരെയാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയത്. യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയുടെ വ്യോമാക്രമണവും തുടരുകയാണ്.