മരണം ഉറപ്പാക്കി സ്വര്‍ഗത്തിന് വേണ്ടി യാചിച്ച് പോപ്പ്; മരണത്തിന് പോപ്പിനെ വിട്ട് കൊടുത്ത് ഡോക്ടര്‍മാര്‍; എന്നിട്ടും അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി ജനങ്ങളുടെ പാപ്പാ; പോപ്പ് ഫ്രാന്‍സിസ് മടങ്ങി എത്തിയത് മരണ മുഖത്ത് നിന്ന്
വത്തിക്കാന്‍: എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ട് വത്തിക്കാനിലേക്ക് മടങ്ങിയത്. പല ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ ആരോഗ്യനില അങ്ങേയറ്റം വഷളായിരുന്നു. ശരിക്കും മാര്‍പ്പാപ്പ മടങ്ങിയെത്തിയത് മരണമുഖത്ത് നിന്നാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നിട്ടും അദ്ദേഹം അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി വന്ന കഥ വിശദീകരിക്കുകയാണ് പോപ്പിനെ റോമിലെ ജമേലി ആശുപത്രിയില്‍ ശുശ്രൂഷിച്ച ഡോക്ടര്‍മാര്‍.
88കാരനായ മാര്‍പ്പാപ്പ ന്യൂമോണിയയോടാണ് മല്ലിട്ടത്. ഫ്രാന്‍സിസ മാര്‍പ്പാപ്പയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സംഘത്തിന്റെ തലവനായിരുന്ന സെര്‍ജിയോ അല്‍ഫേരി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാര്‍പ്പാപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് വിശദീകരീച്ചത്. കഴിഞ്ഞ മാസം 28 രാത്രിയാണ് പോപ്പിന്റെ ആരോഗ്യനില അങ്ങേയറ്റം വഷളായത്. കാര്യങ്ങള്‍ മോശമാകുകയാണെന്ന് തോന്നുന്നതായി മാര്‍പ്പാപ്പ നേര്‍ത്ത ശബ്ദത്തില്‍ പറഞ്ഞു. ചുറ്റും ഉണ്ടായിരുന്നവര്‍ എല്ലാം തന്നെ ഇത് കേട്ട് കരയാന്‍ തുടങ്ങി.
കാര്യങ്ങള്‍ ഗുരുതരമായി മാറുകയാണെന്ന് ഡോക്ടര്‍മാര്‍ക്കും മനസിലായി. തന്റെ ആരോഗ്യ സ്ഥിതി അങ്ങേയറ്റം വഷളായി എന്ന കാര്യം പോപ്പിനും അറിയാമായിരുന്നു എന്നാണ് ഡോ. സെര്‍ജിയോ അല്‍ഫേരിയും പറയുന്നത. ഒരു പക്ഷെ ഈ രാത്രി അദ്ദേഹത്തിന് നിര്‍ണായകം ആണെന്ന കാര്യം മാര്‍പ്പാപ്പക്കും അറിയാമായിരുന്നു. തന്റെ യഥാര്‍ത്ഥ ആരോഗ്യസ്ഥിതിയെ കുറിച്ച് വ്യക്തമായി പറയണം എന്നാണ് മാര്‍പ്പാപ്പ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നത്. ഒരിക്കല്‍ ഭക്ഷണം കഴിക്കുന്ന സമയത്ത് പോപ്പിന് പെട്ടെന്ന് ശ്വാസംമുട്ടല്‍ ഉണ്ടായ കാര്യവും ഡോക്ടര്‍ ഓര്‍ത്തു.
ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായ സാഹചര്യത്തില്‍ അദ്ദേഹത്തെ മരണത്തിന് വിട്ടു കൊടുക്കാന്‍ പോലും ഒരു ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ തയ്യാറായി എന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മരണം ഉറപ്പാക്കിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആകട്ടെ ദൈവത്തോട് സ്വര്‍ഗത്തിന് വേണ്ടി യാചിക്കുകയായിരുന്നു. ചികിത്സയോട് മാര്‍പ്പാപ്പ പൂര്‍ണമായും സഹകരിച്ചു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ റോമിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഒരു മാസത്തിന് ശേഷം ഞായറാഴ്ച അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നു. ഒട്ടേറെ വിശ്വാസികളാണ് ആശുപത്രിക്കു ചുറ്റും തടിച്ചുകൂടിയത്. ജീവിതത്തിലേക്ക് മടങ്ങിവന്ന മാര്‍പാപ്പയെ ആഹ്ലാദാരവങ്ങളോട് കൂടിയാണ് ജനങ്ങള്‍ വരവേറ്റത്. തന്റെ രോഗമുക്തിക്കായി പ്രാര്‍ഥിച്ച ഓരോരുത്തര്‍ക്കും നന്ദിയെന്ന് മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പയ്ക്ക് നിലവില്‍ ഓക്സിജന്‍ തെറപ്പി തുടരുന്നുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. രണ്ട് മാസത്തോളം പൂര്‍ണവിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.
അടുത്ത മാസം ബ്രിട്ടനിലെ ചാള്‍സ് രാജാവ് വത്തിക്കാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയാണ്. എന്നാല്‍ പൂര്‍ണ വിശ്രമത്തിലായിരിക്കുന്ന മാര്‍പപാപ്പ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്ന കാര്യത്തില്‍ ഇനിയും തീരുമാനം ആയിട്ടില്ല.