ഫരീദാബാദിലെത്തി ലൊക്കേഷന്‍ നോക്കിയപ്പോള്‍ കണ്ടത് ബജര്‍പൂര്‍; ഹരിയാനയില്‍ നിന്നും സ്‌കൂട്ടറെടുത്ത് ഡല്‍ഹിയെത്തിയപ്പോള്‍ അറിഞ്ഞത് ഡാനിയുടെ തൂങ്ങി മരണം; ഒളിയിടം കണ്ടെത്തി ചായ കുടിക്കാന്‍ വരുന്നത് കാത്തിരുന്ന 'തിരുവല്ല പോലീസ് സ്‌ക്വാഡ്'; സ്‌കൂട്ടറിലെത്തി പ്രതിയെ പൊക്കി സ്‌കൂട്ടറില്‍ മടങ്ങിയ സാഹസികത; മണിമലയിലെ 'പീഡകനെ' പൊക്കിയ പോലീസ് സ്‌റ്റോറി

Update: 2025-03-29 05:33 GMT

കോട്ടയം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദം നടിച്ച് 17 കാരിയെ ഒന്നിലധികം തവണ ബലാല്‍സംഗത്തിനിരയാക്കിയ ശേഷം നാടുവിട്ട പ്രതിയെ ഡല്‍ഹിയില്‍ നിന്നും തിരുവല്ല പോലീസ് അറസ്റ്റു ചെയ്തത് നിര്‍ണ്ണായക നീക്കങ്ങളിലൂടെ. കോട്ടയം മണിമല വെള്ളാവൂര്‍ ഏറത്തു വടക്കേക്കര തോട്ടപ്പള്ളി കോളനി കഴുന്നാടിയില്‍ താഴെ വീട്ടില്‍ സുബിന്‍ എന്ന കാളിദാസി(23)നെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ' തിരുവല്ല പോലീസ് സ്‌ക്വാഡ് ' പ്രതിയെ കുടുക്കിയത് നാടകീയവും ട്വിസ്റ്റുകള്‍ നിറഞ്ഞതുമായ നീക്കളിലൂടെയാണ്. കോട്ടയം മണിമല വെള്ളാവൂര്‍ സ്വദേശി സുബിന്‍ എന്ന കാളിദാസ് (23) ആണ് പിടിയിലായത്. 2021 ജനുവരി ഒന്നിനും 2024 മാര്‍ച്ച് 31 നും ഇടയില്‍ 17 കാരിയെ പലയിടങ്ങളില്‍ വച്ചു പീഡിപ്പിച്ചെന്നാണ് കേസ്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. 2021ല്‍ ഒരു ദിവസം തിരുവല്ല ഇടിഞ്ഞില്ലം വേങ്ങലിലുള്ള പാടത്തേക്ക് കൂട്ടിക്കൊണ്ടുപോയി, റോഡരികില്‍ വച്ച് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടി. പിന്നീട് 2023 മാര്‍ച്ചില്‍ ചോറ്റാനിക്കരയിലുള്ള ഒരു വീട്ടില്‍ നിന്നും മോട്ടോര്‍സൈക്കിളില്‍ കയറ്റി എറണാകുളത്ത് റബ്ബര്‍ തോട്ടത്തിലെത്തിച്ച് അതിക്രമം കാട്ടി. തുടര്‍ന്ന് നവംബര്‍ 25ന് കോട്ടയം മണിമലയിലെ ഇയാളുടെ വീട്ടില്‍ കൊണ്ടുപോയശേഷം, അടുത്തുള്ള റബ്ബര്‍ തോട്ടത്തിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ചും ബലം പ്രയോഗിച്ച് പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുളിക്കീഴ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. പീഡനം ആദ്യം നടന്നത് തിരുവല്ലയിലായതിനാല്‍, കേസ് തിരുവല്ല പൊലീസിനു കൈമാറുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ കാളിദാസിനെ കണ്ടെത്താന്‍ ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പ്രതി ഡല്‍ഹിയിലുണ്ടെന്ന് അന്വേഷണ സംഘത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഡല്‍ഹിയിലെത്തിയ സംഘം ബദര്‍പ്പൂരില്‍ നിന്ന് കാളിദാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്വേഷണത്തില്‍ പ്രതി ഉപയോഗിച്ച മോട്ടോര്‍സൈക്കിള്‍ അച്ഛന്‍ സുരേഷ് കുമാറിന്റെ പേരിലുള്ളതാണെന്ന് കണ്ടെത്തി. വാഹനം സ്റ്റേഷനില്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു വിസമ്മതിക്കുകയും, മകനെ ഒളിവില്‍ പോകാന്‍ സഹായിക്കുകയും ചെയ്തതിനു സുരേഷ് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കേസിലെ രണ്ടാംപ്രതിയാണ് സുരേഷ് കുമാര്‍.

കാളിദാസിനെ കണ്ടെത്താന്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നിയോഗിച്ച പ്രത്യേക സംഘം അന്വേഷണം വ്യാപകമാക്കിയതിനെതുടര്‍ന്ന് പ്രതി ഡല്‍ഹിയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചു. അവിടെയെത്തി ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്താല്‍ ഫോണ്‍ ലൊക്കേഷന്‍ തിരഞ്ഞപ്പോള്‍ ഡല്‍ഹിയില്‍ നിന്നും 26 കിലോമീറ്റര്‍ ദൂരത്തുള്ള ബദര്‍പ്പൂര്‍ ആയിരുന്നു പ്രതി. സംഘം ഫരീദാബാദിലെത്തി, അവിടുത്തെ മലയാളി അസോസിയേഷന്റെ ഭാരവാഹികളെ കണ്ടു വിവരം അറിയിച്ചപ്പോള്‍ അവര്‍ സൗകര്യങ്ങളൊരുക്കി. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു അസോസിയേഷനിലെ പലരും. പിറ്റേന്ന് രാവിലെ കിട്ടിയ ലൊക്കേഷന്‍ നോക്കുമ്പോള്‍ അവിടെയെത്താന്‍ 18 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടതുണ്ടെന്ന് വ്യക്തമായി. ഉടന്‍തന്നെ അസോസിയേഷന്‍ ഭാരവാഹികള്‍ ഇടപെട്ട് സംഘത്തിന് സഞ്ചരിക്കാന്‍ രണ്ട് സ്‌കൂട്ടര്‍ നല്‍കി. സ്‌കൂട്ടറുകളില്‍ ബദര്‍പ്പൂരില്‍ എത്തുമ്പോള്‍ ശരിക്കും പോലീസ് സംഘം അന്തംവിട്ടു. കടല്‍ പോലെ വിശാലമായ ചേരിപ്രദേശം, അവിടെ നിന്നും എങ്ങനെ പ്രതിയെ കണ്ടെത്തുക അസാധ്യമായിരുന്നു. ബീഹാറികള്‍, ബംഗാള്‍ സ്വദേശികള്‍, നേപ്പാളികള്‍ ഉള്‍പ്പെടെ പലയിടങ്ങളില്‍ നിന്നുള്ള പല വിഭാഗത്തില്‍പ്പെട്ട ആളുകള്‍ ഇടകലര്‍ന്നു താമസിക്കുന്ന ചേരി.

കാളിദാസനെ നാടുവിടാന്‍ സൗകര്യം ഒരുക്കിയ വീട്ടുകാര്‍ അവിടെ കാര്യങ്ങള്‍ ഏല്‍പ്പിച്ചത് അമ്മാവന്‍ ഡെന്നിയെയായിരുന്നു. ടൂറിസ്റ്റ് ബസ് ഡ്രൈവറായിരുന്നു ഇയാള്‍. ശ്രമകരമായ അന്വേഷണത്തിനൊടുവില്‍ പോലീസ് സംഘം ഡെന്നിയുടെ വീട് കണ്ടെത്തി. അവിടെ എത്തിയപ്പോള്‍ കിട്ടിയത് ഡെന്നിയുടെ തൂങ്ങി മരണ വിവരം. ജനുവരി ഒന്നിനായിരുന്നു ആത്മഹത്യ. പ്രതിയുടെ ഫോണ്‍ കോണ്‍ടാക്ടില്‍ ഹരിയാന ഡല്‍ഹി ഭാഗങ്ങളിലെ ആരുടേയും വിവരം കിട്ടിയില്ല. സി ഡി ആര്‍ വീണ്ടും പരിശോധിച്ചു.

ഡെന്നിയുടെ ഭാര്യയെ കണ്ടാല്‍ സഹായിക്കും എന്ന് കരുതി ശ്രമിച്ചിട്ടും ഫലം ഉണ്ടായില്ല. പിറ്റേന്ന് മൂന്നാം ദിവസം രാവിലെ അന്വേഷണം തുടര്‍ന്നു. പ്രതിക്ക് താമസസൗകര്യം ഒരുക്കിയ റോയ് എന്ന ആളെ കണ്ടെത്താനായി ശ്രമം. അതും നടന്നില്ല. ഒടുവില്‍, ബദര്‍പൂര്‍ പോലീസ് സ്റ്റേഷനിലെ സ്‌ക്വാഡ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ സഹായം തേടി. അങ്ങനെ പ്രതിയുടെ ഒളിയിടം കണ്ടെത്തുകയായിരുന്നു. അവിടെ ഒരു കടയില്‍ എല്ലാ ദിവസവും വൈകിട്ട് ഇയാള്‍ ബീഡി വലിക്കാനും ചായ കുടിക്കാനും വരുമെന്ന് മനസ്സിലാക്കി. കടക്കാരനെ ഫോട്ടോ കാണിച്ച് ആളെ ഉറപ്പിച്ചു. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും പരിശോധിച്ചും ഉറപ്പിച്ചു. രാത്രി ഒമ്പതോടെ കുറച്ചു ദൂരെ നിന്നും നടന്നുവന്ന പ്രതി കടയിലെത്തിയ ഉടനെ സംഘം വളഞ്ഞു പിടികൂടി. തുടര്‍ന്ന് സ്‌കൂട്ടറില്‍ കയറ്റി ഫരീദാബാദിലേക്ക് തിരിച്ചു. ഹരിയാനയിലാണ് ഫരീദാബാദ്. ഡല്‍ഹിയിലാണ് ബദര്‍പ്പൂര്‍. അതായത് ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തിലേക്ക് സ്‌കൂട്ടറില്‍ പോയി പ്രതിയുമായി തിരിച്ചെത്തിയ കഥയാണ് ഇത്. തീര്‍ത്തും സാഹസിക യാത്ര.

തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പുതിയ എസ്എച്ച്ഒ എസ് സന്തോഷ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. എസ്‌ഐ അജി ജോസ്, എഎസ്‌ഐ ജയകുമാര്‍, സീനിയര്‍ സിപിഓമാരായ അഖിലേഷ്, മനോജ് കുമാര്‍,അവിനാഷ്, സിപിഓ ടോജോ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News