വൊളന്ററി മോഡിഫിക്കേഷന്‍ നടത്തിയ പതിപ്പിനെ വിമര്‍ശനാത്മകമായി പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദ്ദേശം; റീ എഡിറ്റഡ് പതിപ്പ് എത്തുക വ്യാഴാഴ്ച മാത്രം; മോഹന്‍ലാലിന് ഒന്നും അറിയില്ലെന്ന മേജര്‍ രവിയുടെ വെളിപ്പെടുത്തല്‍ ലക്ഷ്യമിട്ടത് പൃഥ്വിയെ? ലൂസിഫറിന് മൂന്നാം ഭാഗം വരുമോ? ഇനി തിരക്കഥ തിരുത്തല്‍ ലാല്‍ അനുവദിക്കില്ല

Update: 2025-03-30 03:51 GMT

കൊച്ചി: ലൂസിഫറിന്റെ മൂന്നാം ഭാഗത്തില്‍ തിരക്കഥയില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ല. എമ്പുരാന്റെ തിരക്കഥയിലെ തിരുത്തലുകളാണ് ചിത്രത്തെ വിവാദത്തിലാക്കിയതെന്ന വാദത്തെ തുടര്‍ന്നാണ് ഇത്. റിലീസിന് മുമ്പ് സിനിമ മോഹന്‍ലാല്‍ കണ്ടിരുന്നില്ല. വിവാദമുണ്ടായതിന് പിന്നാലെയാണ് മോഹന്‍ലാല്‍-പൃഥിരാജ് ചിത്രം എമ്പുരാനില്‍ നിന്നും പതിനേഴിലധികം ഭാഗങ്ങള്‍ ഒഴിവാക്കിയത്. ചിത്രത്തിന്റെ എഡിറ്റഡ് പതിപ്പ് അടുത്തയാഴ്ച തിയറ്ററുകളില്‍ എത്തും. ഇതിനിടെയാണ് ലൂസിഫറിന്റെ അവസാന ഭാഗത്തിലും ചര്‍ച്ച തുടങ്ങുന്നത്. എത്ര കോടി എമ്പുരാന്‍ കളക്ട് ചെയ്യുമെന്നതും ഇതില്‍ നിര്‍ണ്ണായകമാകും. വലിയ നഷ്ടം എമ്പുരാന്‍ ഉണ്ടാക്കിയാല്‍ ആലോചനകളിലൂടെ മാത്രമേ മൂന്നാം ഭാഗത്തില്‍ തീരുമാനം എടുക്കൂ.

സ്ത്രീകള്‍ക്കെതിരായ അക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് നിര്‍മാതാക്കള്‍ ഒഴിവാക്കിയത്. വൊളന്ററി മോഡിഫിക്കേഷന്‍ നടത്തിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡ് പരിഗണിക്കുകയാണ്. വിമര്‍ശനാത്മകമായി ഇത് കാണാനാണ് സെന്‍സര്‍ ബോര്‍ഡിന് കിട്ടിയ നിര്‍ദ്ദേശം. എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളില്‍ എത്തും. ആദ്യ മുപ്പത് മിനിറ്റില്‍ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങള്‍ കുറയ്ക്കും. കേന്ദ്ര സര്‍ക്കാരിന് എതിരായവരെ ദേശീയ ഏജന്‍സി കേസില്‍ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തും. ബാബ ബജ്രംഗി എന്ന വില്ലന്റെ പേര് മാറ്റാന്‍ ആലോചന ഉണ്ടെങ്കിലും സിനിമയില്‍ ഉടനീളം ആവര്‍ത്തിക്കുന്ന ഈ പേര് മാറ്റാന്‍ സാധിക്കുമോ എന്ന് വ്യക്തമല്ല. സിനിമയില്‍ ഭേദഗതി വരുത്തിയാല്‍ വീണ്ടും സെന്‍സര്‍ ബോര്‍ഡ് കാണണം എന്നാണു ചട്ടം. അതിനാല്‍ നടപടിക്രമം പൂര്‍ത്തിയാക്കി സിനിമയുടെ പരിഷ്‌കരിച്ച പതിപ്പ് തിയറ്ററില്‍ എത്താന്‍ വ്യാഴാഴ്ച എങ്കിലും ആകും. റീ എഡിറ്റിംഗിന് മുന്‍പ് ചിത്രം കാണാന്‍ വന്‍ തിരക്ക് ആണ് അനുഭവപ്പെടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ചിത്രത്തില്‍ നിന്നും പത്ത് സെക്കന്റ് മാത്രമാണ് ആദ്യപതിപ്പില്‍ സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമവും ദേശീയപതാകയെ സംബന്ധിക്കുന്നതുമായി ചില ഭാഗങ്ങളായിരുന്നു ഇത്. ചിത്രത്തില്‍ ഗുജറാത്ത് കലാപത്തെ പരാമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ക്കെതിരെ ബിജെപി കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചുവെന്നായിരുന്നു ആരോപണം. തപസ്യ ജനറല്‍ സെക്രട്ടറി ജി.എം. മഹേഷ് ഉള്‍പ്പെടെ നാല് പേര്‍ സെന്‍സര്‍ ബോര്‍ഡ് കമ്മിറ്റിയിലുണ്ട്. ഇവര്‍ക്ക് വീഴ്ച പറ്റിയെന്ന് രാജീവ് ചന്ദ്രശേഖര്‍ കോര്‍ കമ്മിറ്റിയില്‍ സൂചിപ്പിച്ചതായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. പിന്തുണ സൗഹൃദം മാത്രമാണെന്നും സിനിമയുടെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം കോര്‍കമ്മിറ്റിയില്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതിനിടെ ആഗോള തലത്തില്‍ ആദ്യദിനം ഏറ്റവുമധികം കലക്ഷന്‍ നേടുന്ന മലയാള ചിത്രവും എമ്പുരാനായി മാറിയെന്ന അവകാശ വാദം നിര്‍മ്മതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ബജറ്റില്‍ എത്തിയ ചിത്രമാണ് എമ്പുരാന്‍. ലൂസിഫറിന്റെ രണ്ടാം ഭാഗം മലയാള സിനിമയില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് നേടിയെടുത്ത ചിത്രം കൂടിയാണ് എമ്പുരാന്‍. 48 മണിക്കൂറിനുള്ളില്‍ 100 കോടി ക്ലബിലെത്തിയിരുന്നു എമ്പുരാന്‍. വിദേശത്തും വന്‍ കുതിപ്പാണ് മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ നടത്തുന്നത്. വിദേശത്ത് നിന്ന് മാത്രമായി 64 കോടി രൂപയാണ് എമ്പുരാന്‍ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബാക്കി 36 കോടി രണ്ടു ദിവസം കൊണ്ട് ഇന്ത്യയിലെ വിവിധ ഭാഗത്ത് നിന്നും കിട്ടിയെന്നാണ് വിശദീകരണം.

എമ്പുരാന്‍ വിവാദത്തില്‍ മോഹന്‍ലാലിനെ പിന്തുണച്ച് മേജര്‍ രവി നടത്തിയ പ്രസ്താവനയില്‍ ലക്ഷ്യമിട്ടത് പൃഥ്വിരാജിനെയാണെന്ന വാദം ശക്തമാണ്്. മോഹന്‍ലാല്‍ ചിത്രം പൂര്‍ണമായി കണ്ടിരുന്നില്ലെന്നും സിനിമയിലെ വിവാദ ഭാഗങ്ങള്‍ ഒഴിവാക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടുവെന്നും മേജര്‍ രവി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ആദ്യദിനം മോഹന്‍ലാലും താനും ഒരുമിച്ചാണ് സിനിമ കണ്ടതെന്നും ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മോഹന്‍ലാലിന് മാനസികമായി വളരെയധികം വിഷമമുണ്ടെന്നും മേജര്‍ രവി പറഞ്ഞിരുന്നു. വിവാദങ്ങളുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഒരു ക്ഷമാപണം എഴുതി തയ്യാറാക്കിയിട്ടുണ്ടെന്നും അത് പക്ഷേ എവിടെയും പങ്കുവെച്ചതായി അറിയില്ലെന്നും മേജര്‍ രവി പറയുന്നു. അരമണിക്കൂറിലേറെ നീണ്ട ഫെയ്സ് ബുക്ക് ലൈവിലാണ് മോഹന്‍ലാലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തികളിലൊരാളായ മേജര്‍ രവി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മോഹന്‍ലാല്‍ ഒരു തവണ കഥ കേട്ടുകഴിഞ്ഞ് നല്ലതെന്ന് തോന്നിയാല്‍ പിന്നീട് ഒരിക്കലും അതില്‍ ഇടപെടാറില്ല. കീര്‍ത്തിചക്രപോലും അദ്ദേഹം മുഴുവന്‍ സിനിമ പൂര്‍ണമായി കണ്ടിട്ടില്ല. അതുകൊണ്ട് മോഹന്‍ലാല്‍ പൂര്‍ണമായി കണ്ടിട്ടാണ് എമ്പുരാന്‍ പുറത്തിറക്കിയതെന്ന് പറയരുത്. അതേസമയം ചിത്രത്തില്‍ എല്ലാവര്‍ക്കും വിഷമമുണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടെന്ന് മേജര്‍ രവി പറഞ്ഞു. തിരക്കഥാകൃത്തായ മുരളി ഗോപിയെയും അദ്ദേഹം വിമര്‍ശിച്ചു. ഗുജറാത്ത് കലാപത്തെ വളരെ ഏകപക്ഷീയമായാണ് അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആ കലാപം എങ്ങനെ തുടങ്ങിയെന്ന വിഷയങ്ങള്‍ കൂടി കാണിക്കേണ്ടത് എഴുത്തുകാരനെന്ന നിലയില്‍ മുരളി ഗോപിക്ക് ഉത്തരവാദിത്വമുണ്ടായിരുന്നു. മുസ്ലീങ്ങളെ കൊല്ലുന്ന ഹിന്ദുക്കള്‍ എന്ന് ചിത്രീകരിച്ചത് വര്‍ഗീയതയാണെന്നും മേജര്‍ രവി പറഞ്ഞു.

Tags:    

Similar News