കവര്‍ച്ചാ കേസില്‍ മൂന്ന് പേരുടെ കൈവിരലുകള്‍ വെട്ടിമാറ്റും; ചാട്ടവാര്‍ അടിയിലൂടെ കുറ്റസമ്മതം; ഇറാനില്‍ നിന്നും ആംനസ്റ്റി പുറത്തു വിടുന്നത് ക്രൂര ശിക്ഷാ വിവരം

Update: 2025-04-05 06:05 GMT

ലോകത്ത് ഏറ്റവും ക്രൂരമായ രീതിയില്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ നല്‍കുന്ന രാജ്യമാണ് ഇറാന്‍. എല്ലാ വര്‍ഷവും ഏറ്റവുമധികം ആളുകളെ വധശിക്ഷക്ക് വിധേയമാക്കുന്ന രാജ്യങ്ങളില്‍ ഇറാന്‍ മുന്‍പന്തിയിലാണ്. ഏറ്റവും ഒടുവിലായി കവര്‍ച്ചാ കേസില്‍ ശിക്ഷ ലഭിച്ച മൂന്ന് പേരുടെ കൈവിരലുകള്‍ വെട്ടിമാറ്റാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷലാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.

പശ്ചിമ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഉറുമിഹ് സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ഹാദി റോസ്തമി, മെഹ്ദി ഷര്‍ഫിയാന്‍, മെഹ്ദി ഷാഹിവന്ദ് എന്നിവരെയാണ് ശിക്ഷാ നടപടിക്ക് വിധേയരാക്കുന്നത്. ഈ മാസം പതിനൊന്നിനാണ് ശിക്ഷ നടപ്പിലാക്കുന്നത്. 2017 ഓഗസ്റ്റിലാണ് ഇവരെ മോഷണ കേസില്‍ അറസ്റ്റ് ചെയ്യുന്നത്. 2019 ലാണ് ഇവര്‍ക്ക് ശിക്ഷ വിധിക്കുന്നത്. ഇവര്‍ ഓരോരുത്തരുടേയും വലത് കൈയ്യിലെ നാല് വിരലുകള്‍ പൂര്‍ണമായി മുറിച്ചു മാറ്റാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരെ ഹാജരാക്കാന്‍ അനുവാദം നല്‍കിയിരുന്നില്ല. ഇവരെ അതിക്രൂരമായി മര്‍ദ്ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. ഇവരെ മര്‍ദ്ദിച്ചതിന് പുറമേ ചാട്ടവാര്‍ കൊണ്ട് അടിക്കുകയും ചെയ്തിരുന്നു.

ഇവരില്‍ ഒരാളിന്റെ കൈ മര്‍ദ്ദനത്തില്‍ ഒടിഞ്ഞിട്ടുണ്ട്. തങ്ങള്‍ക്ക് നേരേയുണ്ടായ മനുഷ്യത്വരഹിതമായ പ്രവൃത്തികളില്‍ പ്രതിഷേധിച്ച് ഇവര്‍ ജയിലില്‍ നിരാാഹരസമരം നടത്തിയിരുന്നു. ഇവരില്‍ റോസ്റ്റാമി എന്ന പ്രതിയെ ജയില്‍ചട്ടങ്ങള്‍ ലംഘിച്ചു എന്ന കുറ്റത്തിന് അറുപത് ചാട്ടവാറടിയും നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച ഇയാള്‍ 2021 ഫെബ്രുവരിയില്‍ നിരാഹാര സമരവും നടത്തിയിരുന്നു. തുടര്‍ന്ന് റോസ്റ്റാമി പല തവണ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. റോസ്റ്റമിയാണ് പ്രതികളുടെ വിരലുകള്‍ മുറിച്ചു മാറ്റുന്നതിനെതിരെ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍ക്ക് കത്തയച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ശിക്ഷക്ക് വിധേയരാകുന്ന മൂന്ന് പേരും അവരുടെ വിഷമങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു കത്തെഴുതിയിരുന്നു.

സ്വന്തം ശിക്ഷ നടപ്പിലാക്കുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന തങ്ങള്‍ക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ലെന്ന് ഈ കത്തില്‍ അവര്‍ വ്യക്തമാക്കുന്നു. ഈ പേടിസ്വപ്നം അവസാനിപ്പിക്കാന്‍ എല്ല്ാവരും സഹായിക്കണം എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. വിരല്‍ മുറിച്ചുമാറ്റല്‍ എന്ന ക്രൂരമായ ശിക്ഷ ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ശിക്ഷാ നിയമപ്രകാരം അനുവദനീയമാണ്. എന്നാല്‍ മനുഷ്യാവകാശ സംഘടനകള്‍ ഇതിനെ ശക്തിയായി എതിര്‍ക്കുകയാണ്. ആംനസ്റ്റിയുടെ മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക ഡെപ്യൂട്ടി ഡയറക്ടര്‍ സാറാ ഹാഷാഷ് ചൂണ്ടിക്കാട്ടുന്നത് അവയവങ്ങള്‍ ഛേദിക്കുന്നത് പീഡനമാണ് എന്നാണ്. അന്താരാഷ്ട്ര നിയമപ്രകാരം ഇത് ഒരു കുറ്റകൃത്യമാണെന്നും മനുഷ്യന്റെ അന്തസ്സിനു നേരെയുള്ള കടുത്തതും വെറുപ്പുളവാക്കുന്നതുമായ ആക്രമണവുമാണ് എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

ക്രൂരവും മനുഷ്യത്വരഹിതവുമായി ഇത്തരം ശിക്ഷാ നടപടികള്‍ ഇറാന്‍ അടിയന്തരമായി നിര്‍ത്തി വെയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇസ്ലാമിക് റിപ്പബ്ലിക്കില്‍ അതിന്റെ ശരിയത്ത് നിയമപ്രകാരം വിരല്‍ മുറിച്ചുമാറ്റല്‍ അനുവദനീയമാണ്. ഇത്തരം ശിക്ഷകള്‍ നടപ്പിലാക്കുമ്പോള്‍, വലതു കൈയിലെ നാല് വിരലുകള്‍ മുറിച്ചുമാറ്റുന്നതിനാല്‍ കൈപ്പത്തിയും തള്ളവിരലും മാത്രമേ അവശേഷിക്കുന്നുള്ളൂ. 2000 ജനുവരി മുതല്‍ ഇറാനിയന്‍ അധികാരികള്‍ കുറഞ്ഞത് 131 പുരുഷന്മാരുടെ വിരലുകള്‍ മുറിച്ചുമാറ്റിയിട്ടുണ്ട് എന്നാണ് കണക്ക്.

ഈയിടെ ഇറാനില്‍ വധശിക്ഷ്‌ക്ക വിധിക്കപ്പെടുന്നവരുടെ എണ്ണവം വര്‍ദ്ധിച്ച് വരികയാണ്. ഈ വര്‍ഷം മാത്രം 633 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി എന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്.

Tags:    

Similar News