അമേരിക്കയിലെ മലയാളി ജഡ്ജിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത് തിരഞ്ഞെടുപ്പു ഫണ്ടുമായി ബന്ധപ്പെട്ട് ഒന്നരലക്ഷം ഡോളറിന്റെ തട്ടിപ്പു നടത്തിയെന്ന കുറ്റം; അറസ്റ്റിലായെങ്കിലും ജാമ്യം കിട്ടിയത് ആശ്വാസം; തെറ്റ് ചെയ്തിട്ടില്ലെന്ന് പത്തനംതിട്ടക്കാരന്റെ പ്രതികരണം; രാജി ആവശ്യപ്പെട്ട് ഡൊമോക്രാറ്റുകളും; കെപി ജോര്‍ജ്ജിന് ഭാവിയില്‍ ആശങ്ക ശക്തം
ഹൂസ്റ്റണ്‍: പണത്തട്ടിപ്പുകേസില്‍ യുഎസിലെ ടെക്‌സസ് സംസ്ഥാനത്തെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയും മലയാളിയുമായ കെ.പി. ജോര്‍ജ് അറസ്റ്റിലായെങ്കിലും ജാമ്യത്തില്‍ വിട്ടത് ആശ്വാസമായി. തിരഞ്ഞെടുപ്പു ഫണ്ടുമായി ബന്ധപ്പെട്ട് ഒന്നരലക്ഷം ഡോളറിന്റെ തട്ടിപ്പു നടത്തിയെന്നാണു കേസ്. 10 വര്‍ഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണു ചുമത്തിയിട്ടുള്ളത്. ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നു ജോര്‍ജ് പ്രതികരിച്ചു. 20,000 ഡോളര്‍ ജാമ്യത്തിലാണ് വിട്ടയച്ചത്. ഡെമോക്രാറ്റ് പാര്‍ട്ടി അംഗമായ ജോര്‍ജ് 2018 ല്‍ ആണു ആദ്യം ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2022 ല്‍ രണ്ടാമതും ജയിച്ചു. ഇത്തരമൊരു ജഡ്ജിക്കെതിരെയാണ് ആരോപണം.
തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ എതിരാളിയെ പ്രതിക്കൂട്ടിലാക്കി വോട്ടുകള്‍ നേടാനായി സമൂഹമാധ്യമത്തില്‍ വ്യാജ വംശീയ അധിക്ഷേപ പോസ്റ്റുകള്‍ ഉണ്ടാക്കിയെന്ന ആരോപണം ജോര്‍ജിനെതിരെ ഉയര്‍ന്നിരുന്നു. ഈ കേസില്‍ ജോര്‍ജിനു കഴിഞ്ഞവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. 2023ലാണ് ആരോപണം ഉയര്‍ന്നത്. ജോര്‍ജിന്റെ മുന്‍ സ്റ്റാഫംഗമായിരുന്ന തരള്‍ പട്ടേലും ഈ കേസില്‍ പ്രതിയായിരുന്നു. രണ്ടു കേസുകളും തമ്മില്‍ ബന്ധമില്ലെന്ന് ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ ഓഫിസ് അറിയിച്ചു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി അഞ്ചംഗ ഭരണസമിതിയില്‍ ഏറ്റവുമധികം വോട്ടുനേടി ജയിച്ച ജോര്‍ജ് പത്തനംതിട്ട കൊക്കാത്തോട് സ്വദേശിയാണ്. അതിനിടെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് ജഡ്ജി കെ പി ജോര്‍ജ് രാജിവയ്ക്കണമെന്ന് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെട്ടു.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും ജോര്‍ജ് പറഞ്ഞു. കെ പി ജോര്‍ജ് 30,000 യുഎസ് ഡോളറില്‍ കൂടുതലും 150,000 ഡോളറില്‍ താഴെയുമുള്ള കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കോടതി രേഖകളും ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസും നല്‍കുന്ന വിവരം. അതേസമയം ഇത്തരത്തിലുള്ളൊരു കുറ്റപത്രം വിചാരണയ്ക്ക് മുമ്പ് തന്നെ പൊതുജനവിശ്വാസം തകര്‍ക്കുമെന്ന് ഹൂസ്റ്റണ്‍ സര്‍വകലാശാലയിലെ രാഷ്ട്രീയ നിരീക്ഷകയായ ഡോ എലീന മാര്‍ട്ടിനെസ് പറഞ്ഞു. കെപി ജോര്‍ജിന്റെ ഭാവി എന്താകുമെന്നതില്‍ ചര്‍ച്ചകള്‍ അമേരിക്കയില്‍ സജീവമാണ്.
പത്തനംതിട്ടയിലെ കോന്നിക്കടുത്തുള്ള കോക്കാത്തോട് ഗ്രാമത്തില്‍ ജനിച്ച കെ പി ജോര്‍ജ് അമേരിക്കയില്‍ ഉന്നതസ്ഥാനത്തെത്തിയത് പ്രതിസന്ധികള്‍ മറികടന്നായിരുന്നു. സെപ്റ്റംബറില്‍ അടിമാലിയിലെ ഒരു ദരിദ്ര കുടുംബത്തിന് വീട് വെച്ചുനല്‍കാന്‍ ധനസഹായവുമായി അദ്ദേഹം മുന്നോട്ടുവന്നിരുന്നു. ജീവകാരൂണ്യപ്രവര്‍ത്തകയായ എംഎസ് സുനിലിന്റെ ഹോം ഫോര്‍ ഹോംലെസ് എന്ന പദ്ധതിയിലേക്കാണ് കെ പി ജോര്‍ജ് തന്റെ സഹായം എത്തിച്ചത്. പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടിയയാളാണ് കെപി ജോര്‍ജ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മികച്ച വിദ്യാര്‍ത്ഥിയായിരുന്നു കെപി ജോര്‍ജ്. 1982-83 കാലത്ത് ജോര്‍ജും കുടുംബവും കോക്കോത്തോടില്‍ നിന്നും മാറിപ്പോയി. പിന്നീടുള്ള കാലം കോന്നിയിലെ തെങ്ങുംകാവിലാണ് ജോര്‍ജും കുടുംബവും താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ സഹോദരന്‍മാരിലൊരാള്‍ ഇപ്പോഴും പത്തനംതിട്ടയിലാണ് താമസിക്കുന്നത്. ബാക്കിയുള്ളവര്‍ വിദേശരാജ്യങ്ങളിലാണ്.
1993ലാണ് ഒരു ധനകാര്യ സ്ഥാപനത്തിലെ ജോലിയ്ക്കായി കെ പി ജോര്‍ജ് യുഎസിലേക്ക് കുടിയേറിയത്. അതിനുശേഷം നിരവധി ഫിനാന്‍ഷ്യല്‍ സര്‍ട്ടിഫിക്കേഷനുകളും ലൈസന്‍സുകളും നേടിയിട്ടുണ്ട്. ഒരു സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍ എന്ന നിലയില്‍ അദ്ദേഹം ഷുഗര്‍ ലാന്‍ഡില്‍ ഒരു സ്വതന്ത്ര സാമ്പത്തിക ആസൂത്രണ സ്ഥാപനവും നടത്തിവരുന്നുണ്ട്. ഫോര്‍ട്ട് ബെന്‍ഡ് ഐഎസ്ഡി അധ്യാപികയായ ഷീബയെയാണ് കെ പി ജോര്‍ജ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്. കെ പി ജോര്‍ജ് 2018ലാണ് കൗണ്ടി ജഡ്ജിയായി നിയമിതനായത്. 2022ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയായ അദ്ദേഹം വീണ്ടും വിജയം ഉറപ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ആരോപണങ്ങളും അറസ്റ്റുമെല്ലാം സംഭവിക്കുന്നത്.