ഉത്തര കൊറിയന്‍ മിസൈല്‍ ഉപയോഗിച്ച് കീവില്‍ അനേകരെ കൊന്ന് റഷ്യ; കരുതലോടെ പുട്ടിനോട് പരിഭവിച്ച് ട്രംപ്; പുട്ടിന്റെ കാര്യത്തില്‍ ട്രംപിന്റെ ഇരട്ടത്താപ്പ് വീണ്ടും ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
യുക്രൈനില്‍ കഴിഞ്ഞ ദിവസം അതിരൂക്ഷമായ ആക്രമണം നടത്തി റഷ്യന്‍ സൈന്യം. ഉത്തര കൊറിയ നല്‍കിയ മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇക്കാര്യത്തില്‍ റഷ്യയോട് പരിഭവം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് റഷ്യ ആക്രമണം നടത്തിയതെന്നാണ് സൂചന.
ഇക്കാര്യത്തില്‍ താന്‍ സന്തുഷ്ടനല്ല എന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. കീവിലേക്ക് നടത്തിയ ആക്രമണത്തില്‍ തീരെ അസന്തുഷ്ടന്‍ ആണെന്നാണ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. പുട്ടിനോട് വ്ളാഡിമിര്‍ താങ്കള്‍ യുദ്ധം നിര്‍ത്തൂ ആഴ്ച തോറും അയ്യായിരത്തോളം സൈനികരാണ് മരിക്കുന്നത് എന്നാണ് ട്രംപ് എഴുതിയിരിക്കുന്നത്. എത്രയും വേഗം നമുക്ക് സമാധാന കരാര്‍ പൂര്‍ത്തിയാക്കാം എന്നും ട്രംപ് പറയുന്നു. യുക്രൈന്റെ തലസ്ഥാനമായ കീവില്‍ ഒറ്റരാത്രി കൊണ്ട് അതിഭീകരമായ ആക്രമണമാണ് റഷ്യ നടത്തിയത്.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഒമ്പത് പേര്‍ കൊല്ലപ്പെടുകയും എഴുപതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂലൈക്ക് ശേഷം കീവില്‍ റഷ്യ നടത്തുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇത്. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്‍കൈ എടുത്ത് പല ശ്രമങ്ങളും നടത്തിയിരുന്നു എങ്കിലും ഇപ്പോഴും ഇക്കാര്യത്തില്‍ തീരുമാനം ആകാതെ നീളുകയാണ്. ഇക്കാര്യത്തില്‍ പുട്ടിന്‍ സ്വീകരിച്ച നിലപാടില്‍ ട്രംപ് തീര്‍ത്തും നിരാശനാണ് എന്നാണ് പറയപ്പെടുന്നത്.
അമേരിക്കയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു ആക്രമണത്തിന് റഷ്യ തയ്യാറായത് എന്നാണ് യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി ആരോപിക്കുന്നത്. ചര്‍ച്ചകളിലൂടെ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുക്രൈന്‍ നാല്‍പ്പത്തിനാല് ദിവസം മുമ്പ് തന്നെ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് അറിയിച്ചതാണ്. എന്നാല്‍ റഷ്യ ഇപ്പോഴും യുദ്ധം തുടരുകയാണെന്ന് സെലന്‍സ്‌കി ചൂണ്ടിക്കാട്ടി. 2014 ല്‍ റഷ്യ നിയമവിരുദ്ധമായി പിടിച്ചെടുത്ത ക്രിമിയയെ സംബന്ധിച്ച നിലപാടില്‍ മാറ്റമില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കി.
റഷ്യ ഇപ്പോഴും യുക്രൈന് എതിരായ സൈനിക നടപടികള്‍ തുടരുകയാണെന്ന് റഷ്യന്‍ സര്‍ക്കാരിന്റെ വക്താവ് ദിമിത്രി പെസ്‌കോവും വ്യക്തമാക്കിയിരുന്നു. യുക്രൈ്ന്‍ പറയുന്നത് ഒറ്റ രാത്രി കൊണ്ട് റഷ്യന്‍ സൈന്യം 66 ഓളം ബാലിസ്റ്റിക് ക്രൂയിസ് മിസൈലുകളും വിമാനങ്ങളില്‍ നിന്ന് തൊടുത്തു വിടുന്ന നാല് എയര്‍ ടു-സര്‍ഫസ് മിസൈലുകളും 145 ഷാഹെഡ് ഡെക്കോയ് ഡ്രോണുകളും യുക്രൈനിലെ നാല് സ്ഥലങ്ങളില്‍ പ്രയോഗിച്ചു എന്നാണ്. പതിന്നൊന്ന് മണിക്കൂറോളമാണ് റഷ്യന്‍ സൈന്യം യുക്രൈന്‍ ജനതയെ ഭീതിയിലാഴ്ത്തി ആക്രമണം നടത്തിയത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ റഷ്യ നടത്തിയ ഏറ്റവും രൂക്ഷമായ ആക്രമണമായിരുന്നു ഇത് എന്നാണ് സെലന്‍സ്‌കിയും ആരോപിക്കുന്നത്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ സന്ദര്‍ശനം നടത്തുന്ന സെലന്‍സ്‌കി യാത്ര വെട്ടിച്ചുരുക്കി ഉടന്‍ തന്നെ നാട്ടിലേക്ക് മടങ്ങാന് തീരുമാനിച്ചിരിക്കുകയാണ്. റഷ്യ-യുക്രൈന്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതിന് തൊട്ടു പിന്നാലെയാണ് യുക്രൈന്‍ കീവില്‍ ആക്രമണം നടത്തിയത്. അതേ സമയം റഷ്യ ഉപാധികളില്ലാതെ വെടിനിര്‍ത്തലിന് തയ്യാറാകണം എന്നാണ് പല യൂറോപ്യന്‍ രാജ്യങ്ങളും ആവശ്യപ്പെടുന്നത്.
കീവിലെ ആക്രമണ്തതെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമറും രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ എല്ലാം ത്ന്നെ പുട്ടിന്റെ കാര്യത്തില്‍ ട്രംപ് ഇരട്ടത്താപ്പ് കാട്ടുകയാണ് എന്ന ആരോപണം ശക്തമാകുകയാണ്.