'പരമ പവിത്രമതാമീ മണ്ണില്‍.... ചൊല്ലി വിടനല്‍കി സുരേഷ് ഗോപി അടക്കമുള്ള പരിവാര്‍ പ്രവര്‍ത്തകര്‍; ആര്‍ എസ് എസ് ഗണഗീതം ആലപിച്ചത് ഭാര്യയുടെ ആവശ്യപ്രകാരം; ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; അന്ത്യാഞ്ജലി അര്‍പ്പിച്ച് ഗവര്‍ണര്‍മാര്‍; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

'പരമ പവിത്രം' ചൊല്ലി രാമചന്ദ്രന് വിടനല്‍കി സഹപ്രവര്‍ത്തകര്‍

Update: 2025-04-25 09:30 GMT

കൊച്ചി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തില്‍ എന്‍. രാമചന്ദ്രന് കണ്ണീരോടെ യാത്രാമൊഴി. പൊതുദര്‍ശനത്തിനു ശേഷം ഇടപ്പള്ളി പൊതു ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഗണഗീതം ചൊല്ലിക്കൊണ്ടാണ് രാമചന്ദ്രന് വിടനല്‍കിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വീട്ടിലെത്തിയിരുന്നു.

സീമാജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജക് എ ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം രാമചന്ദ്രന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ഭര്‍ത്താവിന്റെ വിയോഗ ദുഖത്തിലാണെങ്കിലും രാമചന്ദ്രന്റെ ഭാര്യ ഷീല, രാമചന്ദ്രന്റെ അന്ത്യകര്‍മങ്ങള്‍ നടക്കുമ്പോള്‍ ''പരമ പവിത്രമതാമീ മണ്ണില്‍ ഭാരതാംബയേ പൂജിക്കാന്‍'' എന്ന ഗണഗീതം ആലപിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഗണഗീതം ആലപിച്ചുകൊണ്ടാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രാമചന്ദ്രനെ യാത്രയച്ചത്.

രാമചന്ദ്രന്‍ കുട്ടിക്കാലം മുതല്‍ തന്നെ ഒരു സജീവ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആയിരുന്നുവെന്നും അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ദേശഭക്തിഗാനമാണ് അതെന്നും ഭാര്യ പറഞ്ഞു. ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ ദേശഭക്തനായിരുന്ന രാമചന്ദ്രന് അര്‍ഹിക്കുന്ന അന്ത്യാഞ്ജലി നല്‍കുന്ന നിലപാടാണ് ഏറെ ദുഖത്തിലിരിക്കുന്ന സമയത്തും ഭാര്യ സ്വീകരിച്ചതെന്ന് എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കിടെ രാമചന്ദ്രന്റെ മൃതദേഹം വീട്ടില്‍നിന്ന് പുറത്തേക്കെടുത്തപ്പോള്‍ വര്‍ഗീയതയ്ക്കും ഭീകരതയ്ക്കും എതിരായ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. കുടുംബാഗങ്ങള്‍ അടക്കം ആ മുദ്രാവാക്യം ഏറ്റുവിളിച്ചു. ഭാരത് മാതാ കീ ജയ് വിളികളും ഉയര്‍ന്നു.

രാവിലെ ഏഴുമണിമുതല്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന പൊതുദര്‍ശനത്തില്‍ വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖരടക്കം ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. പിന്നീട് പത്തരയോടെ മങ്ങാട്ടുറോഡിലെ വസതിയിലെത്തിച്ച മൃതദേഹം കാണാന്‍ നിരവധി പേര്‍ ഒഴുകിയെത്തി. ശ്മശാനത്തിലേയ്ക്കുള്ള യാത്രയ്ക്കിടയിലും വഴിയരികില്‍ നൂറുകണക്കിനുപേര്‍ രാമചന്ദ്രന് വിടനല്‍കാന്‍ കാത്തുനിന്നു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മന്ത്രിമാരായ പി. രാജീവ്, എ.കെ. ശശീന്ദ്രന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, എറണാകുളം കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, നടന്‍ ജയസൂര്യ ഉള്‍പ്പെടെ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു.

ആര്‍ എസ് എസിലൂടെ പൊതു പ്രവര്‍ത്തനം തുടങ്ങിയ രാമചന്ദ്രന്‍ മുമ്പ് ബിജെപിക്കായി ജില്ലാ കൗണ്‍സിലിലേക്ക് മത്സരിച്ചിട്ടുമുണ്ട്. ആര്‍ എസ് എസ് മുഖ്യ ശിഷക് ആയിരുന്ന രാമചന്ദ്രന്‍ തൊണ്ണൂറുകളിലാണ് ജോലി തേടി ഗള്‍ഫിലേക്ക് പോയത്. രാമചന്ദ്രനും കുടുംബവും കഴിഞ്ഞ ദിവസമാണ് ഹൈദരാബാദിലേക്കും അവിടെ നിന്ന് കശ്മീരിലേക്കും യാത്ര പോയത്. ദുബായിയില്‍ സ്ഥിരതാമസക്കാരിയായ മകള്‍ ആരതിയും കുട്ടികളും വിഷു ആഘോഷിക്കാന്‍ ഇടപ്പള്ളിയിലെ വീട്ടിലെത്തിയിരുന്നു. ഹൈദരാബാദിലെ ബന്ധുവിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു ഇവരുടെ കശ്മീര്‍ യാത്ര. ആരതിക്ക് മുന്നില്‍ വെച്ചാണ് രാമചന്ദ്രന്റെ തലയ്ക്കുനേരേ തോക്ക് ചൂണ്ടിയതും വെടിവെച്ചതും. ആരതിക്കു നേരേ തോക്കു ചൂണ്ടിയെങ്കിലും വെടിവയ്ക്കാതെ ഒഴിവാക്കുകയായിരുന്നു. ആരതിയുടെ ആറുവയസ്സായ ഇരട്ടക്കുട്ടികളും ഒപ്പമുണ്ടായിരുന്നു. തീവ്രവാദികളുടെ വെടിയേറ്റ് രാമചന്ദ്രന്‍ വീഴുമ്പോള്‍ മകളും കൊച്ചുമക്കളും അലമുറയിട്ട് കരഞ്ഞു. ഹൃദ്രോഗിയായ ഭാര്യ ഷീല ഈ സമയം കാറില്‍ ഇരിക്കുകയായിരുന്നതിനാല്‍ സംഭവമൊന്നും അറിഞ്ഞിരുന്നില്ല.

കോളേജ് പഠനത്തിനുശേഷം കാലിത്തീറ്റ ഏജന്‍സിയും വെളിച്ചെണ്ണ കച്ചവടവുമൊക്കെ നടത്തിയ രാമചന്ദ്രന്‍ അതിനുശേഷമാണ് യുഎഇയിലേക്കും പിന്നെ ഖത്തറിലേക്കും പോയത്. ഖത്തറില്‍ ലേബര്‍ ക്യാമ്പിലെ അഡ്മിനിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്ത രാമചന്ദ്രന്‍ എല്ലായിടത്തും ധാരാളം സൗഹൃദങ്ങള്‍ സൃഷ്ടിച്ചയാളായിരുന്നു. കശ്മീരില്‍ വിനോദയാത്രയ്ക്കു പോയ എന്‍. രാമചന്ദ്രന്‍, ചൊവ്വാഴ്ചയാണ് മകളുടെയും കൊച്ചുമക്കളുടെയും മുന്നില്‍വെച്ച് ഭീകരരുടെ വെടിയേറ്റു മരിച്ചത്. ആക്രമണത്തില്‍ രാമചന്ദ്രന്‍ അടക്കം 26 പേരാണ് കൊല്ലപ്പെട്ടത്.

Tags:    

Similar News