നാടുകടത്തിയാല്‍ അനാഥരാകുന്ന ഹംസയും ഖമറുന്നീസയും അസ്മയും; പഹല്‍ഗാമിലെ ക്രൂരതയ്ക്ക് പിന്നിലുള്ളവരെ പാഠംപഠിപ്പിക്കുന്നതിനൊപ്പം നിരപരാധികളെ ശിക്ഷക്കാനും പാടില്ല; സാങ്കേതികമായി പാക് പൗരന്മാരെങ്കിലും ഈ മൂന്ന് പേരും എല്ലാ അര്‍ത്ഥത്തിലും മലയാളികള്‍; രാജ്യം വിടണമെന്ന നോട്ടീസ് പിന്‍വലിച്ചത് ആശ്വാസം; വേണ്ടത് സ്ഥിരപരിഹാരം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ താമസിക്കുന്ന പാക്കിസ്ഥാന്‍ പൗരത്വമുള്ള 5 പേര്‍ക്ക് രാജ്യം വിടാന്‍ പൊലീസ് നോട്ടിസ് നല്‍കുമ്പോള്‍ നിറയുന്നത് അനിശ്ചിതത്വം. ഇതിനിടെ ഇതില്‍ 2007 മുതല്‍ കൊയിലാണ്ടിയില്‍ താമസിക്കുന്ന ഹംസയ്ക്ക് അടക്കം ഇളവ് നല്‍കുമെന്നാണ് സൂചന. പേരാമ്പ്ര, കൊയിലാണ്ടി, വടകര സ്വദേശികള്‍ക്കാണ് നോട്ടിസ് നല്‍കിയത്. ഇത് പിന്‍വലിച്ചു.
താമസ അനുമതി രേഖകളുമായി ഞായറാഴ്ച പൊലീസ് സ്റ്റേഷനില്‍ എത്താനായിരുന്നു ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നോട്ടിസിലെ നിര്‍ദേശം. ഇവരില്‍ മിക്കവരും ദീര്‍ഘകാല വീസ ഉള്ളവരാണ്. അതിനാല്‍ തന്നെ ഇവരെ ഈ നോട്ടിസ് ബാധിക്കില്ല. ഹംസയേയും വെറുതെ വിട്ടേക്കും. രണ്ടു കൊല്ലം താമസത്തിന് അനുമതിയുള്ളതു കൊണ്ടാണ് ഇത്. വിവാദത്തിനിടെയാണ് പാക് പൗരത്വമുള്ളവര്‍ ഉടന്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് കോഴക്കോട് ജില്ലയില്‍ താമസിക്കുന്നവര്‍ക്ക് നല്‍കിയ നോട്ടീസ് പോലീസ് പിന്‍വലിച്ചത്. ഉന്നതതല നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നോട്ടീസ് പിന്‍വലിച്ചത്.
സാങ്കേതികമായി പാകിസ്ഥാന്‍ പൗരനാണ് ഹംസ. ബൈപ്പാസ് ഓപ്പറേഷന് വിധേയനായി ശാരീരിക പ്രശ്‌നങ്ങള്‍ നേരിടുന്ന ഹംസ 2007മുതല്‍ കൊയിലാണ്ടിയില്‍ സ്ഥിര താമസമാണ്. കേരളത്തില്‍ ജനിച്ച ഹംസ, തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കായി പാക്കിസ്ഥാനിലേക്ക് പോയതിന് ശേഷമാണ് പാക്ക് പൗരത്വം സ്വീകരിച്ചത്. 1965ല്‍ ആണ് ഹംസ പാക്കിസ്ഥാനിലേക്ക് പോകുന്നതും കറാച്ചിയില്‍ കട നടത്തിയിരുന്ന സഹോദരനൊപ്പം ജോലി ചെയ്യുകയും അവിടെ തങ്ങുകയും ചെയ്തത്. പിന്നീട് പാക്കിസ്ഥാന്‍ ബംഗ്ലദേശ് വിഭജനത്തിന് ശേഷം പാസ്‌പോട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹംസ പാക്ക് പൗരത്വം നേടുന്നത്. പിന്നീട് 2007ല്‍ ഇന്ത്യയിലേക്ക് വന്നത് ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ്. ഇന്ത്യയില്‍ എത്തിയ ശേഷം പലതവണ പൗരത്വത്തിനായി അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചില്ല. നിലവില്‍ പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ട് പോലും ഹംസയുടെ കൈവശമില്ല.
പൗരത്വം തിരുത്താനുള്ള അപേക്ഷ നല്‍കിയിട്ട് വര്‍ഷങ്ങളായി. നാട്ടില്‍ നില്‍ക്കാനുള്ള താത്ക്കാലിക അനുമതി നീട്ടി വാങ്ങിയാണ് ഇത്രയും കാലം കഴിഞ്ഞത്. ആധാര്‍കാര്‍ഡും ഇലക്ഷന്‍ ഐ.ഡി കാര്‍ഡും എടുത്തിരുന്നു. പിന്നീടത് റദ്ദു ചെയ്തു. അതിന്റെ കേസ് നടക്കുകയാണ്. ഇടക്കാല ഉത്തരവില്‍ ഹംസയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്. രണ്ടാഴ്ച കൂടുമ്പോള്‍ പൊലീസിന് മുന്നില്‍ ഹാജരാവണം. പാസ്‌പോര്‍ട്ട് പൊലീസിന്റെ കൈയിലാണ്. പാകിസ്ഥാനില്‍ ആരുമായും ബന്ധമില്ല. ജ്യേഷ്ഠന്‍ അവിടെ മരിച്ചു. ഭാര്യ ഫാത്തിമ. നാലു മക്കളാണ്. ഒരാണും മൂന്നു പെണ്ണും. മകന്‍ ദുബായിലാണ് . കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നുള്ള നടപടി ഏത് തരത്തിലാണെന്ന് വ്യക്തതയില്ലെന്ന് ഹംസ പറഞ്ഞു. ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. നിലവില്‍ 2 വര്‍ഷം താമസിക്കാനുളള അനുമതി ലഭിച്ച രേഖകളാണ് ഹംസയുടെ കൈവശമുള്ളത്.
ഹംസയ്ക്ക് പുറമേ, വടകര വൈക്കിലിശ്ശേരിയില്‍ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. കറാച്ചിയില്‍ കച്ചവടം നടത്തിയിരുന്ന ഇവരുടെ കുടുംബം പിതാവ് മരിച്ച ശേഷം 1993-ലാണ് കേരളത്തില്‍ എത്തിയത്. കണ്ണൂരില്‍ താമസിക്കുകയായിരുന്ന ഖമറുന്നീസ 2022-ലാണ് വടകരയില്‍ എത്തിയത്. അസ്മ ചൊക്ലിയിലാണ് താമസം. 2024-ല്‍ വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് ഇരുവരും പറയുന്നത്. ഇവരേയും നാടുകടത്തില്ല. നേരത്തെ കണ്ണൂരില്‍ താമസിച്ചിരുന്ന ഖമറുന്നീസ പിന്നീട് 2022ല്‍ വടകര ചൊക്ലിയിലെത്തി.
2024ല്‍ വിസയുടെ കാലാവധി കഴിഞ്ഞു. പിന്നീട് കേന്ദ്രസര്‍ക്കാര്‍ പുതുക്കി നല്‍കിയില്ല. ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയെങ്കിലും അപേക്ഷ ലഭിച്ചു എന്ന മറുപടി മാത്രമാണ് ലഭിച്ചത്. കശ്മീരിലെ പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്താന്‍ പൗരന്‍മാരുടെ വിസ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ രാജ്യം വിടാനുള്ള നിര്‍ദ്ദേശം പോലീസ് നല്‍കി. പാക്കിസ്ഥാനില്‍ ഇവര്‍ക്ക് ബന്ധുക്കളോ പരിചയക്കാരോ ഇല്ല എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഇവരെ കേരളത്തില്‍ തുടരാന്‍ അനുവദിക്കുന്ന തരത്തിലെ സ്ഥിര സംവിധാനം അനിവാര്യതയാണ്. മൂന്ന് പേര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുകയാണ് വേണ്ടതെന്നാണ് ഉയരുന്ന ആവശ്യം.
കൊയിലാണ്ടി, ഹംസ