കെ എം എബ്രഹാമിന് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി; നടപടി, മുന്‍കാല കോടതി വിധിയിലെ ഉത്തരവ് പരിഗണിച്ച്
കെ എം എബ്രഹാമിന് ആശ്വാസം
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരായ സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി. കെ എം എബ്രഹാം സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. മുന്‍കാല സുപ്രീം കോടതി വിധിയിലെ ഉത്തരവ് പരിഗണിച്ചാണ് നടപടി. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട കേരള ഹൈക്കോടതി ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നും സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തടസഹര്‍ജി സമര്‍പ്പിച്ചിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നായിരുന്നു ആവശ്യം
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന് തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് പിന്നിലെന്നും എബ്രഹാം ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അഴിമതി നിരോധനനിയമ പ്രകാരം പൊതുസേവകന്റെ പേരില്‍ അന്വേഷണം നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. അതില്ലാതെയുള്ള സിബിഐ അന്വേഷണം നിയമവിരുദ്ധമാണ്. മുംബൈയിലെയും തിരുവനന്തപുരത്തെയും ഫ്ളാറ്റുകള്‍ വായ്പയെടുത്തു വാങ്ങിയതും കൊല്ലത്തെ സ്ഥലം കുടുംബസ്വത്തായി കിട്ടിയതാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു
സിബിഐ എഫ്‌ഐആറിന്റെ പകര്‍പ്പ് നേരത്തെ പുറത്ത് വന്നിരുന്നു. കെ.എം എബ്രഹാം തിരുവനന്തപുരത്തും മുംബൈയിലും ഫ്‌ലാറ്റ് വാങ്ങിയതില്‍ അന്വേഷണം നടത്തുമെന്ന് എഫ്‌ഐആറില്‍ പറയുന്നു. കെ.എം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയില്‍ ഇക്കഴിഞ്ഞ 25 ാം തീയതി സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ പകര്‍പ്പാണ് പുറത്തുവന്നത്. 2003 ജനുവരി ഒന്നു മുതല്‍ 2015 ഡിസംബര്‍ 31 വരെയുള്ള 12 വര്‍ഷക്കാലത്തെ കെ.എം എബ്രഹാമിന്റെ സാമ്പത്തിക ഇടപാടുകളാണ് ആരോപണ വിധേയമായത്.
തിരുവനന്തപുരത്ത് ഒരു കോടി രൂപയുടെ ഫ്‌ലാറ്റ് വാങ്ങിയത്, മുംബൈയിലെ മൂന്ന് കോടി രൂപയുടെ ഫ്‌ലാറ്റ്. കൊല്ലം കടപ്പാക്കടയിലെ 8 കോടി രൂപയുടെ ഷോപ്പിംഗ് കോംപ്ലക്‌സ് ഇടപാട് ഇത് അടക്കമുള്ള കാര്യങ്ങളാണ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു കേന്ദ്ര ഏജന്‍സി അന്വേഷണം ഏറ്റെടുത്തത്.
ആരോപണ വിധേയനെ സംരക്ഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ വിജിലന്‍സിന്റെ വീഴ്ച അടക്കം സിബിഐ എഫ്‌ഐആറിലുണ്ട്. അഴിമതി നിരോധന നിയമപ്രകാരമാണ് സിബിഐ എഫ്‌ഐആര്‍. കെഎം എബ്രഹാമിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആയിരുന്നു കോടതിയെ സമീപിച്ചത്.
നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമാണ് എബ്രഹാം. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കെ.എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തത്. 2016 ലാണ് ജോമോന്‍ പുത്തന്‍പുരക്കല്‍ കെ.എം എബ്രഹാമിന് എതിരായി വിജിലന്‍സിനെ സമീപിച്ചത്.